ADVERTISEMENT

ഇസ്‌ലാമാബാദ് ∙ ഗോതമ്പുപൊടിക്കും വൈദ്യുതിക്കും അന്യായമായി വിലവർധിപ്പിച്ചതിനെതിരെ പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) നടക്കുന്ന പ്രക്ഷോഭം വീണ്ടും അക്രമാസക്തമായി. സുരക്ഷാസേന (പാക്ക് റേഞ്ചേഴ്സ്) നടത്തിയ വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു. 6 പേർക്കു പരുക്കേറ്റിട്ടുമുണ്ട്. 

ഗോതമ്പുപൊടിക്കും വൈദ്യുതിക്കും സബ്സിഡി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനെത്തുടർന്ന് പ്രക്ഷോഭം തൽക്കാലം അവസാനിപ്പിച്ചതായി വ്യാപാരികൾ നേതൃത്വം നൽകുന്ന സംയുക്ത അവാമി ആക്‌ഷൻ കമ്മിറ്റി (ജെഎഎസി) പ്രഖ്യാപിച്ചു. പ്രക്ഷോഭകരോടു വീടുകളിലേക്കു മടങ്ങാനും കടയടപ്പുസമരം അവസാനിപ്പിക്കാനും സമിതിയുടെ നേതാവ് ഷൗക്കത്ത് നവാസ് മിർ നിർദേശം നൽകി. 

അർധസൈനിക വിഭാഗത്തിന്റെ വാഹനവ്യൂഹം ഇന്നലെ മുസാഫറാബാദിലെ ഷോറൻ ഡ നക്ക ഗ്രാമത്തിലെത്തിയപ്പോളാണ് അക്രമം തുടങ്ങിയത്. വാഹനങ്ങൾക്കുനേരെ കല്ലെറിഞ്ഞതിനെ തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചും വെടിയുതിർത്തും പ്രക്ഷോഭകരെ തുരത്തി. 19 വാഹനങ്ങളടങ്ങുന്ന വ്യൂഹം ബൈപാസിലൂടെ നഗരത്തിൽ പ്രവേശിച്ചപ്പോൾ കല്ലേറും അക്രമവും കൂടുതൽ ശക്തമായി. ഇതോടെയാണ് സേന ജനക്കൂട്ടത്തിനു നേരെ വെടിയുതിർത്തത്. 

ഇതിനിടെയാണ് പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക്ക് അധീനകശ്മീരിലെ പ്രധാനമന്ത്രി അൻവറുൽ ഹഖും ചേർന്ന് വൈദ്യുതിക്കും ഗോതമ്പിനും 2300 കോടി രൂപയുടെ സബ്സിഡിക്ക് അംഗീകാരം നൽകിയത്. പുതുക്കിയ നിരക്കനുസരിച്ച് 40 കിലോഗ്രാം ഗോതമ്പുപൊടിയുടെ വില 3100 രൂപയിൽനിന്ന് 2000 ആയി കുറച്ചു. 100 യൂണിറ്റ് വൈദ്യുതിക്ക് 3 രൂപവീതം കുറയ്ക്കുകയും ചെയ്തു. സബ്സിഡി സംബന്ധിച്ച വിജ്ഞാപനം വന്നശേഷം മറ്റുകാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രക്ഷോഭക സമിതി പറഞ്ഞു. ജെഎഎസിയുടെ നേതൃത്വത്തിൽ ശനിയാഴ്ച നടത്തിയ റാലിക്കിടയിൽ ഒരു പൊലീസ് ഇൻസ്പെക്ടർ വെടിയേറ്റു മരിച്ചിരുന്നു. 

English Summary:

Agitation in Pakistan Occupied Kashmir (PoK) has turned violent again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com