ഗാസ ഭരണം : ഇസ്രയേൽ നേതൃനിരയിൽ ഭിന്നത രൂക്ഷം
Mail This Article
ജറുസലം ∙ യുദ്ധാനന്തര ഗാസയിൽ സ്ഥിരം സൈനികഭരണം ഏർപ്പെടുത്തുന്നതിൽ വിയോജിച്ച് ഇസ്രയേലിലെ മുതിർന്ന നേതാവും വാർ കാബിനറ്റ് അംഗവുമായ ബെന്നി ഗാന്റ്സ് രാജിഭീഷണി മുഴക്കിയതോടെ നെതന്യാഹു സർക്കാരിലെ ഭിന്നത കൂടുതൽ രൂക്ഷമായി. അതിനിടെ, മധ്യ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. റഫയിൽനിന്ന് ഒരാഴ്ചയ്ക്കിടെ 8,000 പലസ്തീൻകാർ പലായനം ചെയ്തു. ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 35456 ആയി.
പലസ്തീൻ പങ്കാളിത്തത്തോടെ യുദ്ധാനന്തര ഗാസയുടെ ഭരണം സംബന്ധിച്ച പദ്ധതി ജൂൺ 8ന് അകം തയാറാക്കിയില്ലെങ്കിൽ രാജി വയ്ക്കുമെന്നാണു ബെന്നി ഗാന്റ്സിന്റെ മുന്നറിയിപ്പ്. ഈ നയത്തിൽ യുഎസിന്റെ പിന്തുണ ഗാന്റ്സിനുണ്ടെന്നും റിപ്പോർട്ടുണ്ട്. പ്രതിരോധമന്ത്രി യൊയാവ് ഗലാന്റും സൈനികഭരണം വേണ്ടെന്ന നിലപാടിലാണ്. ഗാന്റ്സ് രാജി വച്ചാലും സഖ്യസർക്കാരിനു ഭീഷണിയില്ല. എന്നാൽ, ഇതോടെ തീവ്രവലതുപക്ഷ പാർട്ടികൾ നെതന്യാഹു സർക്കാരിൽ കൂടുതൽ പിടിമുറുക്കും. ഗാസയിൽ ഇസ്രയേലിന്റെ സൈനിക നിയന്ത്രണവും കുടിയേറ്റ വ്യാപനവുമാണു ഈ പാർട്ടികൾ ആവശ്യപ്പെടുന്നത്. നെതന്യാഹു യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്നാരോപിച്ചു ശനിയാഴ്ച ടെൽ അവീവിൽ നടന്ന പ്രതിഷേധറാലിയിൽ ഒരുലക്ഷം പേർ പങ്കെടുത്തു.
ഗാസ സംബന്ധിച്ച ചർച്ചകൾക്കായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇസ്രയേലിൽ എത്തിയിട്ടുണ്ട്. സൗദിയുമായി ചർച്ചകളുടെ തുടർച്ചയായാണ് ഇത്. ഇതിനിടെ, വാഷിങ്ടൻ ഡിസിയിൽ നടന്ന പലസ്തീൻ അനുകൂല പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിചേർന്നു.