ഇബ്രാഹിം റഈസി: യുവ വിപ്ലവകാരിയിൽനിന്ന് ഭരണാധികാരിയിലേക്ക്
Mail This Article
ഇറാനിലെ ഷാ ഭരണകൂടത്തെ താഴെയിറക്കിയ 1979 ലെ ഇസ്‌ലാമിക വിപ്ലവത്തിൽ പങ്കെടുത്ത യുവാവ്, രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ നിയന്ത്രിച്ചും തുടർന്നു പ്രസിഡന്റായും ഉയരങ്ങളിലെത്തിയ ജീവിതകഥയാണ് ഇബ്രാഹിം റഈസിയുടേത്. ഷിയാ മുസ്‌ലിംകളുടെ മുഖ്യതീർഥാടന കേന്ദ്രമായ വടക്കുകിഴക്കൻ ഇറാനിലെ മാഷ്ഹാദിൽ 1960 ൽ ആണു ജനനം. ഖൂമിലെ സെമിനാരിയിൽ ഖമനയി അടക്കമുള്ള ഉന്നത ഷിയാപണ്ഡിതർക്കു കീഴിൽ പരിശീലനം നേടി. ടെഹ്റാനിലെ ഷഹീദ് മോത്താഹാരി യൂണിവേഴ്സിറ്റിൽനിന്ന് ഇസ്‌ലാമിക നിയമവ്യവസ്ഥയിൽ പിഎച്ച്ഡി നേടി.
-
Also Read
ആകാശത്ത് പൊലിഞ്ഞ താര നേതാക്കൾ
1979 ലെ വിപ്ലവത്തിനുശേഷം ആയത്തുല്ല ഖമനയിയുടെ നേതൃത്വത്തിൽ ഇസ്‌ലാമിക് റിപ്പബ്ലിക് സ്ഥാപിതമായശേഷം 1980 കളുടെ തുടക്കത്തിൽ പല കോടതികളിൽ ജഡ്ജിയായിരുന്നു. 1988 ൽ ടെഹ്റാനിൽ രാഷ്ട്രീയതടവുകാർക്കു കൂട്ടവധശിക്ഷ വിധിച്ച ജഡ്ജിമാരുടെ പാനലിൽ അംഗമായിരുന്നു. ഈ നടപടിയുടെ പേരിൽ റഈസിക്കെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നിരുന്നു. 1989–94 കാലത്ത് ടെഹ്റാൻ പ്രോസിക്യൂട്ടർ ജനറലായി. 2004 വരെ അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും അന്വേഷിക്കുന്ന സമിതിയുടെ തലവനായി പ്രവർത്തിച്ചു.
2004–14 ൽ ജുഡീഷ്യറിയുടെ ഫസ്റ്റ് ഡപ്യൂട്ടി ഹെഡ് പദവി വഹിച്ചു. ഇറാന്റെ പരമോന്നത നേതാവിനെ നിശ്ചയിക്കുന്ന വിദഗ്ധ സമിതിയിൽ 2006 ൽ അംഗമായി. 2009 ലെ തിരഞ്ഞെടുപ്പിനുശേഷം ജനകീയ പ്രക്ഷോഭം ശക്തമായപ്പോൾ ക്രൂരമായ അടിച്ചമർത്തലിനും നേതൃത്വം നൽകി. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ യുഎസ് ഉപരോധം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
2014 മുതൽ 2016 വരെ പ്രോസിക്യൂട്ടർ ജനറൽ പദവി വഹിച്ചു. 2017 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഹസൻ റൂഹാനിയോടു തോറ്റു. 2019 ൽ ഇറാന്റെ ചീഫ് ജസ്റ്റിസായി നിയമിതനായി. 2021 ൽ 48.8% പേർ മാത്രം വോട്ട് ചെയ്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചു. 1979 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമായിരുന്നു അത്തവണത്തേത്.
വൻശക്തികളുമായുണ്ടാക്കിയ ആണവകരാറിൽനിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറിയതോടെ ഇറാനെതിരെ കൂടുതൽ ഉപരോധങ്ങളുണ്ടായി. യുഎസുമായി അകന്നുനിൽക്കുമ്പോഴും ചൈനയും റഷ്യയുമായി നല്ല ബന്ധം സ്ഥാപിക്കാൻ റഈസിക്കു കഴിഞ്ഞത് ഇറാനു മധ്യപൂർവദേശത്ത് തന്ത്രപരമായ മേധാവിത്വം നൽകി. ഗാസയിലെ ഹമാസിനു ശക്തമായ പിന്തുണ നൽകി ഉറച്ച പലസ്തീൻ നയം തുടർന്നു.
സൗദി അടക്കം ഗൾഫ് രാജ്യങ്ങളുമായും സൗഹൃദം പുനഃസ്ഥാപിക്കുന്നതിൽ വിജയിച്ചു. ഇന്ത്യയുമായും ഇറാനു മികച്ച ബന്ധമാണുള്ളത്. ഇറാനിലെ ചാബഹാർ ഷാഹിദ്– ബെഹെസ്തി തുറമുഖത്തിന്റെ നിയന്ത്രണം അടുത്ത 10 വർഷത്തേക്ക് ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിനു കൈമാറാനുള്ള കരാർ ഇന്ത്യയും ഇറാനും തമ്മിൽ കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു.
ഇതേസമയം, 2022 സെപ്റ്റംബറിൽ ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചത് മാസങ്ങൾ നീണ്ട ജനകീയപ്രക്ഷോഭത്തിനു കാരണമായി. ഉരുക്കുമുഷ്ടി ഉപയോഗിച്ചു പ്രക്ഷോഭം അടിച്ചമർത്തി. ഇറാൻ രാഷ്ട്രീയത്തിലെ തീവ്രനിലപാടുകാരായ യാഥാസ്ഥിതിക വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന റഈസി പരമോന്നത നേതാവായ ആയത്തുല്ല ഖമനയിയുടെ പിൻഗാമിയാകുമെന്നും കരുതപ്പെട്ടിരുന്നു. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനിരിക്കെയാണു ദുരന്തം.
തകർന്നത് 40–50 വർഷം പഴക്കമുള്ള ഹെലികോപ്റ്റർ; ഉപരോധം മൂലം അറ്റകുറ്റപ്പണിക്കുള്ള യന്ത്രഭാഗങ്ങൾ കിട്ടിയില്ല
ഇറാനിൽ തകർന്നുവീണ യുഎസ് നിർമിത ഹെലികോപ്റ്ററിന് കുറഞ്ഞത് 40–50 വർഷം പഴക്കമുണ്ടാകുമെന്നാണു നിഗമനം. ഹെലികോപ്റ്ററിൽ സിഗ്നൽ സംവിധാനം പ്രവർത്തിച്ചിരുന്നില്ലെന്നു തുർക്കിയുടെ ഗതാഗതമന്ത്രി പറഞ്ഞത് കാലപ്പഴക്കം മൂലമുള്ള തകരാറിലേക്കു വിരൽ ചൂണ്ടുന്നു. ഹെലികോപ്റ്റർ ഇറാൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതാണെന്നു റിപ്പോർട്ടുണ്ട്.
1970 കളിൽ ഷാ ഭരണകാലത്തു വാങ്ങിയ ഹെലികോപ്റ്ററുകളും വിമാനങ്ങളും ഇറാൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. അവ നവീകരിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള യന്ത്രഭാഗങ്ങൾ പാശ്ചാത്യ ഉപരോധം മൂലം ലഭ്യമല്ല. ആണവപദ്ധതിയുമായി ബന്ധപ്പെട്ട് യുഎസ് ഉപരോധം കടുപ്പിച്ചതോടെ സ്ഥിതി വഷളാകുകയും ചെയ്തു. കള്ളക്കടത്തായി സംഘടിപ്പിക്കുന്ന യന്ത്രഭാഗങ്ങളാണ് പലപ്പോഴും ഉപയോഗിക്കുന്നത്.
കൈവശമുള്ള മോഡലുകളുടെ മാതൃകയിൽ തദ്ദേശീയമായി നിർമിച്ച യന്ത്രഭാഗങ്ങളും ഉപയോഗിക്കുന്നുണ്ട്. ഉപരോധം മൂലമുള്ള പരിമിതിക്കിടയിലും വ്യോമയാന രംഗത്ത് ഇറാനു മികച്ച സാങ്കേതികശേഷിയുണ്ടെന്നും പാശ്ചാത്യ വിദഗ്ധർ പറയുന്നു. അപകടം എങ്ങനെയുണ്ടായെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ആഭ്യന്തര അന്വേഷണമുണ്ടായാലും വിവരങ്ങൾ പുറത്തുവിടാൻ സാധ്യതയില്ല
ബെൽ 212 ഹെലികോപ്റ്റർ
∙നിർമാണം: യുഎസിലെ ബെൽ ഹെലികോപ്റ്റർ (കമ്പനിയുടെ ഇപ്പോഴത്തെ പേര് ബെൽ ടെക്സ്ട്രോൺ).
∙വിയറ്റ്നാം യുദ്ധകാലത്ത് വ്യാപകമായിരുന്ന യുഎച്-1 എൻ ‘ട്വിൻ ഹ്യൂയി’യുടെ പരിഷ്കരിച്ച മോഡൽ.
∙1968ൽ ആദ്യ കോപ്റ്റർ കാനഡ സൈന്യത്തിനു വേണ്ടി നിർമിച്ചു. പിന്നീട് യുഎസ് സൈന്യവും ഉപയോഗിച്ചു.
∙1971ൽ വാണിജ്യആവശ്യങ്ങൾക്കായും ഉപയോഗിച്ചു തുടങ്ങി. 1988ൽ നിർമാണം കാനഡയിലെ ക്യുബെക്കിലേക്കു മാറ്റി. 1998ൽ നിർമാണം നിർത്തി.
പ്രത്യേകതകൾ:
2 ബ്ലേഡുള്ള ഇടത്തരം കോപ്റ്റർ. ഇരട്ട എൻജിൻ. യാത്രയ്ക്കും ചരക്കുനീക്കത്തിനും തീയണയ്ക്കുന്നതിനും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. പൈലറ്റ് ഉൾപ്പെടെ 15 യാത്രക്കാർക്കു കയറാം.
ഉപയോഗിക്കുന്നവർ:
കാനഡ തീരസേന, ഇറാൻ സർക്കാർ, ജപ്പാൻ തീരസേന, സെർബിയ, തായ്‌ലൻഡ്, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ പൊലീസ് വകുപ്പുകൾ, യുഎസിലെ പൊലീസ്, അഗ്നിശമനസേനകൾ.