ക്രൈമിയയിൽ അടക്കം യുക്രെയ്ൻ മിസൈൽ ആക്രമണം: 4 മരണം
Mail This Article
കീവ് ∙ യുക്രെയ്ൻ സൈന്യം നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 4 പേർ കൊല്ലപ്പെട്ടെന്ന് റഷ്യ അറിയിച്ചു. റഷ്യൻ അധിനിവേശ ക്രൈമിയയിലെ സേവസ്റ്റോപോൾ തുറമുഖനഗരത്തിൽ യുക്രെയ്ൻ നടത്തിയ മിസൈലാക്രമണത്തിൽ 2 കുട്ടികൾ അടക്കം 3 പേരാണു കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്കാണു പരുക്കേറ്റത്. യുഎസ് നിർമിത 5 മിസൈലുകളിൽ 4 എണ്ണം റഷ്യൻ സേന വെടിവച്ചിട്ടു. ഒരെണ്ണം അന്തരീക്ഷത്തിൽ പൊട്ടിച്ചിതറിയെന്നും അധികൃതർ വ്യക്തമാക്കി.
യുക്രെയ്ൻ അതിർത്തിയിലെ റഷ്യയുടെ ബെൽഗോറോഡ് മേഖലയിൽ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 3 പേർക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം യുക്രെയ്ൻ നഗരമായ ഹർകീവിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
റഷ്യയിൽ വെടിവയ്പ്: 6 പൊലീസുകാർ കൊല്ലപ്പെട്ടു
ഡിർബന്റ് ∙ തെക്കൻ റഷ്യയിലെ ദഗിസ്ഥാനിൽ ഓർത്തഡോക്സ് പള്ളിയിലും ജൂതപ്പള്ളിയിലും പൊലീസ് പോസ്റ്റിലും നടന്ന വെടിവയ്പുകളിൽ 6 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.12 പേർക്കു പരുക്കേറ്റു. ആക്രമണത്തിനു പിന്നാലെ പള്ളികളിൽ തീപടർന്നു. ദഗിസ്ഥാൻ തലസ്ഥാനമായ മഖച്‌കലയിലുള്ള പൊലീസ് പോസ്റ്റിനു നേരെയാണ് ആക്രമണമുണ്ടായത്. ഡിർബന്റ് പട്ടണത്തിലെ ഓർത്തഡോക്സ് പള്ളി യുനെസ്കോ പൈതൃകപദവിയുള്ളതാണ്. ജൂത വംശജർ ഏറെയുള്ള മേഖലയാണിത്.