ADVERTISEMENT

വീണ്ടുമൊരു ഡിസംബർ 26 കടന്നു പോയി. ഒപ്പം സുനാമി ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളുടെ തിരയടങ്ങാത്ത 20 വർഷങ്ങളും.  കന്യാകുമാരി തീരത്തേക്ക് ആർത്തലച്ചെത്തിയ തിരമാലകളിൽനിന്ന് താമിരഭരണി ബോട്ടും അതിലെ യാത്രക്കാരും നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടതിന്റെ ഓർമകൾ ബോട്ട് നിയന്ത്രിച്ച സ്രാങ്ക് എ.അഗസ്റ്റിന്റെ ഓർമകളിൽ ഇന്നും തിരയെടുക്കാതെ ഉണ്ട്.  2011ൽ വിരമിച്ചെങ്കിലും പരിചയസമ്പത്ത് കണക്കിലെടുത്ത് അഗസ്റ്റിനെ ജോലിയിൽനിന്ന് സർക്കാർ ഒഴിവാക്കിയില്ല.

കന്യാകുമാരിയിലെ ബോട്ട് ജെട്ടി.
കന്യാകുമാരിയിലെ ബോട്ട് ജെട്ടി.

തിരയെടുത്ത ദിവസം

സുനാമി തിരമാലകൾ ഇരച്ചെത്താൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് കന്യാകുമാരി വിവേകാനന്ദപ്പാറയിൽ നിന്നു കരയിലേക്കു താമിരഭരണി പുറപ്പെടുന്നത്. നിറയെ യാത്രക്കാരുണ്ടായിരുന്നു. വർഷങ്ങളായി ബോട്ട് നിയന്ത്രിച്ച് പരിചയമുള്ള അഗസ്റ്റിനായിരുന്നു സ്രാങ്ക്. കടൽ യാത്രയുടെ സന്തോഷത്തിലായിരുന്നു കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള യാത്രക്കാർ. ദിവസവും പല തവണ വിവേകാനന്ദപ്പാറയിലേക്കും തിരിച്ചും ബോട്ട് ഓടിക്കുന്ന സ്രാങ്കിനു കടലിൽ അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുന്നതായി തോന്നിയതുമില്ല. രാവിലെ പത്തരയോടെയാണ് ബോട്ട് പുറപ്പെട്ടത്.  കരയിലേക്ക് 5 മിനിറ്റാണ് യാത്രാസമയം.

ഡ്രൈവർ കാബിനിൽ നിൽക്കുകയായിരുന്ന അഗസ്റ്റിന് പെട്ടെന്നാണ് കടൽ ഇളകിമറിയുന്നതായും വെള്ളം ഉയരുന്നതായും തോന്നിയത്. ഭാഗ്യരതി, വിവേകാനന്ദ എന്നീ ബോട്ടുകൾ കരയിലെ ജെട്ടിയിൽ കിടപ്പുണ്ടായിരുന്നു. വെള്ളം കൂടുതൽ ഉയർന്നതോടെ ഇതിലൊരെണ്ണം ജെട്ടിയിലെ കോൺക്രീറ്റ് പ്ലാറ്റ്ഫോമിന്റെ മുകളിലായി. ഇതു കണ്ടതോടെ അഗസ്റ്റിൻ താമിരഭരണിയെ റിവേഴ്സ് ഗിയറിലിട്ട് മുന്നോട്ടു പോകാതെ നിയന്ത്രിച്ചു. പെട്ടെന്നു വെള്ളം കുറഞ്ഞു തുടങ്ങി. അൽപം കാത്തുനിന്ന ശേഷം ജെട്ടിയിലേക്കു ബോട്ട് അടുപ്പിച്ച് യാത്രക്കാരെ ഇറക്കി. എല്ലാവരോടും വേഗം മുകളിലെ റോഡിലേക്കു പോകാൻ നിർദേശിച്ചു. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാവാതെ ഭയന്ന ബോട്ട് ജീവനക്കാരും യാത്രക്കാരും സുരക്ഷിത സ്ഥാനങ്ങളിലേക്കു നീങ്ങി.

തിരികെയെത്തിയ കടൽ

നിമിഷങ്ങൾക്കുള്ളിൽ കടൽ ഉൾവലിയുന്ന കാഴ്ച കണ്ട് എല്ലാവരും അമ്പരന്നു. കടലിലെ പാറകൾ തെളിഞ്ഞു വന്നു. ചിലർ കാഴ്ച ആസ്വദിക്കാൻ പാറക്കെട്ടുകളിലേക്ക് ഇറങ്ങി. വെള്ളം ഇറങ്ങിയതോടെ ബോട്ടുകളിൽ ഒരെണ്ണം ജെട്ടിയുടെ പ്ലാറ്റ്ഫോമിനു മുകളിലും രണ്ടെണ്ണം വെള്ളമിറങ്ങിയ ഭാഗത്തെ ചെളിയിലും പൂണ്ടു. ദൂരെ കടലിൽനിന്ന് രാക്ഷസത്തിരമാലകൾ കരയിലേക്കു പാഞ്ഞടുക്കുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. കൂറ്റൻ തിരമാലകളെ ഭയന്നു ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി.

മുകളിലെ റോഡുവരെ ഉയർന്ന തിരമാലകളിൽപ്പെട്ട് താൽക്കാലിക കടകളും ഒട്ടേറെ മീൻപിടിത്ത വള്ളങ്ങളും തകർന്നു. വിവേകാനന്ദ ബോട്ട് കടലിലേക്ക് ഒഴുകിപ്പോയി. താമിരഭരണി, ഭാഗ്യരതി ബോട്ടുകൾ കരയിലേക്ക് ഇടിച്ചുകയറി. വിവേകാനന്ദ ബോട്ടിനെ പിന്നീടു കണ്ടെത്താനായില്ല. തിരമാലകൾ ഇരച്ചെത്തുന്നതിനു തൊട്ടുമുൻപു കരയിലേക്കു പുറപ്പെട്ടതാണ് താമിരഭരണി ബോട്ടിലെ യാത്രക്കാർക്കു തുണയായതെന്നും അഗസ്റ്റിൻ പറയുന്നു.

മരണം വിതച്ച സുനാമി

കന്യാകുമാരി ബോട്ടുജെട്ടിക്കും കടപ്പുറത്തിനും സമീപത്തുള്ള റോഡ് ഉയരത്തിലായതാണ് അവിടെയുണ്ടായിരുന്ന ആളുകൾക്ക് രക്ഷയായത്. സുനാമി തിരയിൽപ്പെട്ട് കടപ്പുറത്ത് ഒരാൾ മാത്രമാണ് മരിച്ചത്. എന്നാൽ കുളച്ചൽ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 

800 പേരാണ് കന്യാകുമാരി ജില്ലയിൽ മരിച്ചത്. ടൗണിനു സമീപമുള്ള ചിന്നമുട്ടം ഫിഷിങ് ഹാർബറിനെ സുനാമി തകർത്തു. വിവേകാനന്ദപ്പാറയിൽ കുടുങ്ങിയ ആയിരത്തോളം സന്ദർശകരെ ചെറുബോട്ടുകളിൽ വൈകിട്ടോടെയാണ് കരയിലെത്തിച്ചത്.

English Summary:

20 Years later: Remembering the Kanyakumari Tsunami disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com