4 ബന്ദികളെ മോചിപ്പിച്ചു; ഇസ്രയേൽ ആക്രമണത്തിൽ 210 മരണം
Mail This Article
ജറുസലം ∙ മധ്യ ഗാസയിലെ അൽ നുസിറിയേത്തിൽ ഹമാസ് ബന്ദികളാക്കിയിരുന്ന 4 ഇസ്രയേലുകാരെ രക്തരൂഷിതമായ സൈനിക നടപടിയിലൂടെ ഇസ്രയേൽ മോചിപ്പിച്ചു. അഭയാർഥി ക്യാംപിൽ പാർപ്പിച്ചിരുന്ന ബന്ദികളെ മോചിപ്പിക്കാനുള്ള ദൗത്യത്തിനിടെ 210 പലസ്തീൻകാർ കൊല്ലപ്പെട്ടു. നാനൂറിലേറെ പേർക്കു പരുക്കേറ്റു. ഇസ്രയേലിന്റെ ഒരു സൈനികനും കൊല്ലപ്പെട്ടു.
കഴിഞ്ഞ ഒക്ടോബർ 7ന് ഹമാസ് നോവ സംഗീതോത്സവ വേദിയിൽനിന്ന് തട്ടിക്കൊണ്ടുപോയ നോവ അർഗമണി (25), മീർ ജാൻ (21), ആന്ദ്രെ കൊസ്‍ലോവ് (27), ശലോമി സിവ് (40) എന്നിവരെയാണ് മോചിപ്പിച്ചത്. നോവ അർഗമണിയെ മോട്ടർ ബൈക്കിനു പിന്നിലിരുത്തി കൊണ്ടുപോകുമ്പോൾ ‘കൊല്ലരുതേ’ എന്നു കരഞ്ഞ് അപേക്ഷിക്കുന്ന അവരുടെ വിഡിയോ പ്രചരിച്ചിരുന്നു.
ഒക്ടോബർ 7ന് ഹമാസ് ബന്ദികളാക്കിയ ഇരുന്നൂറ്റമ്പതോളം പേരിൽ നൂറോളം പേരെ വിട്ടയച്ചിരുന്നു. 40 പേരെങ്കിലും തടവിൽ മരിച്ചതായി കരുതുന്നു. മുഴുവൻ ബന്ദികളെയും മോചിപ്പിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ അറിയിച്ചു. തിരക്കേറിയ ജനവാസകേന്ദ്രത്തിലാണ് ബന്ദികളെ പാർപ്പിച്ചിരുന്നത്. ആകാശാക്രമണത്തിന്റെ പിന്തുണയോടെ ആയിരുന്നു പ്രത്യേകസേനയുടെ ഇന്നലത്തെ മോചനദൗത്യം. ജനത്തിരക്കേറിയ ചന്തയിലും സമീപത്തെ പള്ളിക്കു നേരെയും കനത്ത ബോംബാക്രമണമുണ്ടായി. പ്രദേശത്തുനിന്നു രക്ഷപ്പെടാൻ ശ്രമിച്ചവരെ നിഷ്കരുണം വധിച്ചതായി പറയുന്നു.
4 ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇസ്രയേൽ 94 പലസ്തീൻകാരെ കൂട്ടക്കൊല ചെയ്തതായി പലസ്തീൻ ആരോപിച്ചു. ഇനിയും ഒട്ടേറെപ്പേർ ബന്ദികളായി കസ്റ്റഡിയിലുണ്ടെന്നും വേണമെങ്കിൽ അവരുടെ എണ്ണം വർധിപ്പിക്കാൻ കഴിയുമെന്നതു മറക്കരുതെന്നും ഹമാസ് പ്രതികരിച്ചു. ഗാസയിൽ നിന്ന് 4 ബന്ദികളെ മോചിപ്പിച്ച ഇസ്രയേൽ നടപടിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്വാഗതം ചെയ്തു.