ADVERTISEMENT

ടെഹ്റാൻ ∙ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ കബറടക്കം പുണ്യനഗരമായ മാഷ്ഹദിൽ നാളെ നടക്കും. പ്രമുഖ തീർഥാടനകേന്ദ്രമായ ഇമാം റേസ പള്ളിയിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ നേതൃത്വത്തിലാണു പ്രാർഥനാച്ചടങ്ങുകൾ. കബറടക്കത്തിനു മുന്നോടിയായി റഈസിയുടെ ജന്മനാടായ ബിർജന്ദിൽ വിലാപയാത്രയുണ്ടാകും. വെള്ളിയാഴ്ച വരെ രാജ്യമെമ്പാടും 5 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 

അപകടം നടന്ന ഇറാനിയൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാന് അടുത്തുള്ള തബ്രിസ് നഗരത്തിൽ റഈസിയുടെയും ഒപ്പം കൊല്ലപ്പെട്ട വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും മൃതദേഹങ്ങളുമായി ഇന്നലെ വിലാപയാത്രയും പ്രാർഥനകളും നടന്നു. തുടർന്ന് ഔദ്യോഗിക വിമാനത്തിൽ ടെഹ്റാനിലെത്തിച്ച റഈസിയുടെ മൃതദേഹം സൈനിക അകമ്പടിയോടെ വിമാനത്തിൽനിന്നു പുറത്തെത്തിച്ചു.

ഇന്ന് ടെഹ്റാനിലെ മുസല്ല പള്ളിയിൽ വിപുലമായ പ്രാർഥനാച്ചടങ്ങുകളുണ്ട്. വിലാപയാത്രകൾക്ക് സൗകര്യമൊരുക്കാനായി ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. 1981 ൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട പ്രസിഡന്റ് മുഹമ്മദ് അലി രജയ്‌യുടെ കബറടക്കം ടെഹ്റാനിലായിരുന്നു. 

ഇതേസമയം, ഇറാനിൽ റഈസിയുടെ വിമർശകർ അദ്ദേഹത്തിന്റെ മരണം ആഘോഷിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ജൂൺ 28ന് ഇറാനിൽ വോട്ടെടുപ്പ് നടക്കും. 

അയൽരാജ്യമായ അസർബൈജാനുമായി സഹകരിച്ചു നിർമിച്ച ഖിസ് ഖലാസി അണക്കെട്ടിന്റെ ഉദ്ഘാടനത്തിനുശേഷം റഈസി (63) മടങ്ങുമ്പോൾ വർസെഖാനിലെ മലമ്പ്രദേശത്ത് ഞായറാഴ്ചയാണ് അപകടമുണ്ടായത്. പ്രസിഡന്റും വിദേശകാര്യമന്ത്രിയും പ്രവിശ്യാ ഗവർണറും ഉൾപ്പെടെ 9 പേർ അപകടത്തിൽ മരിച്ചു.

English Summary:

Iran president Ebrahim Raisi funeral tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com