ADVERTISEMENT

ടെഹ്റാൻ ∙ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ജനാസ നമസ്കാരത്തിനു പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി നേതൃത്വം നൽകി. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് മഖ്ബേർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ടെഹ്റാൻ സർവകലാശാലയിൽ നിന്ന് ആരംഭിച്ച വിലാപയാത്രയിൽ പതിനായിരങ്ങൾ പങ്കെടുത്തു.

റഈസിയുടെ ചിത്രങ്ങളും പതാകകളും തെരുവുകളിൽ നിറ‍ഞ്ഞു. റഈസിയുടെ ഒട്ടേറെ പ്രഭാഷണങ്ങൾക്കു വേദിയായ ആസാദി സ്ക്വയറിലേക്കു വിലാപയാത്ര എത്തിയപ്പോൾ പ്രമുഖരടക്കം നേതാവിനെ അവസാനമായി കാണാനെത്തി. ഇന്നു രാവിലെ ബിർജന്ദിൽ എത്തിക്കുന്ന മൃതദേഹം പുണ്യനഗരമായ മാഷ്ഹദിലെ ഇമാം റേസ പള്ളിയിൽ പ്രാർഥനാച്ചടങ്ങുകൾക്കു ശേഷം വൈകിട്ടു കബറടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ റഈസിക്ക് അന്ത്യോപചാരം അർപ്പിച്ചു. മഖ്ബേറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്ത്യയുടെ ദുഃഖം അറിയിച്ചു.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ചൈനീസ് ഉപപ്രധാനമന്ത്രി ഷാങ് ഗോചിങ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഇറാൻ നിർലോഭം പിന്തുണച്ച ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയും റഈസിക്കു വിടചൊല്ലാനെത്തി. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു ചുക്കാൻ പിടിച്ചവരിൽ പ്രധാനിയാണ് ഹനിയ. ഈജിപ്തിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സമേഹ് ഷുക്രി പങ്കെടുത്തു. വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയൻ അടക്കം 9 പേരാണ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്.

English Summary:

Tens of thousands at Iran president Ebrahim Raisi funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com