ഇറാൻ പ്രസിഡന്റിന്റെ കോപ്റ്റർ തകർന്നു: രക്ഷാപ്രവർത്തനം അതീവദുഷ്കരം, മൂടൽമഞ്ഞും മഴയും വെല്ലുവിളി
Mail This Article
ദുബായ് ∙ ഇറാൻ–അസർബൈജാൻ അതിർത്തിയിൽ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം മടങ്ങുന്നതിനിടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ (63) ഹെലികോപ്റ്റർ വിദൂരവനമേഖലയിൽ അപകടത്തിൽപെട്ടു. മൂടൽമഞ്ഞും മഴയും മൂലം മോശം കാലാവസ്ഥയിൽ രക്ഷാപ്രവർത്തനം അതീവദുഷ്കരമാണെന്ന സർക്കാർ അറിയിപ്പല്ലാതെ വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇറാനിലെ ഈസ്റ്റ് അസർബൈജാൻ പ്രവിശ്യയിൽ ജോൾഫയ്ക്കടുത്തു വനമേഖലയിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കേണ്ടിവന്നെന്നാണു വിവരം. ടെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെയാണീ സ്ഥലം.
ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർഅബ്ദുല്ലാഹിയാൻ, പ്രവിശ്യാ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഹെലികോപ്റ്റിൽ റഈസിക്ക് ഒപ്പമുണ്ടായിരുന്നു. പ്രസിഡന്റിനായി പ്രാർഥിക്കാൻ ജനങ്ങളോട് അഭ്യർഥിക്കുന്ന സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചു.
രക്ഷാസംഘങ്ങൾ എത്താൻ സമയമെടുക്കുന്ന വിദൂരമേഖലയിലാണ് അപകടമുണ്ടായതെന്ന് ആഭ്യന്തര മന്ത്രി അഹമ്മദ് വഹീദി അറിയിച്ചു. രക്ഷാസംഘത്തിലെ ഒരു ഹെലികോപ്റ്റർ സംഭവസ്ഥലത്ത് ഇറങ്ങാൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം പിന്മാറേണ്ടിവന്നതായി സർക്കാർ വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു. 3 ഹെലികോപ്റ്ററുകളാണ് പ്രസിഡന്റിന്റെ യാത്രാസംഘത്തിലുണ്ടായിരുന്നത്. മറ്റു 2 ഹെലികോപ്റ്ററുകളും സുരക്ഷിതമാണെന്നാണു വിവരം.
ഇറാൻ–അസർബൈജാൻ അതിർത്തിയിൽ ഇന്നലെ ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനത്തിനായാണു റഈസി എത്തിയത്. അസർബൈജാൻ പ്രസിഡന്റ് ഇൽഹഹം അലിയേവും പങ്കെടുത്തിരുന്നു.
ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ൽ ഇറാൻ പ്രസിഡന്റായ റഈസി, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വത്സലശിഷ്യനും അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്നുവരെ കരുതപ്പെടുന്ന കരുത്തുറ്റ നേതാവുമാണ്.
ആണവ വിഷയത്തിൽ പാശ്ചാത്യ ഉപരോധങ്ങൾ നേരിടുന്ന ഇറാൻ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ പുതിയവ വാങ്ങുന്നതിനും അവയുടെ അറ്റകുറ്റപ്പണിക്കുള്ള ഭാഗങ്ങൾ സംഘടിപ്പിക്കുന്നതിനും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇറാൻ സൈന്യത്തിന്റെ പക്കലുള്ള പല വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലഹരണപ്പെട്ടതാണ്.
ഗാസ യുദ്ധംമൂലം കലുഷിതമായ മധ്യപൂർവദേശ മേഖലയിൽ പ്രധാന ശക്തിയാണ് ഇറാൻ. ഇസ്രയേലിനെതിരെ പോരാടുന്ന ഗാസയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാൻ ശക്തമായ പിന്തുണയാണു നൽകുന്നത്.