ശരീരം ‘മദ്യഫാക്ടറി’; 'അടിക്കാതെ' ശരീരത്തിൽ മദ്യാംശമുള്ള ബൽജിയംകാരൻ
Mail This Article
രക്തത്തിൽ മദ്യത്തിന്റെ അംശം ‘കണ്ടെത്തിയതു കൊണ്ടുമാത്രം’ ശിക്ഷയിൽ നിന്നു രക്ഷപ്പെട്ട ഒരേയൊരാൾ! ബൽജിയം സ്വദേശിയുടെ കോടതികയറ്റം മദ്യലോകത്ത് ചർച്ചയാവുകയാണ്.
കക്ഷിയുടെ ശരീരം തന്നെ ഒരു മദ്യഫാക്ടറിയാണെന്നു കോടതി കണ്ടെത്തി. കാശുകൊടുത്ത് അടിക്കേണ്ട, ആവശ്യം വേണ്ട മദ്യം ശരീരം തനിയെ ഉൽപാദിപ്പിച്ചുകൊള്ളും. ആരാണീ ‘ഭാഗ്യവാൻ’ എന്നു ചോദിക്കരുത്. അതൊരു രോഗമാണ് – ഓട്ടോ ബ്രുവറി സിൻഡ്രം (എബിഎസ്). രക്തത്തിൽ എപ്പോഴും മദ്യത്തിന്റെ അംശമുണ്ടാകും.
മദ്യപിച്ചു വാഹനമോടിച്ചതിനു പൊലീസ് പിടികൂടിയതാണ് കക്ഷിയെ. മദ്യശാലയിലാണു ജോലി ചെയ്യുന്നതെങ്കിലും മദ്യപിച്ചിട്ടില്ലെന്ന് ആൾ ഉറപ്പിച്ചു പറഞ്ഞു. പക്ഷേ, രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തി. 3 ഡോക്ടർമാർ പല സമയത്തു മാറിമാറി പരിശോധിച്ചപ്പോഴും ഫലം ആവർത്തിച്ചു. തുടർന്നാണ് രോഗം എബിഎസാണെന്ന് സ്ഥിരീകരിച്ചത്. പരിശോധനാഫലം അംഗീകരിച്ച കോടതി പ്രതിയെ കുറ്റവിമുക്തനാക്കി.
എബിഎസ് ഒരു ജനിതരോഗമല്ലെന്നും ശാരീരിക അവസ്ഥയാണെന്നും ക്ലിനിക്കൽ വിദഗ്ധ ലിസ ഫ്ളോറിൻ വ്യക്തമാക്കി. ശരീരത്തിൽ മദ്യാംശമുണ്ടെങ്കിലും കിക്ക് കിട്ടില്ലെന്നു കൂടി ലിസ പറയുന്നു. തീർന്നില്ലേ, കഥ!