നേപ്പാളിൽ ഭരണകക്ഷി പിളർത്തി പ്രചണ്ഡ; ഭൂരിപക്ഷം ഉറപ്പാക്കി
Mail This Article
കഠ്മണ്ഡു ∙ നേപ്പാളിൽ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ നേതൃത്വം നൽകുന്ന സർക്കാരിലെ പ്രമുഖ കക്ഷിയായ ജനതാ സമാജ്വാദി പാർട്ടി– നേപ്പാൾ (ജെഎസ്പി– എൻ) പിളർന്നു. പാർട്ടിയുടെ 12 പാർലമെന്റംഗങ്ങളിൽ 7 പേരും 29 കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് ജനതാ സമാജ്വാദി പാർട്ടി (ജെഎസ്പി) രൂപീകരിച്ചു. പുതിയ പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം നൽകി. അശോക് റായ് ആണ് പുതിയ നേതാവ്. പുതിയ പാർട്ടി പ്രചണ്ഡ സർക്കാരിൽ തുടരും.
ജെഎസ്പി– എൻ പാർട്ടി ചെയർമാനും ഉപപ്രധാനമന്ത്രിയുമായ ഉപേന്ദ്ര യാദവ് വിദേശത്തായിരിക്കെയാണ് പുതിയ പാർട്ടിയുണ്ടാകുന്നത്. പ്രധാനമന്ത്രി പ്രചണ്ഡയാണ് ഈ നീക്കത്തിനു പിന്നിലെന്നാണ് സൂചന.
ഉപേന്ദ്ര യാദവും പ്രചണ്ഡയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല. സർക്കാർ വിട്ട് പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസുമായി സഖ്യം സ്ഥാപിക്കാനുള്ള നീക്കത്തിലായിരുന്നു യാദവ്. നേപ്പാളി കോൺഗ്രസ് യാദവിന് പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തിരുന്നു. ഇതോടെ പ്രചണ്ഡ സർക്കാരിനുള്ള ഭീഷണി തൽക്കാലം ഒഴിവായി.