യുഎസിൽ യുദ്ധവിരുദ്ധ വിദ്യാർഥി പ്രക്ഷോഭം 2–ാം ആഴ്ചയിലേക്ക്
Mail This Article
ന്യൂയോർക്ക് ∙ യുഎസ് സർവകലാശാല ക്യാംപസുകളിലെ ഗാസ യുദ്ധവിരുദ്ധ വിദ്യാർഥിപ്രക്ഷോഭം രണ്ടാം ആഴ്ചയിലേക്കു കടന്നു. പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ കൊളംബിയ സർവകലാശാലയിൽ കഴിഞ്ഞ 2 ദിവസവും സമരക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. പ്രതിഷേധം തുടരുമെന്നു വിദ്യാർഥി നേതാക്കൾ അറിയിച്ചു. ക്യാംപസിൽ കുടിൽകെട്ടിയുള്ള പ്രതിഷേധം കൊളംബിയയിൽ നിന്നാണ് ആരംഭിച്ചത്.
ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ സർവകലാശാലയിൽ കുടിൽകെട്ടി സമരം ചെയ്ത നൂറോളം പേരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. ഹംബോൾട്ടിലെ കലിഫോർണിയ സ്റ്റേറ്റ് പോളിടെക്നിക് യൂണിവേഴ്സിറ്റി ക്യാംപസിൽ തമ്പടിച്ച സമരക്കാരെ നീക്കം ചെയ്യാൻ പൊലീസിനെ നിയോഗിക്കുമെന്നു മുന്നറിയിപ്പു നൽകി. കൊളറാഡോയിൽ ഡെൻവറേസ് ഒറേറിയ ക്യാംപസിൽ 40 വിദ്യാർഥികൾ അറസ്റ്റിലായി.
ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ സമരക്കാരും പൊലീസുമായി ഏറ്റുമുട്ടി, 34 വിദ്യാർഥികൾ അറസ്റ്റിലായി. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ 36 പേരും മേയ് 10 ന്റെ ബിരുദദാനച്ചടങ്ങ് റദ്ദാക്കിയ യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയിൽ 90 വിദ്യാർഥികളും അറസ്റ്റിലായി. ഫ്രാൻസിലെ പ്രമുഖ ഗവേഷക സർവകലാശാലയായ പാരിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സ്റ്റഡീസിൽ (സ്വാൻസ് പൊ) കുടിൽകെട്ടി പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് ഒഴിപ്പിച്ചു.