നെതന്യാഹുവിനെതിരെ വാറന്റ് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ
Mail This Article
ഹേഗ് ∙ ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു, പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ്, ഹമാസ് നേതാവ് യഹ്യ സിൻവർ അടക്കമുള്ളവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് രാജ്യാന്തര ക്രിമിനൽ കോടതിയിൽ (ഐസിസി) പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ആരോപിക്കുന്ന കുറ്റങ്ങൾക്കു തെളിവുണ്ടെന്ന് ജഡ്ജിമാർക്കു ബോധ്യപ്പെട്ടാലേ വാറന്റ് പുറപ്പെടുവിക്കൂവെങ്കിലും നെതന്യാഹുവിനും ഗലാന്റിനുമെതിരായ പ്രോസിക്യൂഷൻ നീക്കം ഇസ്രയേലിനു തിരിച്ചടിയായി.
നെതന്യാഹുവിനെ പിന്തുണച്ച് പ്രതിപക്ഷനേതാവ് യയ്ർ ലപീദ് അടക്കം രംഗത്തെത്തി. സിൻവർ ഉൾപ്പെടെ തങ്ങളുടെ 3 നേതാക്കൾക്കെതിരായ പ്രോസിക്യൂഷൻ നീക്കത്തെ ഹമാസും വിമർശിച്ചു. യുദ്ധത്തിനു കാരണമായ, കഴിഞ്ഞ ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് സിൻവർ.
ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിൽ നെതർലൻഡ്സിലെ ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിസിക്ക് അംഗരാജ്യങ്ങളിലെ പൗരന്മാരെ വിചാരണ ചെയ്യാനാകും. അതിനിടെ, റഫയിൽ ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചു. മധ്യ ഗാസയിൽ ഇതുവരെ സൈന്യം എത്താതിരുന്ന ദെയ്ർ അൽ ബല നഗരത്തിലും ആക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 106 പലസ്തീൻകാർ കൊല്ലപ്പെട്ടു.