കാറ്റു കൊണ്ടുവന്ന കവിതകൾ
Mail This Article
അഷ്ടമുടിക്കായലിന്റെ എട്ടു മുടികളിൽ ഒന്നാകാം തിരുനല്ലൂർ തീർത്ത പ്രണയത്തുരുത്ത്. കായലിന്റെ ഉൾത്തടങ്ങളിൽ പ്രണയത്തിന്റെ നീറ്റലുകൾ പിറവിയെടുക്കുന്നതു കവി അറിഞ്ഞു. വിരൽത്തുമ്പിലെ വിങ്ങലായി അത് അക്ഷരങ്ങളിൽ പുനർജന്മമെടുത്തു. മലയാളികൾ അതു പഠിച്ചു പാടി. ജീവിതവും അതിജീവനവും പ്രണയവും വിതുമ്പലും വിലാപവും വിപ്ലവവുമൊക്കെ വരികളിൽ മുഴക്കിയ അന്തരിച്ച കവി തിരുനല്ലൂർ കരുണാകരന്റെ ജന്മശതാബ്ദി ദിനമാണ് ഒക്ടോബർ 8.
‘താമരയുടെ കുരുന്നിലയിൽ ഇറ്റു വീണ ആകാശ നീലിമയുടെ ഒരു തുള്ളി’ എന്ന് അഷ്ടമുടിക്കായലിനു പേരിട്ട തിരുനല്ലൂർ, കായലിൽ നിന്നു കണ്ടെടുത്ത ‘റാണി’ എന്ന ഒറ്റക്കവിതയിലൂടെ മലയാള സാഹിത്യ ചരിത്രത്തിൽ ഇടം ഉറപ്പിച്ചു. ഒത്തിരിയൊത്തിരി എഴുതാതെ, എഴുതുന്നതെല്ലാം അപൂർവ മുത്തുകളാക്കി. ചങ്ങമ്പുഴയുടെ ‘രമണനു’ ശേഷം മലയാളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട, ചൊല്ലപ്പെട്ട ഗ്രാമീണ പ്രേമ കാവ്യമായി ‘റാണി’ മാറിയതും അങ്ങനെയാണ്. അഷ്ടമുടിക്കായലും കായലോരത്തെ റാണിയും കായൽപ്പരപ്പിലെ വള്ളക്കാരൻ നാണുവും കണ്ണുനീരിന്റെ ഉദാഹരണങ്ങളാണെന്നു ആ കവിത നമ്മെ പഠിപ്പിച്ചു.
ഒരിക്കൽ നാണുവിനോടു റാണി പ്രണയാഭ്യർഥന നടത്തി:
‘പൂത്ത പൂവൊക്കെയും വാടും കരളുമായ് കാത്തിരിക്കാനിനി വയ്യാ എപ്പോഴുമെപ്പോഴും നാമ്പിടുമാശകളെത്രനാളിങ്ങനെ നുള്ളാം !’
കായൽക്കാറ്റിൽ ആടിയുലയുന്ന വള്ളമൂന്നി നിൽക്കുന്നതിനേക്കാൾ പ്രയാസമാണു ജീവിക്കാനെന്നു പഠിച്ച നാണു മറുപടി പറഞ്ഞു:
‘സ്വന്തമായിത്തിരി മണ്ണു വാങ്ങി, ച്ചതിൽ കൊച്ചൊരു കൂരയും കെട്ടി മാനമായി നിന്നെ ഞാൻ കൊണ്ടു പോവില്ലയോ താലിയും മാലയും കെട്ടി ! ’
കുമാരനാശാന്റെ പ്രണയ സങ്കൽപത്തിന്റെ നേരവകാശിയെന്നു തിരുനല്ലൂരിനെ നിരൂപകരിൽ ചിലർ വിശേഷിപ്പിച്ചത് ഇത്തരം ചമൽക്കാരങ്ങൾ കണ്ടാകാം. കായലിന്റെ സംഗീതവും കയർ റാട്ടുകളുടെ താളവും അവിടുത്തെ ജീവിതവുമെല്ലാം കവിയുടെ ജീവനായി തുടിച്ചു. വീട്ടുമുറ്റത്തിരുന്ന് ഓരോ തവണ കായലിലേക്കു നോക്കുമ്പോഴും തിരുനല്ലൂർ ഓരോ കവിതകൾ കണ്ടെടുത്തു. ‘ കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ, ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...’ എന്ന ഗാനം 1957 ൽ ‘അച്ഛനും മകനും’ എന്ന സിനിമയിലെ പാട്ടായി. അര നൂറ്റാണ്ടോളം കഴിഞ്ഞു 2001 ൽ ‘ കാറ്റു വന്നു വിളിച്ചപ്പോൾ’ എന്ന സിനിമയിലും അതേ പാട്ടു മറ്റൊരീണത്തിൽ കേട്ടു. കാലഗണനയ്ക്കപ്പുറം വരികളിൽ മധുരം കിനിഞ്ഞുവെന്നർഥം.
കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലോരത്ത് പെരിനാട് എന്ന ഗ്രാമത്തിൽ 1924 ഒക്ടോബർ 8 നു ജനിച്ച തിരുനല്ലൂർ കവിയെന്ന നിലയിലാണ് പേരെടുത്തതെങ്കിലും ചിന്തകൻ, അധ്യാപകൻ, ഭാഷാ ഗവേഷകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം മലയാള സാഹിത്യവുമായി ഇഴുകിച്ചേർന്നു നിന്നു. ചരിത്രത്തിൽ കൊല്ലം എസ്എൻ കോളജിൽ നിന്നു സ്വർണ മെഡലോടെ ബിരുദം നേടിയ കവി, അതേ കോളജിൽ ട്യൂട്ടറായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു ഒന്നാം റാങ്കോടെ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയതോടെ ഗവ. ആർട്സ് കോളജിൽ അധ്യാപകനായി. പിന്നീട് യൂണിവേഴ്സിറ്റി കോളജിലും. 1975 ൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗമായ അദ്ദേഹം 1981 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു. 1989 മുതൽ 94 വരെ ജനയുഗം വാരികയുടെ മുഖ്യ പത്രാധിപരായി. കേരള സാഹിത്യ അക്കാദമി, കലാമണ്ഡലം എന്നിവയുടെ ജനറൽ കൗൺസിൽ, കേരള സർവകലാശാല സെനറ്റ് എന്നിവയിൽ അംഗമായിരുന്നു. 2006 ജൂലൈ 5 ന് 81–ാം വയസ്സിൽ അന്തരിച്ചു.
ഹൈസ്കൂൾ ക്ലാസ് മുതൽ എഴുതിത്തുടങ്ങിയ തിരുനല്ലൂരിന്റെ ശക്തിയും സൗന്ദര്യവും നിറയുന്ന ഓരോ കവിതയും മലയാള കാവ്യ മണ്ഡലത്തിൽ പരക്കെ ചർച്ച ചെയ്യപ്പെട്ടപ്പോഴും‘ എന്റെ ഏറ്റവും നല്ല കവിത എനിക്ക് ഇനിയും എഴുതേണ്ടിയിരിക്കുന്നു’ എന്നേ കവി പറഞ്ഞുള്ളൂ. മലയാള കവിതയുടെ ‘ചുവപ്പു ദശകം’ കണ്ട അൻപതുകളിൽ പി. ഭാസ്കരൻ, വയലാർ, ഒഎൻവി, പുനലൂർ ബാലൻ, പുതുശ്ശേരി രാമചന്ദ്രൻ ശ്രേണിയിലെ പ്രമുഖനായി ചുവപ്പു കവിയെന്നു തിരുനല്ലൂരും പേരു കേട്ടു.
‘ഒരു മഹായുദ്ധത്തിന്റെ പര്യവസാനം’ എന്ന ലേഖന സമാഹാരത്തിൽ തിരുനല്ലൂർ പറഞ്ഞു: ‘ മഹാഭാരതം യുദ്ധത്തിനെതിരാണ്. അഹിംസാ വാദിയായ ഗാന്ധിജി എപ്പോഴും ഗീത ഉയർത്തിപ്പിടിക്കുന്നത് അതിനാലാണ്. ചാതുർവർണ്യം സ്ഥാപിച്ചെടുക്കാൻ മഹാഭാരതത്തിൽ പിൽക്കാലം ചില കൂട്ടിച്ചേർക്കലുകൾ നടത്തി’. പുരോഗമന പ്രസ്ഥാനങ്ങളുമായി എല്ലാക്കാലവും ചേർന്നു നിന്ന, സംസ്കൃതത്തിലും ഇംഗ്ലിഷ് സാഹിത്യത്തിലും അവഗാഹമുണ്ടായിരുന്ന തിരുനല്ലൂരിന്റെ എഴുത്തുവഴികൾ അത്രത്തോളം വ്യത്യസ്തമായിരുന്നുവെന്നതിനു മറ്റു തെളിവുകളും വേണ്ട.