ADVERTISEMENT

മോസ്കോ ∙ കാൽനൂറ്റാണ്ടായി പ്രധാനമന്ത്രിയായും പ്രസിഡന്റായും മാറി മാറി റഷ്യ അടക്കിഭരിക്കുന്ന വ്ലാഡിമിർ പുട്ടിൻ‌ വീണ്ടും അധികാരമേറ്റു. പ്രസിഡന്റായുള്ള സത്യപ്രതിജ്ഞയും ചടങ്ങുകളും സർക്കാർ ആസ്ഥാനമായ ക്രെംലിനിൽ നടന്നു. തിരഞ്ഞെടുപ്പിൽ സുതാര്യതയില്ലെന്നാരോപിച്ച് യുഎസും യുകെയും കാനഡയും പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും പ്രതിനിധിയെ അയച്ചില്ല. 

ആ‍ഡംബര വാഹനവ്യൂഹത്തിൽ വന്നിറങ്ങിയ പുട്ടിൻ പരമ്പരാഗത ശൈലിയിൽ ക്രെംലിൻ കൊട്ടാരത്തിലെ ഇടനാഴികളിലൂടെ നടന്ന് അലംകൃതമായ സെന്റ് ആൻഡ്രൂ ഹാളിലെത്തിയാണു സത്യപ്രതിജ്ഞ ചെയ്തത്. റഷ്യൻ ഓർത്തഡ‍ോക്സ് സഭാധ്യക്ഷന്റെ അനുഗ്രഹവും വാങ്ങി. 

രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പുട്ടിൻ 1999 ലാണ് ആദ്യമായി റഷ്യയുടെ പ്രധാനമന്ത്രിയായത്. തുടർന്നു പ്രസിഡന്റും വീണ്ടും പ്രധാനമന്ത്രിയുമായി. 2012 ൽ വീണ്ടും പ്രസിഡന്റായി. 2020 ൽ കൊണ്ടുവന്ന നിയമപ്രകാരം 2036 വരെ അധികാരത്തിൽ തുടരാനുള്ള വകുപ്പുണ്ട്. 

മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ 87% വോട്ടു നേടിയാണ് പുട്ടിൻ ജയിച്ചത്. അലക്സി നവൽനി കൂടി അരങ്ങൊഴിഞ്ഞതോടെ റഷ്യയിൽ പുട്ടിന് രാഷ്ട്രീയ എതിരാളികളായി കരുത്തരാരുമില്ല. ആർട്ടിക് മേഖലയിലെ ജയിലിൽ കഴിയുമ്പോൾ കഴി​ഞ്ഞ ഫെബ്രുവരിയിലായിരുന്നു നവൽനിയുടെ പെട്ടെന്നുള്ള മരണം. പുട്ടിൻ കൊലപാതകിയും നുണയനുമാണെന്നും ആ ഭരണം ഉടൻ അവസാനിച്ച് സത്യം പുലരുമെന്നും നവൽനിയുടെ ഭാര്യ യുലിയ ഇന്നലെ പറഞ്ഞു. 

English Summary:

Vladimir Putin takes oath for the fifth term

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com