റഫയിലും ജബാലിയയിലും രൂക്ഷപോരാട്ടം, ആൾനാശം
Mail This Article
ജറുസലം ∙ തെക്കൻ ഗാസയിൽ റഫയിലെ 3 മേഖലകളിലും വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപ് മേഖലയിലും ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ രൂക്ഷയുദ്ധം തുടരുന്നു. ഇരുപക്ഷത്തും വൻ ആൾനാശമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹമാസിന്റെ ശേഷിക്കുന്ന 4 ബറ്റാലിയനുകളെ ഇല്ലാതാക്കും വരെ റഫയിൽ സൈനികനടപടി തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഏറ്റുമുട്ടൽ കനത്തതോടെ ഒരാഴ്ചയ്ക്കിടെ റഫയിൽനിന്ന് 4.5 ലക്ഷം പലസ്തീൻകാരും വടക്കൻ ഗാസയിൽനിന്ന് ഒരുലക്ഷം പേരും പലായനം ചെയ്തതെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഏജൻസികൾ അറിയിച്ചു. ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ ഗാസയിൽ 82 പലസ്തീൻകാർ കൊല്ലപ്പെട്ടു. സമീപ ആഴ്ചകളിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണിത്.
ഗാസയിലെ യുഎൻ സുരക്ഷാസംഘാംഗമായ ഇന്ത്യക്കാരൻ റിട്ട. കേണൽ വൈഭവ് അനിൽ കലേ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു. റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്കു പോകുമ്പോഴാണു യുഎൻ വാഹനത്തിനു നേരെ ഇസ്രയേൽ ടാങ്കുകൾ വെടിയുതിർത്തത്. ഇക്കാര്യം സ്ഥിരീകരിച്ച ഇസ്രയേൽ സൈന്യം, ഏറ്റുമുട്ടൽ മേഖലയിലൂടെ യുഎൻ വാഹനം സഞ്ചരിക്കുന്ന വിവരം അറിയില്ലായിരുന്നുവെന്നും വ്യക്തമാക്കി. അന്വേഷണത്തിനായി ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്ന് ഇന്ത്യ അറിയിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കാനായുള്ള നയതന്ത്രശ്രമങ്ങൾ ആരംഭിച്ചുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
രൂക്ഷമായ ആക്രമണം നടക്കുന്ന ജബാലിയയിൽ ഒട്ടേറെ വീടുകൾ ഇസ്രയേൽ ബോംബിട്ടുനിരത്തി. യുഎൻ പലസ്തീൻ റിലീഫ് ഏജൻസിയുടെ (യുഎൻആർഡബ്ല്യുഎ) റഫയിലെ കേന്ദ്രത്തിൽ ആയുധധാരികളെ കണ്ടെന്ന വിഡിയോ പുറത്തുവിട്ട ഇസ്രയേൽ, സംഭവത്തിൽ യുഎന്നിനോടു വിശദീകരണം ആവശ്യപ്പെട്ടു. യുഎൻ ഹമാസുമായി സഹകരിക്കുന്നുവെന്നും അവരെ സംരക്ഷിക്കുന്നെന്നും ഇസ്രയേലിന്റെ യുഎൻ അംബാസഡർ ഗിലാഡ് എർദാൻ ആരോപിച്ചു. പലസ്തീൻ രാഷ്ട്രം അംഗീകരിക്കാനുള്ള യുഎൻ പൊതുസഭയുടെ തീരുമാനവും ഇസ്രയേൽ തള്ളി. പലസ്തീൻ അനുകൂല വിദ്യാർഥിസമരം വ്യാപിച്ചതോടെ നെതർലൻഡ്‌സിലെ ആംസ്റ്റർഡാം സർവകലാശാലയിൽ ക്ലാസുകൾ നിർത്തിവച്ചു.
കൂടുതൽ വിദേശികൾക്ക് തൊഴിൽ: നെതന്യാഹു
ജറുസലം ∙ ഇസ്രയേലിൽ വിദേശജോലിക്കാരുടെ എണ്ണം വൻതോതിൽ വർധിപ്പിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. കൃഷി, നിർമാണം, നഴ്സിങ് മേഖലകളിൽ 3 ലക്ഷത്തോളം വിദേശജോലിക്കാരെ അനുവദിക്കാനാണു തീരുമാനം. യുദ്ധം മൂലം രാജ്യത്തു തൊഴിലാളിക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണിത്.