ADVERTISEMENT

‘ഇതാ ഞങ്ങൾ എവറസ്റ്റിന്റെ നെറുകയിൽ കാൽ കുത്തിയിരിക്കുന്നു’ എന്നു ജോർജ് ഹെർബർട്ട് ലീ മലോറിയും ആൻഡ്രു ഇർവിനും ലോകത്തോടു വിളിച്ചു പറഞ്ഞോ എന്നത് ഇന്നും പൂരിപ്പിക്കാത്ത സമസ്യയാണ്. 1924 ജൂൺ 8നായിരുന്നു ഇരുവരും മഞ്ഞുമൂടിയ മലനിരയിൽ ദുരൂഹമായി മറഞ്ഞത്. എവറസ്റ്റ് കീഴടക്കാനെത്തിയ ആദ്യ ബ്രിട്ടിഷ് സംഘത്തിലെ പ്രധാന അംഗമായിരുന്നു ജോർജ് മലോറി. 1921ലും 1922ലും ഇവർ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. പിന്നീട് എല്ലാ തയാറെടുപ്പുകളുമായാണ് സംഘം 1924ൽ വീണ്ടും എവറസ്റ്റിലേക്കു വന്നത്. 

മറഞ്ഞു, ഒരു മേഘപാളിയിൽ 

1924ൽ മലോറിയുടെ മൂന്നാം ശ്രമത്തിൽ സുഹൃത്തായ ആൻഡ്രു ഇർവിനും ഒപ്പമുണ്ടായിരുന്നു. ഏപ്രിൽ 29നാണ് ഇവരുടെ സംഘം ബേസ് ക്യാംപിൽ നിന്നുള്ള യാത്ര തുടങ്ങിയത്. എവറസ്‌റ്റിലേക്കുള്ള അവസാന പർവതനിരയിലൂടെ അതിവേഗം മുന്നേറുന്നതിനിടയിലാണ് ഇരുവരും അപ്രത്യക്ഷരായത്. ഒപ്പമുണ്ടായിരുന്ന നോൽ ഒഡേൽ ഇങ്ങനെ കുറിച്ചു: ‘മലോറിയും ഇർവിനും ഉത്സാഹത്തോടെ കയറുകയാണ്. മലോറിയെ കറുത്ത പൊട്ടുപോലെ കാണാം. മറ്റൊരു കറുത്ത പൊട്ടും (ഇർവിൻ) വ്യക്‌തമാണ്. മുന്നോട്ടു നീങ്ങുന്നു. ആദ്യ പൊട്ട് ഒരു പാറ കയറി മുകളിലെത്തി; രണ്ടാമനും പിന്തുടർന്നു. അതിമനോഹരമായ ഈ കാഴ്‌ചയെ മറച്ച് അതാ, മേഘപ്രവാഹം. ജസ്‌റ്റ് വാനിഷ്‌ഡ് ഇൻടു തിൻ എയർ’. 

എവറസ്റ്റ് കൊടുമുടി
എവറസ്റ്റ് കൊടുമുടി

എവറസ്റ്റിന്റെ വടക്കു കിഴക്കൻ മേഖലയിൽ, ജൂൺ 8നാണ് ഇരുവരെയും അവസാനമായി ജീവനോടെ കാണുന്നത്. ജൂൺ 9നാണ് ദുരൂഹത ബാക്കി വച്ച് ഇരുവരും അപ്രത്യക്ഷരായതെന്നും വിശ്വസിക്കുന്നവരുണ്ട്. ഇരുവരെയും കാണാതായെങ്കിലും ഇവരിൽ ആരോ ഒരാൾ എവറസ്റ്റ് കീഴടക്കിയിരുന്നു എന്നും കരുതപ്പെടുന്നു. എവറസ്റ്റിന്റെ നെറുകയിൽ മനുഷ്യന്റെ കാൽപാദം അന്ന് ആദ്യമായി പതിഞ്ഞു എന്ന് ഒരു കൂട്ടർ വിശ്വസിക്കുമ്പോൾ ചരിത്രത്തിലേക്കു കാൽ വയ്ക്കുന്നതിനു തൊട്ടുമുൻപാണ് ഇരുവരും മറഞ്ഞതെന്നു കരുതുന്നവരും ഏറെയാണ്.

മരണത്തിനു കീഴടങ്ങിയതിലെ ദുരൂഹതകൾ പോലെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയുടെ നെറുകയിൽ തൊട്ടോ എന്ന കാര്യത്തിലും വിവാദങ്ങൾ ബാക്കിവച്ചാണ് ഇരുവരും യാത്രയായത്. എവറസ്റ്റിലേക്കുള്ള യാത്രയിലാണോ കീഴടക്കി മടങ്ങുമ്പോഴാണോ ഇരുവരും മരിച്ചതെന്ന തർക്കം ഇപ്പോഴും ബാക്കി. അന്നത്തെ കാലാവസ്‌ഥാ വിവരങ്ങൾ 1926 ൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ശാസ്‌ത്രീയ വിശകലനങ്ങളൊന്നും ഉരുത്തിരിഞ്ഞില്ല. കനത്ത മഞ്ഞുകാറ്റും അതുമൂലമുണ്ടായ വായുസമ്മർദ വ്യത്യാസവും ഓക്‌സിജന്റെ കുറവും അവരുടെ മരണത്തിൽ കലാശിച്ചിരിക്കാം എന്നാണു ശാസ്‌ത്രജ്‌ഞരുടെ നിഗമനം. 

മലോറിയെ കണ്ടെത്തുന്നു 

എവറസ്റ്റിൽ കാണാതായ മലോറിയേയും ഇർവിനെയും കുറിച്ച് ഏറെക്കാലം വിവരമൊന്നുമില്ലായിരുന്നു. ഗവേഷകർ പല സംഘങ്ങളായി അന്വേഷിച്ചെങ്കിലും നിഗൂഢത മാത്രമായിരുന്നു ബാക്കിയായത്. 1999ൽ മലോറി ആൻഡ് ഇർവിൻ റിസർച് എക്‌സ്‌പഡിഷൻ എന്നൊരു പ്രോജക്‌ട് തന്നെയുണ്ടായി. കാണാതായി 75 വർഷങ്ങൾക്കുശേഷം 1999 മേയ് 1ന് മലോറിയുടെ മൃതദേഹം എവറസ്‌റ്റ് കൊടുമുടിയുടെ ഏറ്റവും മുകളിൽനിന്ന് ഏതാണ്ട് 900 അടി താഴെ കണ്ടെത്തി. വാങ് ഹോങ് ബാവോ എന്ന ചൈനീസ് പർവതാരോഹകൻ 1975ൽ നൽകിയ സൂചന ആധാരമാക്കിയാണ് മലോറി ആൻഡ് ഇർവിൻ റിസർച് എക്‌സ്‌പഡിഷന്റെ സംഘം മലോറിയുടെ ശരീരം കണ്ടെത്തിയത്. 

ആദ്യമെത്തിയത് ആര് 

1953 മേയ് 29 പകൽ പതിനൊന്നരയ്ക്കു ന്യൂസിലൻഡുകാരനായ എഡ്മണ്ട് ഹിലരിയും നേപ്പാളിൽനിന്നുള്ള ടെൻസിങ് നോർഗേയുമാണ് എവറസ്റ്റ് കീഴടക്കിയ ആദ്യ മനുഷ്യർ എന്നതാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. അതിൽത്തന്നെ എവറസ്റ്റിന്റെ നെറുകയിൽ ആദ്യമെത്തിയത് ഹിലരിയാണ്. എന്നാൽ എവറസ്റ്റ് കീഴടക്കി തിരികെ മടങ്ങുമ്പോഴാണ് മലോറിയും ഇർവിനും അപ്രത്യക്ഷരായത് എന്നു വിശ്വസിക്കുന്നവരുണ്ട്. കൊടുമുടിയുടെ വടക്കൻ ചെരുവിലെ കുത്തനെയുള്ള സെക്കൻഡ് സ്‌റ്റെപ് എന്ന കയറ്റം കയറുന്നതിനിടെ 28280 അടി ഉയരത്തിലാണ് സംഘാംഗമായ നോൽ ഒഡേൽ ഇവരെ അവസാനം കണ്ടത്.

കൊടുമുടി കീഴടക്കി തിരിച്ചിറങ്ങുമ്പോഴായിരുന്നു ഹിമപാതത്തിൽപ്പെട്ടു മരണമെന്നാണു ബ്രിട്ടിഷ് പർവതാരോഹകനും രണ്ടു തവണ എവറസ്റ്റ് കീഴടക്കിയ ഗവേഷകനുമായ ഗ്രഹാം ഹോയ്‌ലൻഡ് വർഷങ്ങൾ നീണ്ട ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത്. മലോറിയുടെ കൈവശമുണ്ടായിരുന്ന ക്യാമറ ഇന്നും കണ്ടെത്തിയിട്ടില്ല. ‘മലോറിയും ഇർവിനും ആവാം എവറസ്റ്റ് കീഴടക്കിയ ആദ്യ മനുഷ്യർ, പക്ഷേ തെളിവ് എവിടെ?’ ഇതായിരുന്നു എഡ്മണ്ട് ഹിലരിയുടെ എക്കാലത്തെയും വാദം. എവറസ്റ്റ് നേട്ടം മലോറി– ഇർവിൻ സഖ്യത്തിനൊപ്പം പങ്കിടാൻ താൻ തയാറാണെന്നും അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. 

അവസാനം കണ്ട ‘മലയാളി’ ഡോക്ടർ 

മലോറിയെ അവസാനം കണ്ടവരിലൊരാൾ കേരളമടക്കം ദക്ഷിണേന്ത്യയിൽ 40 വർഷം മിഷനറി സർജനായി പ്രവർത്തിച്ച സാഹസിക താരം കൂടിയായ ഡോ. തിയോഡർ സോമർവെൽ ആണ്. മരണത്തിന് തൊട്ടുമുൻപ് മല കയറുകയായിരുന്ന മലോറിക്കു മല ഇറങ്ങിവന്ന സോമർവെൽ ഒരു സമ്മാനവും നൽകി: കൊഡാക് കമ്പനിയുടെ ക്യാമറ. മലോറിയുടെ മൃതദേഹവും മറ്റു വസ്തുക്കളും കണ്ടെത്തിയെങ്കിലും ഈ ക്യാമറ മാത്രം ഇനിയും കണ്ടെത്തിയിട്ടില്ല. ഇർവിന്റെ കൈവശമായിരിക്കാം ഈ ക്യാമറ എന്നാണ് കരുതുന്നത്. 

ഇംഗ്ലിഷുകാരനായ ഈ ഡോക്ടർ ഒന്നാം ലോക യുദ്ധത്തിൽ പങ്കെടുത്തശേഷം ഏറെക്കാലം കേരളത്തിൽ ജോലി െചയ്തു. കന്യാകുമാരിയിലെ നെയ്യുരിൽ ജോലി ചെയ്യുമ്പോൾ ആഴ്‌ചയിലൊരിക്കൽ കുണ്ടറ (കൊല്ലം ജില്ല) എൽഎംഎസ് ആശുപത്രിയിലും എത്തിയിരുന്നു. ജനകീയനായ ഈ ഡോക്‌ടർ താൻ നടത്തുന്ന ശസ്‌ത്രക്രിയകൾ നാട്ടുകാരെ കാണിക്കുവാനായി കുണ്ടറ ആശുപത്രിയിൽ ഒരു ജനലിലൂടെ അനുവാദം നൽകിയിരുന്നു. രണ്ടു തവണ എവറസ്റ്റ് കീഴടക്കാൻ ശ്രമിച്ചെങ്കിലും സോമർവെല്ലിന് അത് സാധിച്ചില്ല. സോമർവെല്ലിന്റെ അനന്തരവൻ ഹോയ്‍ലൻഡ് ആകട്ടെ 1993ൽ ആ ദൗത്യം പൂർത്തിയാക്കി. മലോറിയുടെ മൃതദേഹം കണ്ടെത്തിയ സംഭവങ്ങൾ വിവരിക്കുന്ന ഹോയ്‍ലൻഡിന്റെ ‘ലാസ്റ്റ് അവേഴ്സ് ഓൺ എവറസ്റ്റ്’ എന്ന പുസ്തകം ഏറെ പ്രശസ്തമാണ്. മലോറിയുടെ കൊച്ചുമകൻ ജോർജ് മലോറിയും 1995 മേയ് 14ന് എവറസ്റ്റ് കീഴടക്കി കുടുംബത്തിന്റെ പെരുമ ഉയർത്തി. 

പ്രതീക്ഷയേകുമോ ആ ക്യാമറ? 

1999ൽ മലോറിയുടെ മൃതദേഹം കണ്ടെടുത്തെങ്കിലും മരണകാരണത്തെക്കുറിച്ചോ എവറസ്റ്റ് കീഴടക്കിയതിനോ ശാസ്ത്രീയ തെളിവുകളില്ല. ഉത്തരം പറയേണ്ടത് ആൻഡ്രു ഇർവിന്റെ ശരീരവും പിന്നെ മഞ്ഞിൽ ആണ്ടുപോയ ആ ക്യാമറയുമാണ്. മഞ്ഞു പൊതിഞ്ഞ എവറസ്‌റ്റിനെയും അത് ഒളിപ്പിച്ചു വച്ചിരിക്കുന്ന സാഹസികതയെയും പോലെ ഇപ്പോഴും ദുരൂഹമായി കഥ തുടരുന്നു.

English Summary:

Everest accident 1924 remains mystery till date

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com