വീഴാതെ വിജയം
Mail This Article
ആറാം വയസ്സു മുതൽ പാൽ വിതരണം, പത്ര വിതരണം, കേറ്ററിങ്, ട്യൂഷൻ, കൽപണി, പെയ്ന്റിങ്, ഫുഡ് ഡെലിവറി തുടങ്ങി പല വേഷങ്ങളും അണിഞ്ഞിട്ടുണ്ട് പാലക്കാട് വിളയൂർ അമ്പാടിക്കുന്ന് ഗ്രാമത്തിലെ പൊട്ടികുഴിയിൽ എം.മുഹമ്മദ് യാസിൻ. ആ പകർന്നാട്ടങ്ങളെ നിലനിൽപിനു വേണ്ടിയുള്ള പോരാട്ടം (സ്ട്രഗിൾ ഫോർ എക്സിസ്റ്റൻസ്) എന്നാണ് യാസിൻ ഇന്ന് വിശേഷിപ്പിക്കുന്നത്.
‘ നാൻ വീഴുവേൻ ഇൻട്ര് നിനൈത്തായോ...’
ഭാരതിയാറിന്റെ കവിതയിൽ പറയുന്നതു പോലെ യാസിൻ വീഴുമെന്നു പലരും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ ഇല്ല, യാസിൻ ഒരിക്കലും വീഴില്ല. വീഴാൻ തയാറുമല്ല. ജീവിതത്തിൽ പല പ്രതിസന്ധികൾ വന്നപ്പോഴും ഈ വരികൾ, തകർന്നു പോകാതിരിക്കാനുള്ള ഊർജം കൊടുത്തു. ഒപ്പം കീഴടക്കാൻ പോകുന്ന ലോകത്തെയോർത്ത്, ആ നേട്ടത്തിൽ അഭിമാനിക്കുമ്പോൾ ഉമ്മയുടെ മുഖത്തു വിരിയാനിരിക്കുന്ന ചിരി ഓർത്തു കൂടുതൽ പ്രചോദനം നേടി.
ഇന്ന് ആ കാത്തിരിപ്പ് സഫലമായിരിക്കുന്നു. പതിനെട്ടാം വയസ്സു മുതൽ മക്കളെ ഒറ്റയ്ക്കു വളർത്തിയ ആ ഉമ്മ ഇന്ന് അഭിമാനത്തിന്റെ നെറുകയിലാണ്. അതിനു കാരണം യാസിൻ ആദ്യം അണിഞ്ഞ വക്കീൽ കുപ്പായവും ഇനി ഇരിക്കാൻ പോകുന്ന മജിസ്ട്രേട്ട് പദവിയുമാണ്. യാസിന്റെ പോരാട്ടത്തിൽ ഉമ്മ പി.ജമീലയും ഉമ്മുമ്മ അലീമയും സഹോദരൻ മുഹമ്മദ് നാസിമും എന്നും എപ്പോഴും ഒപ്പമുണ്ടായിരുന്നു.
വിളയൂരിന്റെ പാൽക്കാരൻ
പഠിപ്പിക്കാനോ എന്തിനാണു പഠിക്കുന്നത് എന്നു പറഞ്ഞു കൊടുക്കാനോ ആരുമില്ലാതെ ആയിരുന്നു യാസിന്റെ സ്കൂൾ പഠനകാലം. ആറാം ക്ലാസ് വരെ മാത്രം പഠിച്ച്, പതിനെട്ടാം വയസ്സിൽ രണ്ടു മക്കളുമായി ഒറ്റയ്ക്കായ ഉമ്മ ജമീലയ്ക്കും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അറിവില്ലായിരുന്നു. മൂന്നാം വയസ്സിൽ ഉപ്പ ഉപേക്ഷിച്ചു പോകുമ്പോൾ യാസിനും സഹോദരനും ഉമ്മയ്ക്കും ഉമ്മുമ്മയ്ക്കും കയറിക്കിടക്കാൻ ഒരു ചെറിയ കുടിൽ മാത്രമാണുണ്ടായിരുന്നത്. എങ്ങനെ ജീവിക്കും എന്നറിയാതെ പകച്ചു നിന്ന കാലം. അന്നു തുടങ്ങി ആ കുടുംബത്തിന്റെ പോരാട്ടം. രണ്ടു പശുക്കളെ വാങ്ങി പാലു വിറ്റു ജീവിതം ആരംഭിച്ചു. ആറാം വയസ്സു മുതൽ യാസിനും ഒപ്പംകൂടി. രാവിലെ 7 മുതൽ പാലു കൊടുക്കാനായി ഗ്രാമത്തിലെ വീടുകളിൽ കയറിയിറങ്ങി. സൊസൈറ്റിയിൽ കൊടുക്കുന്നതിനേക്കാൾ 2 രൂപ കൂടുതൽ കിട്ടുന്നതു കൊണ്ടു രാവിലെ സ്കൂളിൽ പോകുന്നതിനു മുൻപും വൈകിട്ടു സ്കൂളിൽ നിന്നെത്തിയ ശേഷവും പാലുമായി ഓട്ടമാണ്. കുറച്ചു നാൾ കഴിഞ്ഞപ്പോൾ പാലിനൊപ്പം പത്രവിതരണവും തുടങ്ങി. രാവിലെ നാലരയ്ക്ക് എഴുന്നേറ്റു വീടിന്റെ 10 കിലോമീറ്ററോളം ചുറ്റളവിലുള്ള വീടുകളിൽ പത്രമിട്ട ശേഷം 7 മണി മുതൽ പാൽ വിതരണം. അതു പലപ്പോഴും സൈക്കിളിലോ നടന്നോ ആകും. പിന്നെയാണു സ്കൂളിലേക്കുള്ള ഓട്ടം. സാധാരണ ഒരു കുട്ടി പഠിക്കുക എന്ന ഉത്തരവാദിത്തം മാത്രം തലയിലേറ്റുമ്പോൾ, ജീവിക്കാൻ വേണ്ടി നെട്ടോട്ടത്തിലായിരുന്നു ആ പതിനഞ്ചുകാരൻ.
വേഷങ്ങൾ പലത്
എസ്എസ്എൽസി കഴിഞ്ഞു പ്ലസ്ടുവിനു സയൻസ് എടുക്കാൻ തീരുമാനിച്ചതു മറ്റൊരു പോരാട്ടമായിരുന്നു. ഇതിനിടയിലും കൽപണിക്കും പെയ്ന്റിങ് പണിക്കും കേറ്ററിങ്ങിനുമൊക്കെ പോയി ചെലവിനു പണം കണ്ടെത്തി. ഒന്നാം വർഷം മലയാളം ഒഴികെ ഒരു വിഷയത്തിനും ആവശ്യത്തിനു മാർക്ക് വാങ്ങാതിരുന്നപ്പോൾ പഠിച്ചു ജയിക്കണം എന്ന തിരിച്ചറിവു പകർന്നു കൊടുത്തത് അധ്യാപകരായിരുന്നു. ആ ആവേശത്തിൽ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതി പ്ലസ് വൺ ജയിച്ചു. യാസിന്റെ ഭാഷയിൽ തട്ടിയും മുട്ടിയും എങ്ങനെയൊക്കെ പ്ലസ് ടു ജയിച്ചു.
പിന്നീടായിരുന്നു യാസിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. തുടർന്നു പഠിച്ചാൽ നല്ല ജോലി വാങ്ങി നന്നായി ജീവിക്കാം എന്ന ചിന്ത മനസ്സിലുറച്ചു. അവിടം മുതൽ യാസിൻ സ്വന്തം ജീവിതം നയിക്കാൻ തുടങ്ങി. ഇതിനിടയ്ക്കു ജമീലയ്ക്ക് ആശാവർക്കറായി ജോലി ലഭിച്ചു. കുടുംബത്തിനു അല്ലലില്ലാതെ കഴിയാനുള്ള വരുമാനം ലഭിക്കാൻ തുടങ്ങി. ഡിഗ്രിക്കു സർക്കാർ കോളജുകളിൽ അഡ്മിഷൻ ലഭിക്കാത്തതിനാൽ യാസിൻ ഷൊർണൂർ പോളിടെക്നിക്കിൽ ഇലക്ട്രോണിക്സിൽ ഡിപ്ലോമ ചെയ്തു. ശേഷം, ഒരു വർഷത്തോളം ഗുജറാത്തിലെ വാപിയിൽ ജോലി ചെയ്തു. തന്റെ മേഖല ഇതല്ല എന്നു തിരിച്ചറിഞ്ഞപ്പോൾ നാട്ടിൽ തിരിച്ചെത്തി. അട്ടപ്പാടി ഗവ.കോളജിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഡിഗ്രിക്കു ചേർന്നു. ഒപ്പം ട്യൂഷനെടുക്കാനും തുടങ്ങി. അനുജൻ നാസിം പ്ലസ്ടുവിനു ശേഷം പഠനം അവസാനിപ്പിക്കുകയും കുടുംബത്തിന്റെ ഭാരം ഏറ്റെടുത്തു വിദേശത്തേക്കു പോവുകയും ചെയ്തു. അതു യാസിനെ പഠനത്തിന്റെ വഴിയെ പോകാൻ കൂടുതൽ സഹായിച്ചു. അങ്ങനെയൊരു തീരുമാനം സഹോദരൻ എടുത്തില്ലായിരുന്നെങ്കിൽ താൻ ഇവിടെ എത്തില്ലായിരുന്നെന്നു യാസിൻ പറയുന്നു.
നിയമത്തിന്റെ വഴിയേ
ഡിഗ്രി മൂന്നാം വർഷം പഠിക്കുമ്പോഴാണ് എൽഎൽബി പ്രവേശനപരീക്ഷയെക്കുറിച്ചു അറിയുന്നത്. പ്രവേശന പരീക്ഷയ്ക്കു നല്ല റാങ്കിലെത്തിയാൽ എറണാകുളം ലോ കോളജിൽ പ്രവേശനം ലഭിക്കും എന്ന വസ്തുത മനസ്സിലാക്കി പഠനം തകൃതിയാക്കി. ആ പഠനം 46–ാം റാങ്കിലെത്തിച്ചു. ആഗ്രഹിച്ചതു പോലെ എറണാകുളം ലോ കോളജിൽ പ്രവേശനം ലഭിച്ചു. എറണാകുളം തിരഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഫീസില്ലാതെ പഠിക്കാം എന്നതിനൊപ്പം ഫുഡ് ഡെലിവറിയിലൂടെ പണം കണ്ടെത്താം...!
പകൽ കോളജിൽ പോകും, അതിനു ശേഷം പുലർച്ചെ 2 മണി വരെ ഫുഡ് ഡെലിവറി. അതിനിടെയാണ് കോവിഡ് കാലം എത്തിയത്. അതു യാസിനെ എറണാകുളത്ത് നിന്നു വീട്ടിലേക്കെത്തിച്ചു. ശരിക്കും തളർത്തിയ കാലഘട്ടം. ജോലിയൊന്നുമില്ല, 6 സെമസ്റ്ററുകളിലെ പരീക്ഷകൾ ഒരുമിച്ചെഴുതേണ്ട അവസ്ഥ. എങ്കിലും ചുറ്റുമുള്ളവർ പ്രചോദനമേകി. അങ്ങനെ 2023 മാർച്ചിൽ സ്വന്തം അധ്വാനത്തിന്റെയും കുടുംബത്തിന്റെ പ്രാർഥനയുടെയും ഫലമായി യാസിൻ അഭിഭാഷകനായി എൻറോൾ ചെയ്തു. പാലക്കാട് ബാറിൽ അഡ്വ. പിടി.ഷാഹുൽ ഹമീദിനു കീഴിൽ പ്രാക്ടീസ് ചെയ്യവേയാണ് ജുഡിഷ്യൽ സർവീസിലേക്കുള്ള മുൻസിഫ് മജിസ്ട്രേട്ട് പരീക്ഷയിലേക്കു കണ്ണെത്തുന്നത്. അഡ്വ.പി.ടി.ഷാഹുൽ ഹമീദിന്റെയും 2022ലെ പരീക്ഷയിൽ ആറും ഒൻപതും റാങ്കുകൾ നേടിയ എൻ.വി.ഷാഹിനയുടെയും എൻ.ആർ.രേഷ്മയുടെയും പ്രചോദനമായപ്പോൾ ഒരു കൈ നോക്കാൻ തീരുമാനിച്ചു. ആദ്യ തവണ 58–ാം റാങ്കാണ് നേടിയത്. എന്നിട്ടും വിട്ടുകൊടുക്കാതെ ശ്രമം തുടർന്നു.
ഒടുവിൽ അതും
രണ്ടാമത്തെ പരിശ്രമത്തിൽ ജനറൽ വിഭാഗത്തിൽ രണ്ടാം റാങ്ക് നേടി. ജീവിതത്തിന്റെ 29 വർഷങ്ങൾ കൊണ്ടു നേടിയെടുത്ത വലിയ വിജയം. ഈ വിജയത്തിൽ യാസിനെക്കാളേറെ സന്തോഷിക്കുന്നത് ജമീലയാണ്. ഇത്രയും കാലം അനുഭവിച്ച കഷ്ടപ്പാടുകൾ ഈ സന്തോഷത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നെന്ന് വിശ്വസിക്കാനാണ് അവർക്കിഷ്ടം. എല്ലാറ്റിനും നിമിത്തമുണ്ടെന്നു വിശ്വസിക്കുന്ന യാസിൻ ഈ വിജയവും നിമിത്തമാണെന്നാണ് വിശ്വസിക്കുന്നത്. മറ്റെന്തെങ്കിലും ജോലികൾ ചെയ്തു പണം സമ്പാദിക്കാമായിരുന്നെങ്കിലും ഇപ്പോൾ ഉമ്മയിൽ കാണുന്ന ആ സന്തോഷം, ഇങ്ങനെയൊരു വിജയത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നു തിരിച്ചറിഞ്ഞ നിമിഷത്തിലാണ് പരീക്ഷ എഴുതാൻ തീരുമാനിച്ചത്. ആ തീരുമാനവും ഒരു നിമിത്തമായിരുന്നു എന്നാണ് യാസിൻ വിശ്വസിക്കുന്നത്.