ADVERTISEMENT

ഗാന്ധിജിയുടെ ആ തീരുമാനം പെ‌ട്ടെന്നായിരുന്നു. ഒന്നും രണ്ടുമല്ല, 21 ദിവസത്തെ നിരാഹാരവ്രതം. അതും ആരോഗ്യം അത്ര നല്ലതല്ലാത്ത വേളയിൽ. ലക്നൗവിൽ ഉൾപ്പെടെ പൊട്ടിപ്പടർന്ന സാമുദായിക സംഘർഷങ്ങളിൽ ദുഃഖിച്ച്, ജന്മദിനത്തിനു വെറും രണ്ടാഴ്ച മുൻപ്  മഹാത്മാഗാന്ധി ആരംഭിച്ച ഉഗ്രമായ ഉപവാസ തപസ്സ് ഇന്ത്യയുടെ മുഴുവൻ ശ്രദ്ധ കവർന്നു. അതിന്റെ ആർദ്രമായ അലയൊലികൾ കേരളത്തിൽ പ്രാർഥനയായി പെയ്തിറങ്ങി. അങ്ങു ദൂരെ ഡൽഹിയിൽ നിരാഹാരവ്രതമനുഷ്ഠിക്കുന്ന സത്യഗ്രഹത്തിന്റെ മഹാത്മാവിനു വേണ്ടി വൈക്കം സത്യഗ്രഹവേദിയിലെ പ്രാർഥന നയിച്ചത് കേരളത്തിന്റെ യുഗപുരുഷൻ ശ്രീനാരായണഗുരു. ചരിത്രത്തെ അത്യഗാധമാക്കിയ അനുപമമായ ധ്യാനം. 

1924 സെപ്റ്റംബർ 17നു തുടങ്ങി ഒക്ടോബർ 7ന് അവസാനിക്കും വിധം 21 ദിവസത്തെ ഉപവാസത്തിനാണ് ഗാന്ധിജി തീരുമാനമെടുത്തത്. അസുഖബാധിതനായ ഗാന്ധിജി ആഹാരം കൂടി ഉപേക്ഷിച്ചാലുണ്ടാകുന്ന അപകടം അനുയായികൾ പറഞ്ഞെങ്കിലും അദ്ദേഹം പിന്മാറിയില്ല.  ‘എനിക്കു തടയാൻ കഴിയാത്ത ഒരു സംഗതിയെപ്പറ്റി ദുസ്സഹദുഃഖം ഉണ്ടാകുമ്പോൾ ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യണമെന്ന് എന്റെ മതം എന്നെ പഠിപ്പിക്കുന്നു’ എന്നായിരുന്നു ഗാന്ധിജിയുടെ പ്രധാന ന്യായം. അതിനിടെ, 21 ദിവസത്തെ  ഉപവാസം അവസാനിച്ചാലുടൻ വൈക്കം സത്യഗ്രഹപ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന ഗാന്ധിപ്രഖ്യാപനം കേരളം ശുഭവാർത്തയായി കണ്ടു. വൈക്കത്തെ സത്യഗ്രഹവേദി ഉണർന്നു. 

വൈക്കത്തെ ഗുരുധ്യാനം

'നാം പങ്കെടുക്കാനല്ല, പ്രധാനമായും പ്രാർഥിക്കാനാണ് തുടങ്ങുന്നത്'. വൈക്കത്തെ സത്യഗ്രഹസമരത്തിന്റെ വേദിയിൽ ശ്രീനാരായണഗുരു കണ്ണടച്ചു ധ്യാനത്തിൽ മുഴുകി. മഹാത്മജിക്ക് ദീർഘായുസ്സുണ്ടാകട്ടെ. വൈക്കം സത്യഗ്രഹവേദിയായി മാറിക്കഴിഞ്ഞിരുന്ന ഗുരുവിന്റെ വൈക്കത്തെ വെല്ലൂർമഠം ആശ്രമത്തിൽ 1924 സെപ്റ്റംബർ 28 ഞായറാഴ്ചയായിരുന്നു ഗാന്ധിജിയുടെ ആരോഗ്യത്തിനായി പൊതുപ്രാർഥന. യോഗത്തിന്റെ അധ്യക്ഷനായെത്തിയ ശ്രീനാരായണഗുരുവും ഈ പ്രാർഥനയിൽ പങ്കെടുക്കുമെന്ന് വേദിയിൽ അറിയിപ്പുണ്ടായപ്പോൾ പങ്കെടുക്കലിൽ ഉപരിയായുള്ള പ്രാർഥനയുടെ പൊരുളരുളി ഗുരു. 

അഞ്ഞൂറിലേറെപ്പേർ പങ്കെടുത്ത ആ പ്രാർഥനായോഗത്തെപ്പറ്റി ഗുരുദേവശിഷ്യനും സന്തതസഹചാരിയും ജീവചരിത്രകാരനുമായ കോട്ടുക്കോയിക്കൽ വേലായുധൻ ‘ശ്രീനാരായണഗുരു’ എന്ന ജീവചരിത്രത്തിൽ വിവരിച്ചിട്ടുണ്ട്: ‘അടുത്ത ദിവസം മഹാത്മാഗാന്ധിയുടെ ദീർഘായുസ്സിനായി പ്രാർഥിക്കാൻ ഒരു മഹായോഗം സ്വാമിതൃപ്പാദങ്ങളുടെ അധ്യക്ഷതയിൽ സത്യഗ്രഹാശ്രമത്തിൽ കൂടുകയുണ്ടായി. അവിടെ നടന്ന പൊതുപ്രാർഥനയിൽ സ്വാമികളും പങ്കുകൊണ്ടു. നമുക്കു ധ്യാനിക്കാൻ ശക്തിയില്ലെങ്കിലും കഴിയുന്ന വിധത്തിൽ മഹാത്മജിയുടെ ക്ഷേമത്തിനായി പ്രാർഥിക്കാം എന്നു സ്വാമികൾ പറ‍ഞ്ഞു. രണ്ടു മിനിറ്റുനേരം സ്വാമികൾ പ്രാർഥിച്ചു. പരസ്യമായ സ്ഥലത്തുവച്ച് ആൾക്കൂട്ടത്തിനിടയിൽനിന്ന് ഇപ്രകാരം മുൻപൊരിക്കലും അവിടുന്നു പ്രാർഥിച്ചിട്ടില്ല.’

1924 മാർച്ച് 30 ന് തുടങ്ങിയ സത്യഗ്രഹം ആറു മാസം പിന്നിടുമ്പോഴാണ് അനുഗ്രഹാശിസ്സുകളുമായി ഗുരു എത്തിയത്. 1924 സെപ്റ്റംബർ 27 ന് വൈക്കത്ത് എത്തിയ ഗുരു സെപ്റ്റംബർ 29ന് മടങ്ങി. ഗാന്ധിജിക്കായി ഗുരു തുടങ്ങിവച്ച ധ്യാനം സത്യഗ്രഹ ആശ്രമത്തിലെ പതിവായി മാറി. എല്ലാ ദിവസവും ഭജനയ്ക്കുശേഷം സത്യഗ്രഹികൾ ഗാന്ധിജിക്കായി ധ്യാനിച്ചു.

ആലപ്പുഴയിൽനിന്ന് കമ്പിസന്ദേശം

മഹാത്മാവ് ഈ നിരാഹാരവ്രതം അതിജീവിക്കുക തന്നെ െചയ്യുമെന്ന വിശ്വാസം വേരോടിയെങ്കിലും മലയാളികളെല്ലാം ഗാന്ധിജിയുടെ ആരോഗ്യത്തെപ്പറ്റി ആശങ്കാകുലരായിരുന്നു. മഹാത്മജി രാജ്യവാസികളുടെ അമൂല്യനിക്ഷേപമാണെന്നു ചൂണ്ടിക്കാട്ടിയും അദ്ദേഹം ഉടൻതന്നെ ഭക്ഷണം കഴിക്കണമെന്ന് അപേക്ഷിച്ചും ആലപ്പുഴയിലെ ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യൻ പ്രതിനിധികൾ ഡൽഹിയിലേക്ക് കമ്പിസന്ദേശം അയച്ചു. കേരളത്തിലെ മതസൗഹാർദത്തിന്റെ ഉദാഹരണങ്ങൾ എടുത്തുപറഞ്ഞ്, ഉത്തരേന്ത്യയിലും ശാശ്വതമായ ഹിന്ദു–മുസ്‌ലിം മൈത്രി സ്ഥാപിക്കപ്പെടണമെന്നാണ് 1924 സെപ്റ്റംബർ 22ന് അയച്ച സന്ദേശത്തിൽ അവർ ആവശ്യപ്പെ‌‌ട്ടത്. 

മഹാത്മജിക്ക്  ജന്മദിന സമ്മാനം 

‌‌1924 ഒക്ടോബർ രണ്ടിലെ ഗാന്ധി ജന്മദിനാഘോഷം അപൂർവതകളുടേതായിരുന്നു. നൂൽനൂറ്റും മതമൈത്രിക്ക് ശപഥമെടുത്തും പ്രാർഥനയോടെ കൊണ്ടാടിയ ഒരുപക്ഷേ കേരളത്തിലെ ആദ്യത്തെ ‘ഗാന്ധിജയന്തി’.  ‘അടുത്ത ഒക്ടോബർ 2 ന് (കന്നി 17) ആണ് മഹാത്മജിയുടെ 57–ാം ജന്മനാൾ. നമ്മുടെ ക്ഷേമത്തിനുവേണ്ടി തപം ചെയ്യുന്ന മഹാത്മജിയെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ ജന്മർക്ഷം എത്രയും പ്രധാനപ്പെട്ടതായി കരുതേണ്ടതാണ്. അന്നേ ദിവസം കഴിവുള്ളവരൊക്കെ അദ്ദേഹത്തിനു കൈ കൊണ്ടു നൂൽത്ത നൂൽ സംഭാവനയായി അയയ്ക്കാൻ ശ്രമിക്കുന്നതു കൂടാതെ അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനു വേണ്ടി യോഗം ചേർന്നു പ്രാർഥനകൾ നടത്തുകയും ഭജനസംഘങ്ങളിറങ്ങി സത്യഗ്രഹഫണ്ടിലേക്ക് ധനശേഖരം ചെയ്യുകയും വേണം’– വൈക്കം സത്യഗ്രഹാശ്രമ മാനേജർ പ്രസ്താവനയിലൂടെ അഭ്യർഥിച്ചു. 

ഒക്ടോബർ 2ന് പറ്റുന്നിടത്തെല്ലാം യോഗം കൂടി മതമൈത്രീശപഥമെടുത്ത് ആ വിവരം കമ്പി സന്ദേശമായി അയയ്ക്കാനും തീരുമാനിച്ചു. കമ്പിസന്ദേശത്തിൽ ഗാന്ധിജിയോട് ഒരഭ്യർഥനയും : നിരാഹാരവ്രതം അവസാനിപ്പിക്കണം. ഉപവാസം തുടങ്ങി പതിനഞ്ചാം ദിവസമായിരുന്നു ജന്മദിനം. ക്ഷീണം അധികമില്ലാതെ ഗാന്ധിജി പ്രസന്നവദനനായി തുടരുന്നെന്ന റിപ്പോർട്ടുകൾ എല്ലാവർക്കും ആശ്വാസമായി. മഹാത്മജിയുടെ ജന്മദിനം പ്രമാണിച്ചു വൈക്കത്തെ സത്യഗ്രഹ ആശ്രമത്തിൽ ഏകദേശം രണ്ടായിരത്തിൽപരം സാധുക്കൾക്ക് അരിയും 150 പേർക്ക് വസ്ത്രവും വിതരണം ചെയ്തു. ഇതിനുളള ചെലവുവഹിച്ചതാകട്ടെ ഗാന്ധിജിയുടെ നാട്ടുകാരായ രണ്ടുപേരും. മലബാർ റിലീഫ് ജോലികൾക്കായി ഗുജറാത്തിൽനിന്നെത്തിയ ദേവീദാസ് ഹർഗോന്ദാസ്ഷായും സുഹൃത്തും വൈക്കത്തു വന്നപ്പോൾ ഗാന്ധിജന്മദിനാഘോഷ വിവരം അറിഞ്ഞ് അരി,വസ്ത്ര വിതരണത്തിനുള്ള തുക സംഭാവന നൽകാൻ മുന്നോട്ടുവരികയായിരുന്നു. ഇതിനു പുറമേ ആശ്രമത്തിൽ ഒരു നൂൽനൂൽപ് മത്സരവും നടന്നു. ഗാന്ധിജിയുടെ ജന്മദിനാഘോഷം ഇത്ര വിപുലമായി ഇതിനു മുൻപ് കേരളത്തിൽ നടന്നിട്ടുണ്ടാകാൻ സാധ്യതയില്ല.

English Summary:

Sunday Special: Mahatma Gandhi and the Vaikom Satyagraha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com