പലസ്തീനെ അംഗീകരിച്ച് നോർവേ, അയർലൻഡ്, സ്പെയിൻ; ഇസ്രയേലിനു കനത്ത തിരിച്ചടി
Mail This Article
ജറുസലം ∙ നോർവേയും അയർലൻഡും സ്പെയിനും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം പുതിയ വഴിത്തിരിവിലേക്ക്. മേയ് 28ന് ഇതു സംബന്ധിച്ചു പ്രഖ്യാപനമുണ്ടാകും. 3 രാജ്യങ്ങളിൽ നിന്നും അംബാസഡർമാരെ തിരിച്ചുവിളിച്ച ഇസ്രയേൽ, നടപടിയെ കടുത്ത ഭാഷയിൽ അപലപിച്ചു. നീക്കത്തെ പലസ്തീൻ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തു.
ഇസ്രയേലിന്റെ പരമാധികാരം ഇല്ലാതാക്കാൻ ശ്രമിച്ചാൽ കൂടുതൽ കനത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നു വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പു നൽകി. ‘നാറ്റോ’യിൽ സഖ്യരാജ്യങ്ങളായ സ്പെയിനും നോർവേയും നടത്തിയ നീക്കം യുഎസിനും തിരിച്ചടിയായി. അതിനിടെ, ഇസ്രയേൽ സുരക്ഷാ മന്ത്രി ഇതാമർ ബെൻ വിർ വീണ്ടും അൽ അഖ്സ മസ്ജിദ് വളപ്പിലെത്തി. കഴിഞ്ഞ വർഷം ഇദ്ദേഹം നടത്തിയ സന്ദർശനം ഹമാസിനെ പ്രകോപ്പിക്കുകയും പിന്നീട് ഇസ്രയേലിൽ ആക്രമണം നടത്താനുള്ള കാരണങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു. പലസ്തീനെ അംഗീകരിച്ച 3 രാജ്യങ്ങളുടെയും നീക്കത്തോടുള്ള പ്രതികരണമാണ് സന്ദർശനമെന്നു മന്ത്രി വ്യക്തമാക്കി.
ഗാസയിൽ വെടിനിർത്താനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനാണ് പ്രഖ്യാപനമെന്നു സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. സുരക്ഷിതമായും സമാധാനപരമായും നിലനിൽക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നതിൽ സംശയമേതുമില്ലെന്നു പറഞ്ഞ അയർലൻഡ് പ്രധാനമന്ത്രി സൈമൺ ഹാരിസ് ഗാസയിൽ തടവുകാരായി കഴിയുന്നവരെ ഉടൻ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്രയേൽ–പലസ്തീൻ പ്രശ്നത്തിനുള്ള ഒരേയൊരു പരിഹാരം ഇരു രാജ്യങ്ങളും സമാധാനപരമായി കഴിയുകയാണെന്നു നോർവേ പ്രധാനമന്ത്രി യൊനാസ് ഗാർ സ്റ്റൊറെ വ്യക്തമാക്കി.
അംഗീകരിച്ചും അവഗണിച്ചും
144 യുഎൻ അംഗരാഷ്ട്രങ്ങൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നുണ്ട്. റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ ഇതിൽപെടും. എന്നാൽ, യൂറോപ്യൻ യൂണിയനിലെ ഏതാനും രാജ്യങ്ങൾ മാത്രമേ പലസ്തീനെ അംഗീകരിക്കുന്നുള്ളൂ. ബ്രിട്ടനും ഓസ്ട്രേലിയയും വൈകാതെ അംഗീകാരം നൽകുമെന്നു സൂചന നൽകിയിട്ടുണ്ട്. ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്ന യുഎസിനാകട്ടെ ഇതു യുഎന്നിൽ വീറ്റോ ചെയ്യാൻ കഴിയും. ഫ്രാൻസും ജർമനിയും പലസ്തീനെ അംഗീകരിച്ചിട്ടില്ല.
റഫയിൽ കനത്ത ആക്രമണം
ഗാസയിൽ സംഘർഷം തുടരുകയാണ്. റഫ നഗരത്തിന്റെ കൂടുതൽ ഉൾപ്രദേശങ്ങളിലേക്കു നീങ്ങിയ ഇസ്രയേൽ സേന കനത്ത ആക്രമണം അഴിച്ചുവിട്ടു. ഹമാസ് കടപുഴകും വരെ ആക്രമണം നടത്തുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കിടെ 9 ലക്ഷം പേരാണ് ഇവിടെ നിന്നു പലായനം ചെയ്തത്.