ഇറാനിൽ ഇസ്രയേൽ ആക്രമണം; ഒന്നും സംഭവിച്ചില്ലെന്ന് ഇറാൻ
Mail This Article
ജറുസലം ∙ ഇറാൻ നഗരമായ ഇസ്ഫഹാനിലെ വ്യോമസേനാ താവളത്തിനുനേരെ ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം. ഒന്നും സംഭവിച്ചിട്ടില്ലെന്നു പ്രതികരിച്ച ഇറാൻ, തിരിച്ചടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചില്ലെങ്കിലും ആക്രമണം നടത്തുന്നതിനുമുൻപേ തങ്ങളെ വിവരം അറിയിച്ചിരുന്നതായി ഇറ്റലിയിൽ നടക്കുന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ യുഎസ് പറഞ്ഞു.
ഇറാന്റെ ആണവപദ്ധതി സ്ഥിതി ചെയ്യുന്ന ഇസ്ഫഹാനിൽ ആകാശത്ത് ഇന്നലെ രാവിലെ സ്ഫോടനങ്ങളുണ്ടായെന്നും ഇത് ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം 3 ഡ്രോണുകൾ വെടിവച്ചിട്ടതാണെന്നും ഇറാൻ അധികൃതർ അറിയിച്ചു. ഇസ്ഫഹാനിൽനിന്ന് 800 കിലോമീറ്റർ അകലെ തബ്രീസിലും ചെറു ഡ്രോണുകൾ വെടിവച്ചിട്ടു.
ഇന്നലെയുണ്ടായതു ‘നുഴഞ്ഞുകയറ്റം’ ആണെന്നും ബാഹ്യാക്രമണമല്ലെന്നുമാണ് ഇറാൻ പ്രതികരിച്ചത്. ഇസ്രയേലിനെ പരാമർശിക്കുകയും ചെയ്തില്ല. ഇരുരാജ്യങ്ങളിലെയും മാധ്യമങ്ങളും സംഭവം പ്രാധാന്യം കുറച്ചാണു റിപ്പോർട്ട് ചെയ്തത്. രാജ്യത്തിനകത്തുനിന്നുണ്ടായ ലഘുആക്രമണമാണെന്നും നാശമില്ലെന്നും ഇറാൻ സേനാമേധാവി പ്രസ്താവിച്ചു.