ADVERTISEMENT

വിമാന, ഹെലികോപ്റ്റർ അപകടങ്ങളിൽ മരിച്ച രാജ്യാന്തര രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിലേക്ക് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും. പാക്കിസ്ഥാൻ പ്രസിഡന്റ് സിയാ ഉൽ ഹഖ്, ഫിലിപ്പീൻസ് പ്രസിഡന്റ് റമൺ മഗ്സസെ, യുഎൻ സെക്രട്ടറി ജനറൽ ഡാഗ് ഹമ്മർസ്‌കോൾഡ് തുടങ്ങിയ പ്രമുഖരും ആ നിരയിലുണ്ട്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡി (2009), കോൺഗ്രസ് നേതാക്കളായിരുന്ന സഞ്ജയ് ഗാന്ധി (1980), മാധവറാവു സിന്ധ്യ (2001), മോഹൻ കുമാരമംഗലം (1973), ലോക്സഭാ സ്പീക്കർ ജി.എം.സി ബാലയോഗി (2002) തുടങ്ങിയ ഇന്ത്യൻ രാഷ്ട്രീയനേതാക്കളും ആകാശദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരാണ്.

രാജ്യാന്തര നേതാക്കൾ മരിച്ച ആകാശദുരന്തങ്ങൾ

1936 ഡിസംബർ 9: സ്വീഡൻ പ്രധാനമന്ത്രി അർവിദ് ലിൻഡ്‌മാൻ ലണ്ടനിൽ വിമാനം തകർന്നു മരിച്ചു.

1943 ജൂലൈ 4: പോളണ്ടിന്റെ മുൻപ്രധാനമന്ത്രി വ്ലാഡിസ്‌ലാവ് സികോർസ്‌കി മെഡിറ്ററേനിയൻ കടലിൽ വിമാനം തകർന്നു വീണു മരിച്ചു.

1957 മാർച്ച് 17 : ഫിലിപ്പീൻസ് പ്രസിഡന്റ് റമൺ മഗ്സസെ വിമാനം തകർന്നു മരിച്ചു.

1959 മാർച്ച് 29: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് (സിഎആർ) പ്രസിഡന്റ് ബെർത്തലേമി ബൊഗാൻഡ വിമാനം ആകാശത്തുവച്ച് പൊട്ടിത്തെറിച്ചു മരിച്ചു.

1961 സെപ്‌റ്റംബർ 17: യുഎൻ സെക്രട്ടറി ജനറൽ ഡാഗ് ഹമ്മർസ്‌കോൾഡ് സാംബിയയിൽ വിമാനം തകർന്നു മരിച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം വനമധ്യത്തിൽ തകർന്നു വീഴുകയായിരുന്നു.

1966 ഏപ്രിൽ 13: ഇറാഖ് പ്രസിഡന്റ് അബ്‌ദുൽ സലാം ആരിഫ് സൈനികവിമാനം തകർന്നു മരിച്ചു. ചുഴലിക്കാറ്റിൽ അകപ്പെട്ടായിരുന്നു ദുരന്തം.

1967 ജൂലൈ 18 : ബ്രസീൽ മുൻ പ്രസിഡന്റ് മാർഷൽ‍ ഹംബർട്ടോ ബ്രാൻകോ വിമാനപകടത്തിൽ മരിച്ചു. സ്ഥാനം ഒഴിഞ്ഞ് ഏതാനും നാൾക്കുളളിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ചെറുവിമാനം എയർഫോഴ്സ് വിമാനവുമായി കൂട്ടിയിടിച്ചു.

1977 ജനുവരി 18: യുഗൊസ്‌ലാവ്യ പ്രധാനമന്ത്രി ഡിസെമൽ ബിജെഡിക് വിമാനം തകർന്നു മരിച്ചു. വിമാനം മഞ്ഞുവീഴ്‌ചയിൽപ്പെട്ടു മലഞ്ചെരിവിൽ ഇടിച്ചു.

1981 മേയ് 24: ഇക്വഡോർ പ്രസിഡന്റ് ജാമി റോൾഡോസ് അഗ്യൂലേറെ വിമാനം തകർന്നു മരിച്ചു. മോശം കാലാവസ്ഥയെ തുടർന്നായിരുന്നു അപകടം. 

1981 ജൂലൈ 31: പാനമ നേതാവ് ജനറൽ ഒമർ ടോറിജോസ് വ്യോമസേനാ വിമാനം തകർന്നു മരിച്ചു. സംശയകരമായ സാഹചര്യത്തിലായിരുന്നു അപകടം.

1986 ഒക്‌ടോബർ 19: മൊസാംബിക് പ്രസിഡന്റ് സമോറ മൈക്കിൾ വിമാനം കൊടുങ്കാറ്റിൽപ്പെട്ടു തകർന്നു മരിച്ചു. 

1987 ജൂൺ 1: ലബനൻ പ്രധാനമന്ത്രി റാഷിദ് കരാമി ഉത്തരബെയ്റൂട്ടിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. കോപ്റ്ററിനുളളിൽ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

1988 ഓഗസ്‌റ്റ് 17: പാക്കിസ്‌ഥാൻ പ്രസിഡന്റ് ജനറൽ മുഹമ്മദ് സിയാ ഉൽ ഹഖ് വ്യോമസേനാ വിമാനം തകർന്നു മരിച്ചു. വിമാനം ബാവൽപൂരിൽനിന്നു പറന്നുയർന്ന ഉടനെയായിരുന്നു അപകടം.

1994 ഏപ്രിൽ 6: റുവാണ്ട പ്രസിഡന്റ് ജുവനൽ ഹബ്യാർമമയും ബുറുണ്ടി പ്രസിഡന്റ് സിപ്രിയൻ എന്റാർമിരയും സഞ്ചരിച്ചിരുന്ന വിമാനം റോക്കറ്റാക്രമത്തിൽ തകർന്ന് ഇരുവരും കൊല്ലപ്പെട്ടു. കിഗാലി വിമാനത്താവളത്തോട് അടുക്കവേയായിരുന്നു ദുരന്തം.

2004 ഫെബ്രുവരി 26 : മാസിഡോണിയ പ്രസിഡന്റ് ബോറിസ് ട്രജ്‌കോവ്‌സ്‌കി വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വിമാനം ദക്ഷിണ ബോസ്‌നിയയിലെ മലനിരകളിൽ തട്ടിത്തകരുകയായിരുന്നു

2005 ജൂലൈ 30: സുഡാൻ വൈസ് പ്രസിഡന്റ് ജോൺ ഗാരങ് മോശം കാലാവസ്‌ഥയെത്തുടർന്ന് ഹെലികോപ്‌ടർ തകർന്നു മരിച്ചു.

2010 ഏപ്രിൽ 10: പോളണ്ട് പ്രസിഡന്റ് ലെഫ് കടിൻസ്‌കി വിമാനം തകർന്നുവീണു മരിച്ചു. അപകടത്തിൽ മറ്റ് 96 പേർ കൂടി മരിച്ചു.

2024 ഫെബ്രുവരി 6: ചിലെ മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനെറ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.

English Summary:

Star leaders who died in helicopter accidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com