അമ്മച്ചിത്രം; മകൻ വരച്ചു ബാക്കിയാക്കിയ നിറക്കൂട്ടുകളിൽനിന്ന് അമ്മ വരച്ചു തുടങ്ങിയത് ജീവിതചിത്രങ്ങൾ
Mail This Article
തണലേകി നിൽക്കുന്ന അമ്മമരമാണു ദേവു. തന്റെ ചുറ്റിലും നിഴലും വെളിച്ചവും പൊൻവെയിലും ചാലിച്ചു ചിത്രങ്ങൾ വരച്ചിടുന്നു. മരം മണ്ണിൽ വരയ്ക്കുന്ന നിഴൽ ചിത്രങ്ങൾ പോലെ. അതിൽ തെളിയുന്നതു ചില്ലകളും ഇലകളും പൂക്കളും കായ്ക്കളും. പ്രകൃതിയിലുള്ളതൊക്കെ ദേവുവിന്റെ തായ് മരത്തിനു കീഴേ പടരുന്ന ചിത്രങ്ങളിലുമുണ്ട്.
-
Also Read
വീഴാതെ വിജയം
ഒറ്റവാക്കിൽ പറഞ്ഞാൽ ‘അദ്ഭുതം’. 62 വയസ്സുകാരി ദേവുവിനെ പരിചയപ്പെടുത്താൻ ഇങ്ങനെ കഴിയൂ. പേന ആകെ കയ്യിൽ പിടിക്കുന്നത് ഒപ്പ് ആവശ്യമുള്ളിടത്തു ദേവു എന്ന് എഴുതാൻ മാത്രം. devupezhumpara@gmail.com എന്ന ഇമെയിൽ ഉടമയ്ക്കു തെറ്റാതെ മറ്റൊന്നും എഴുതാൻ അറിയില്ല. ആടിനെ വളർത്തിയും കൂലിപ്പണി ചെയ്തുമാണ് ജീവിതം. പഠിക്കാൻ താൽപര്യമുണ്ടോയെന്നു ചോദിച്ചപ്പോൾ മുറുക്കി ചുവന്ന പല്ലുകൾ കാട്ടി ഒന്നു ചിരിച്ചു. ‘ഇനി ഈ വയസ്സാംകാലത്ത് പഠിച്ചിട്ട് എന്തുനേടാനാ’ എന്നായിരുന്നു മറുചോദ്യം. പലതും ഈ ‘നല്ല പ്രായത്തിൽ’ പഠിച്ചില്ലേ എന്നു ചോദിച്ചതോടെ ജീവിതമാണ് തന്റെ പള്ളിക്കൂടം എന്നായി മറുപടി.
പാലക്കാട് നെന്മാറയാണു ദേവുവിന്റെ ലോകം. കോവിഡ് കാലത്ത് പുറത്ത് ഇറങ്ങാൻ കഴിയാതെ വീട്ടിൽ ഇരുന്നപ്പോഴാണു മകൻ സി.ഉണ്ണിക്കൃഷ്ണൻ എന്താണു വരച്ചു കൂട്ടുന്നതെന്നു ശ്രദ്ധിച്ചത്. പ്ലസ്ടു കഴിഞ്ഞപ്പോൾ ‘ഫൈൻ ആർട്സ്’ പഠിക്കണമെന്നു മകൻ പറഞ്ഞപ്പോൾ ദേവുവിനു ഒന്നും മനസ്സിലായില്ല. ചിത്രരചന പഠിക്കാൻ പോവുകയാണെന്നു പറഞ്ഞപ്പോൾ മോനേ ചിത്രം വരച്ചു നടന്നാൽ കഞ്ഞി കുടിക്കാൻ പറ്റുമോ എന്നു മാത്രം ചോദിച്ചു. എന്നിട്ടും മകന്റെ ആഗ്രഹത്തിനു എതിരു നിന്നില്ല. പാടത്ത് കൂലിപ്പണി ചെയ്തും ആടിനെ വളർത്തിയും മകനെ പഠിപ്പിച്ചു. മകന്റെ ചിത്രങ്ങൾ ശ്രദ്ധിച്ചപ്പോൾ താൻ കാണുന്ന അതേ കാഴ്ചകൾ എന്നു തോന്നി. മകൻ വരച്ചിട്ടു എഴുന്നേറ്റു പോകുമ്പോൾ ബാക്കി വരുന്ന ചായങ്ങൾ ദേവു പേപ്പറിലേക്കു പകർന്നു. ബ്രഷ് ആദ്യമായി കയ്യിലെടുത്തു തന്റെ കാഴ്ചകളും വരയ്ക്കാൻ ശ്രമിച്ചു. ആദ്യം അമ്മയുടെ കൗതുകം മാത്രമാണെന്നാണ് ഉണ്ണിക്കൃഷ്ണൻ കരുതിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞതോടെ തന്നെപ്പോലെ അമ്മയും ജീവിതമാണ് ചിത്രീകരിക്കുന്നതെന്നു തിരിച്ചറിഞ്ഞു. ഓരോ ദിവസം കഴിയുംതോറും വരയ്ക്കാനുള്ള ആവേശവും ദേവുവിനു കൂടി. ഉണ്ണിക്കൃഷ്ണൻ ഇതെല്ലാം മാറി നിന്നു നോക്കി കണ്ടു.
നെന്മാറ ടു ബെംഗളൂരു
കൂലിപ്പണിയും ആടു വളർത്തലും ഒക്കെയായി ദേവു തിരക്കാണ്. കുട്ടിക്കാലം മുതൽ പാടത്ത് കള പറിക്കാൻ തുടങ്ങിയതാണ്. ഇന്നും ആ പണിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല. 23-ാം വയസ്സിൽ നെന്മാറ സ്വദേശി ചാമിയുമായുള്ള വിവാഹം കഴിഞ്ഞു. 3 മക്കളെയും മുണ്ട് മുറുക്കി ഉടുത്ത് കൂലിപ്പണി ചെയ്തു വളർത്തി വലുതാക്കി. നെന്മാറയ്ക്കു പുറത്തേക്കു സ്വന്തം ആവശ്യത്തിനായി ദേവു ആദ്യമായി യാത്ര ചെയ്തത് ബെംഗളൂരുവിലെ ഗാലറി സുമുഖയിൽ 21ന് തുടങ്ങിയ ചിത്ര പ്രദർശനത്തിൽ പങ്കെടുക്കാനായിരുന്നു.
ദേവു നെന്മാറയും മകൻ സി.ഉണ്ണിക്കൃഷ്ണനും വരച്ച ചിത്രങ്ങളുടെ ‘മീ, അമ്മ, വീ’ എന്ന പ്രദർശനം ബെംഗളൂരുവിൽ നടക്കുകയാണ്. 11നാണ് പ്രദർശനം അവസാനിക്കുന്നത്. അമ്മയും മകനും ഇവിടെ ചിത്രങ്ങളിലൂടെ പരസ്പരം സംസാരിക്കുന്നു. കാടും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് ദേവുവിന്റെ ചിത്രങ്ങളിലുള്ളത്. കാടിന്റെ നിഗൂഢതകൾക്കു മുൻപിൽ ഒരു സ്ത്രീയും ഉണ്ടാവും. ആടുമേയ്ക്കാൻ കാട്ടിൽ പോകുമ്പോഴുള്ള കാഴ്ചകളാണു ക്യാൻവാസിലുള്ളത്. ആടുമേയ്ക്കാൻ എത്തുന്ന കൂട്ടുകാരികളുടെ മുഖവും ചിത്രത്തിൽ ഉണ്ട്. ഉണ്ണിക്കൃഷ്ണൻ പ്രദർശനത്തിനായി വരച്ചിരിക്കുന്നത് അമ്മയുടെ ചിത്രങ്ങൾ തന്നെ. നെല്ല് ഉണങ്ങാൻ പായയിൽ നിരത്തുന്ന അമ്മയും ക്യാൻവാസ് മടിയിൽ വച്ച് ചിത്രംവരയ്ക്കുന്ന അമ്മയും ഒക്കെയാണ് ഉണ്ണിക്കൃഷ്ണന്റെ ചിത്രങ്ങളിലുള്ളത്.
മാവുപോലെ കുറുകണം
ക്യാൻവാസിൽ വിവിധ നിറങ്ങൾ കൊണ്ട് അദ്ഭുതം സൃഷ്ടിക്കുമെങ്കിലും പ്രാഥമിക വർണങ്ങൾക്കു പുറമേ ദേവുവിനു അറിയാവുന്നത് കറുപ്പ്, വെള്ള, മഞ്ഞ നിറങ്ങൾ മാത്രം. ചിത്രത്തിലെ നിറങ്ങൾ ഏതാണെന്നു അറിയണമെന്നു നിർബന്ധം പിടിച്ചാൽ അതിനുള്ള മറുപടിയും കയ്യിലുണ്ട്. ‘കാക്കപ്പൂവ് കണ്ടിട്ടില്ലേ അതിന്റെ നിറമാ ഇത്. ഇത് ശംഖുപുഷ്പത്തിന്റെ നിറം. ഇത് ചെത്തിപ്പൂവിന്റെ നിറം’. ദേവു പ്രകൃതിയിൽ കണ്ട നിറങ്ങൾ അതേ പടി ക്യാൻവാസിൽ പകർത്തുകയാണ്. നിറങ്ങൾ നിറഞ്ഞ കുപ്പിയിൽനിന്ന് പുതിയ നിറങ്ങൾ ഉണ്ടാക്കുന്നു. ‘ചൊമലയും നീലയും കൂട്ടി യോജിപ്പിച്ചാൽ ഒരു നിറം കിട്ടും. അപ്പത്തിനു മാവു കുറുക്കുന്നതു പോലെ, നിറങ്ങൾ യോജിപ്പിക്കുമ്പോൾ കുറുകി ഇരിക്കണം. എന്നാലെ വര വൃത്തിയാവു’.
നിറങ്ങൾ കൂട്ടിക്കലർത്തിയ അവിയൽ
അക്രിലിക്, ഗോഷ്, ഓയിൽ പെയ്ന്റ് ഇവ മൂന്നും ഉപയോഗിച്ചാണ് ഉണ്ണിക്കൃഷ്ണൻ ചിത്രം വരയ്ക്കുന്നത്. ദേവു ഗോഷിലാണു വര തുടങ്ങിയതെങ്കിലും ഗോഷ് പെയ്ന്റുകൾക്കു വില കൂടുതൽ ആയതിനാൽ ഉണ്ണിക്കൃഷ്ണൻ അമ്മയെ അക്രിലിക് നിറങ്ങൾ ഉപയോഗിക്കാൻ ശീലിപ്പിച്ചു. ‘നമ്മൾ പാവങ്ങൾക്കു ചിത്രം വരയ്ക്കാനുള്ളതാണ് അക്രിലിക്’ എന്നാണു ഉണ്ണിക്കൃഷ്ണന്റെ പക്ഷം. ഓയിൽ പെയ്ന്റുകൾ ഉണങ്ങാനുള്ള ബുദ്ധിമുട്ടുകൊണ്ട് അവ ദേവുവിനെ ഇതുവരെ പരിചയപ്പെടുത്തിയിട്ടില്ല. അമ്മയുടെ സ്വഭാവത്തിന് ഓയിൽ പെയ്ന്റിങ് ശരിയാവില്ലെന്ന തിരിച്ചറിവ് കൂടി ഈ തീരുമാനത്തിനു പിന്നിലുണ്ട്. ദേവുവിന്റെ നിറക്കൂട്ട് പരീക്ഷണശാലയിൽ നിറങ്ങൾ ഒരുമിച്ച് ഇരുന്നാൽ അക്രിലിക്കും ഗോഷും ഓയിൽ പെയ്ന്റും കൂട്ടി യോജിപ്പിച്ച് ദേവു ചിത്രം വരച്ചു കളയും. ക്യാൻവാസിൽ പിന്നെ പാകപ്പെടുന്നത് ‘അവിയൽ’ ആകുമെന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു. അമ്മ ചിത്രം വരയ്ക്കാൻ എത്തുമ്പോഴേക്കും അക്രിലിക് കുപ്പികൾ മാത്രം നിരത്തിയാണു ഈ പ്രശ്നത്തിനു മകന് പരിഹാരം കാണുന്നത്.
ട്രീ ഓഫ് ദേവു
ബൈബിളിലെ യെശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ പറയുന്ന മിശിഹായുടെ വംശാവലി ചിത്രകാരൻ വിക്ടർ‘ട്രീ ഓഫ് ജെസ്സി’ എന്ന പേരിൽ ചിത്രീകരിച്ചിട്ടുണ്ടെന്നു ദേവു അറിഞ്ഞിരിക്കാൻ വഴിയില്ല. സ്കൂളിൽ പോയി ഫാമിലി ട്രീ വരയ്ക്കാനും പഠിച്ചിട്ടില്ല. എന്നാൽ ദേവുവിന്റെ വരകളിൽ ആയിരത്തോളം വൃക്ഷങ്ങൾ ഉണ്ട്. എല്ലാം ‘ജീവവൃക്ഷം’. ചിത്രങ്ങളിൽ എല്ലാത്തിലും പ്രകൃതിയും സ്ത്രീയും ഉണ്ടാവും. ആവർത്തന പാറ്റേൺ എന്നു തോന്നുമെങ്കിലും ഓരോ ചിത്രത്തിലും കാടിനോട് ഇണങ്ങി ജീവിച്ച ഒരു സ്ത്രീയുടെ ജീവിതം ഒളിഞ്ഞിരിപ്പുണ്ട്. ദേവുവിന്റെ അമ്മ സുഖമില്ലാതെ കട്ടിലിൽ കിടന്നപ്പോൾ വരച്ച ചിത്രങ്ങളിൽ മരങ്ങളിൽ ബലി കാക്കകൾ നിരന്നിരുന്നു. അമ്മ കട്ടിലിൽ നിന്നു വീണ ദിവസം വരച്ച ചിത്രത്തിൽ ശിഖരം ഒടിഞ്ഞ വൃക്ഷമുണ്ട്. കണ്ട കാഴ്ചകൾ ഇനിയും വരയ്ക്കാൻ ഏറെയുണ്ട് ദേവുവിന്. മകനാണോ ചിത്രകല പഠിപ്പിച്ചതെന്നു ചോദിച്ചപ്പോൾ ‘ഈ ചെക്കൻ ഒന്നും പറഞ്ഞു തരില്ലാ. എല്ലാം ഞാൻ കണ്ടു പഠിച്ചതാണെന്നാണു’ മറുപടി. അമ്മയുടെ ചിത്രംവര കൗതുകമല്ലെന്നു തിരിച്ചറിഞ്ഞതോടെ മകൻ അതിനുള്ള സാഹചര്യം ഒരുക്കുക മാത്രമാണ് ചെയ്തത്.
‘ടോക് ടു ബ്രിക്സ്’
സി.ഉണ്ണിക്കൃഷ്ണന്റെ ചിത്രങ്ങൾ തേച്ചുമിനുക്കാത്ത ഇഷ്ടികക്കൂട്ടത്തിലാണ് ആദ്യം പിറന്നത്. ജീവിതത്തിന്റെ എല്ലാ ഓർമകളും പങ്കുവയ്ക്കുന്ന സ്വന്തം മുറിയിലെ ചുമരുകളോടു അടുപ്പം തോന്നി. ഇഷ്ടികകൾ വെള്ളം വലിച്ചെടുക്കുന്നതു പോലെ തന്റെ കണ്ണീരും വേദനകളും വലിച്ചെടുക്കുന്നു എന്ന തോന്നൽ. ഓരോ ദിവസവും തന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഡയറി എഴുതുന്നതിനു പകരം ചുമരിൽ ചിത്രങ്ങളായി കോറിയിട്ടു. ഒരു ചുമരിനോടുള്ള മനുഷ്യന്റെ വൈകാരികമായ ബന്ധമാണ് ‘ടോക് ടു ബ്രിക്സ്’ എന്ന ആശയം.
തൃശൂർ ഫൈൻ ആർട്സ് കോളജിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടിയ ഉണ്ണിക്കൃഷ്ണൻ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കോളജിൽ സംഘടിപ്പിച്ച പ്രദർശനമാണ് വഴിത്തിരിവായത്. ഇഷ്ടികയിലെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ കൊച്ചി മുസിരിസ് ബിനാലെയിലേക്ക് ക്ഷണം ലഭിച്ചു. അവിടെനിന്ന് 2015ൽ ഷാർജ ബിനാലെയിലേക്ക്. പിന്നീട് ഡൽഹിയിലും പ്രദർശനം നടത്തി. 2018ൽ സ്വിറ്റ്സർലൻഡിൽ ഉണ്ണിക്കൃഷ്ണന്റെ ആദ്യ സോളോ പ്രദർശനവും നടന്നു. ബറോഡയിലെ ആർട്ടിസ്റ്റ് കമ്യൂണിറ്റിയിൽ ഒരു വർഷത്തോളം താമസിച്ചു വര പരിശീലിച്ചു. ഫൈൻ ആർട്സിൽ ഇതിനിടെ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. പേഴുംപാറയിലെ വീടിനു മുന്നിൽ പണിത സ്റ്റുഡിയോയുടെ ചുമരുകളും തേച്ച് മിനുക്കിയിട്ടില്ല. ഇവിടുത്തെ ഇഷ്ടികക്കൂട്ടങ്ങളോടും ഉണ്ണിക്കൃഷ്ണൻ കഥ പറയുന്നുണ്ട്.