ബഹിരാകാശത്തുനിന്നുളള ഭൂമിയുടെ ആദ്യത്തെ കളർ ഫോട്ടോ; ‘ഭൗമോദയ’ ചിത്രമെടുത്ത വില്യം ആൻഡേഴ്സ് വിമാനാപകടത്തിൽ മരിച്ചു
Mail This Article
സിയാറ്റിൽ (യുഎസ്) ∙ ഭൂമിയുടെ ബഹിരാകാശചിത്രമെടുത്തു പ്രശസ്തനായ വില്യം ആൻഡേഴ്സ് വിമാനാപകടത്തിൽ മരിച്ചു. 1968ലെ നാസയുടെ അപ്പോളോ 8 ചാന്ദ്രദൗത്യത്തിലെ 3 ബഹിരാകാശസഞ്ചാരികളിലൊരാളായിരുന്ന ആൻഡേഴ്സ് തൊണ്ണൂറാം വയസ്സിൽ ഒറ്റയ്ക്കു ചെറുവിമാനം പറത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സിയാറ്റിലിനു വടക്കുള്ള സാൻ ഹ്വാൻ ദ്വീപസമൂഹമേഖലയിലാണ് വിമാനം തകർന്നുവീണത്.
ചന്ദ്രനെ ചുറ്റുന്ന അപ്പോളോ 8 പേടകത്തിലിരുന്നു നോക്കിയപ്പോൾ, നീലയും വെളുപ്പും നിറമെഴുതിയ പളുങ്കുഗോട്ടിയായി തെളിഞ്ഞുവന്ന ഭൂമിയുടെ ദൃശ്യമാണ് അതേ നിറക്കൂട്ടിൽ ആൻഡേഴ്സ് ക്യാമറയിൽ പകർത്തിയത്. ഗർത്തങ്ങൾ നിറഞ്ഞ ചന്ദ്രന്റെ പരുക്കൻ പ്രതലത്തിനപ്പുറം കണ്ണിനു കുളിർമയേകിയ ഭൂമിയുടെ ആ മനോഹരകാഴ്ച ഏറെ പ്രശസ്തമായി. ബഹിരാകാശത്തുനിന്നുളള ഭൂമിയുടെ ആദ്യത്തെ കളർ ഫോട്ടോയും ഇതാണ്. അപ്പോളോ 11 ദൗത്യത്തിലാണ് മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയത്.