ADVERTISEMENT

ടെഹ്റാൻ ∙ ഞായറാഴ്ചത്തെ ഹെലികോപ്റ്റർ ദുരന്തത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും (63) വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയനും (60) ഉൾപ്പെടെ 9 പേരും മരിച്ചതായി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് അസർബൈജാൻ അതിർത്തിയോടു ചേർന്ന പർവതമേഖലയിൽ രാത്രി മുഴുവൻ നീണ്ട തിരച്ചിലിനുശേഷം ഇന്നലെ രാവിലെയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹെലികോപ്റ്റർ പൂർണമായി കത്തിയെരിഞ്ഞു. അപകടകാരണം ഇറാൻ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ പങ്കില്ലെന്ന് ഇസ്രയേൽ പ്രതികരിച്ചു.

ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖബറിനെ (59) ഇടക്കാല പ്രസിഡന്റായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി നിയമിച്ചു. മുഖബറും റഈസിയെപ്പോലെ ഖമനയിയുടെ വിശ്വസ്തനാണ്. ഭരണഘടനപ്രകാരം പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 50 ദിവസത്തിനകം നടത്തണം. 

ഇറാനിലെ ഈസ്റ്റ് അസർബൈജാൻ പ്രവിശ്യയിൽ, അയൽരാജ്യമായ അസർബൈജാനുമായി സഹകരിച്ചു നിർമിച്ച ഖിസ് ഖലാസി അണക്കെട്ടിന്റെ ഉദ്ഘാടനത്തിനുശേഷം മടങ്ങുമ്പോൾ തബ്രിസ് നഗരത്തിനു വടക്കു വർസെഖാനിലെ മലമ്പ്രദേശത്താണ് അപകടമുണ്ടായത്. പ്രവിശ്യാ ഗവർണറും തബ്രിസിലെ മുതിർന്ന ഇമാമും മരിച്ചവരിൽ ഉൾപ്പെടുന്നു. യുഎസ് നിർമിത ബെൽ 212 ഹെലികോപ്റ്ററാണു തകർന്നത്. മഞ്ഞും കനത്ത മഴയുമായി തീർത്തും പ്രതികൂല കാലാവസ്ഥയിൽ തിരച്ചിലിനു ഡ്രോണുകളും ഉപയോഗിച്ചു. 

പർവതമേഖലയിൽ തീപടർന്ന സ്ഥലം ഡ്രോൺ കണ്ടെത്തുകയും തുടർന്ന് രക്ഷാപ്രവർത്തകർ അവിടെയെത്തുകയുമായിരുന്നു. പാശ്ചാത്യ ഉപരോധം നേരിടുന്ന ഇറാന് പുതിയ ഹെലികോപ്റ്ററുകളും അറ്റകുറ്റപ്പണിക്കു വേണ്ട ഘടകങ്ങളും കിട്ടാൻ പ്രയാസമാണ്. റഈസിയുടെ മരണത്തിൽ അഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയിൽ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേരളത്തിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണമായിരിക്കുമെന്നും ഓഫിസുകളിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

യാഥാസ്ഥിതിക പക്ഷത്തെ ശക്തൻ

ഇറാനിലെ പരമോന്നത നേതാവായ ആയത്തുല്ല ഖമനയിയുടെ (85) പിൻഗാമിയാകുമെന്നു കരുതപ്പെട്ടിരിക്കെയാണ് ഇബ്രാഹിം റഈസിയുടെ മരണം. യാഥാസ്ഥിതിക പക്ഷത്തെ ശക്തനായ നേതാവായ റഈസി 2021 ലാണ് പ്രസിഡന്റായത്. അദ്ദേഹത്തിന്റെ കാലത്ത് മതനിയമങ്ങൾ കൂടുതൽ കർശനമാക്കിയത് ശക്തമായ പ്രക്ഷോഭത്തിനു കാരണമായി.  ആണവപദ്ധതിയുമായി മുന്നോട്ടുപോയത് യുഎസുമായുള്ള സംഘർഷവും വർധിപ്പിച്ചു.

ഗാസയിൽ ഹമാസിനും ലബനനിൽ ഹിസ്ബുല്ലയ്ക്കും യെമനിൽ വിമതസേനയായ ഹൂതികൾക്കും നൽകിയ പിന്തുണയിലൂടെ ഇസ്രയേലുമായും സംഘർഷ പാതയിലായിരുന്നു.

English Summary:

Iran's President Ebrahim Raisi declared dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com