വിമാന സർവീസുകൾ റദ്ദാക്കി; മഴയിൽ മുങ്ങി ഗൾഫ്
Mail This Article
അബുദാബി ∙ യുഎഇയിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ജനജീവിതം താറുമാറായി. മെട്രോ/ബസ് സ്റ്റേഷനുകളിലും വിമാനത്താവള റൺവേയിലും വെള്ളം കയറിയതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിൽ മഴവെള്ളപ്പാച്ചിലിൽ റോഡുകൾ ഒഴുകിപ്പോയി.
ദുബായ് വിമാനത്താവളത്തിൽ 47 വിമാനങ്ങൾ റദ്ദാക്കി. 3 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ശക്തമായ മഴയും കൊടുങ്കാറ്റും തുടർന്നതോടെ വിമാനത്താവള പ്രവർത്തനം അര മണിക്കൂറോളം നിർത്തിവച്ചു. ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന ദുബായ് -തിരുവനന്തപുരം എമിറേറ്റ്സ് യാത്ര റദ്ദാക്കി. ഇതേ വിമാനത്തിന്റെ ഇന്നത്തെ തിരുവനന്തപുരം ദുബായ് മടക്ക സർവീസും റദ്ദാക്കിയിട്ടുണ്ട്.
മഴ ഇന്നും തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. ഒമാനിലെ ബിദിയയിൽ മഴയിൽ മതിലിടിഞ്ഞു വീണുണ്ടായ അപകടത്തിൽ പരുക്കേറ്റ ആലപ്പുഴ സ്വദേശി അശ്വിൻ ടൈറ്റസിനെ വിദഗ്ധ ചികിത്സയ്ക്കായി മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതേ അപകടത്തിൽ മരിച്ച പത്തനംതിട്ട കടമ്പനാട് സ്വദേശി സുനിൽ കുമാറിനൊപ്പമാണ് അശ്വിനും ജോലി ചെയ്തിരുന്നത്. സുനിൽ കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ദുബായിലും അബുദാബിയിലുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ രാവിലെയോടെ ശക്തമായി. മണിക്കൂറുകളോളം ശക്തമായി പെയ്ത മഴയിൽ റോഡുകൾ വെള്ളത്തിലായി.