ഇസ്രയേൽ ബോംബാക്രമണം; പലസ്തീൻ ഫുട്ബോൾ താരവും കുടുംബവും കൊല്ലപ്പെട്ടു
Mail This Article
ജറുസലം ∙ ഗാസ സിറ്റിയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ പലസ്തീൻ ഫുട്ബോൾ താരം അഹ്മദ് അബു അൽ അത്തയും (34) കുടുംബവും കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് ഇവരുടെ വീടിനുനേരെ ബോംബാക്രമണമുണ്ടായത്. അത്തയുടെ ഭാര്യ ഡോ. റൂബ ഇസ്മായിലും 2 മക്കളും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഗാസ മുനമ്പ് ടീമായ അൽ അഹ്‌ലി ഗാസയുടെ കളിക്കാരനാണ്. ഒൻപതാം മാസത്തിലെത്തിയ ഗാസയുദ്ധത്തിൽ ഇതുവരെ 300 കായികതാരങ്ങളും സ്പോർട്സ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി പലസ്തീൻ ഒളിംപിക് കമ്മിറ്റി അധ്യക്ഷൻ ജിബ്‌രീൽ റജൗബ് പറഞ്ഞു. ഗാസ സിറ്റിയിലെ യുഎൻ പലസ്തീൻ അഭയാർഥി ഏജൻസിയുടെ (യുഎൻആർഡബ്ല്യൂഎ) കേന്ദ്രത്തിലും ബോംബിട്ടതായി റിപ്പോർട്ടുണ്ട്.
യെമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ചെങ്കടലിൽ ചരക്കുകപ്പലിനു കേടുപാടുകൾ പറ്റി. ജീവനക്കാർ സുരക്ഷിതരാണ്. ചൈനയിലേക്കു പോകുകയായിരുന്നു കപ്പൽ.
പരുക്കേറ്റ പലസ്തീൻകാരനെ സൈനിക ജീപ്പിൽ കെട്ടിവച്ചു കൊണ്ടുപോയി
ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ പരുക്കേറ്റ പലസ്തീൻ യുവാവിനെ മിലിട്ടറി ജീപ്പിന്റെ മുകളിൽ കെട്ടിവച്ചുകൊണ്ടുപോകുന്നതിന്റെ വിഡിയോ പുറത്തുവന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജനിൻ സ്വദേശിയായ മുജാഹിദ് അസ്മിയെ ജീപ്പിൽ കെട്ടിവച്ചുകൊണ്ടുപോകുമ്പോൾ 2 ആംബുലൻസുകൾ കടന്നുപോകുന്നതും വിഡിയോയിൽ കാണാം. സൈന്യം ചട്ടം ലംഘിച്ചതായി ഇസ്രയേലും സ്ഥിരീകരിച്ചു.
∙ ഗാസയിലെ ഇസ്രയേൽ ആക്രമ ണങ്ങളിൽ ഇതുവരെ 37,598 പലസ്തീൻകാർ കൊല്ലപ്പെട്ടു. 86,032 പേർക്കു പരുക്കേറ്റു.