മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളും വിൽക്കാൻ പാക്കിസ്ഥാൻ
Mail This Article
ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാനിലെ തന്ത്രപ്രധാനമല്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിൽക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. നഷ്ടത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച സമിതിയുടെ യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ രാജ്യാന്തരനാണ്യനിധിയിൽ നിന്ന് പുതിയ വായ്പയ്ക്ക് ചർച്ച നടക്കുന്നതിനിടെയാണിതെന്നതും ശ്രദ്ധേയം.
നഷ്ടമോ ലാഭമോ എന്നു നോക്കാതെ തന്ത്രപ്രധാനമല്ലാത്ത മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളും 2029 നുള്ളിൽ വിറ്റൊഴിവാക്കും. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പകുതിയിലേറെയും നഷ്ടത്തിലാണ്. പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസും (പിഐഎ) അവർക്ക് ന്യൂയോർക്കിലെ മൻഹാറ്റനിലുള്ള റൂസ്‍വെൽറ്റ് ഹോട്ടലും വിൽക്കുന്നവയിൽപെടും. പിഐഎ വിൽപനയുടെ നടപടികൾ ഈ മാസം തന്നെ പൂർത്തിയാവും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ ഐഎംഎഫിൽ നിന്ന് 300 കോടി ഡോളർ വായ്പയെടുത്താണ് പിടിച്ചുനിൽക്കുന്നത്.