മാർക്ക് റുട്ടെ നാറ്റോ സെക്രട്ടറി ജനറൽ
Mail This Article
ആംസ്റ്റർഡാം ∙ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയുടെ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) അടുത്ത സെക്രട്ടറി ജനറലായി ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ ഒക്ടോബർ ഒന്നിനു സ്ഥാനമേൽക്കും. എതിർസ്ഥാനാർഥി റുമാനിയ പ്രസിഡന്റ് ക്ലൗസ് യൊഹാനിസ് കഴിഞ്ഞയാഴ്ച മത്സരത്തിൽനിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ചതോടെയാണ് മാർക്ക് റുട്ടെ പദവി ഉറപ്പിച്ചത്. നിലവിലെ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് (നോർവേ) 10 വർഷത്തിലേറെയായി ആ പദവി വഹിക്കുന്നു.
റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്നിനു ശക്തമായ പിന്തുണ നൽകുന്ന നാറ്റോയിൽ 32 അംഗരാജ്യങ്ങളാണുള്ളത്. കഴിഞ്ഞവർഷം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചയുടൻ പ്രബലരാജ്യങ്ങളായ യുഎസ്, ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നിവ മാർക്ക് റുട്ടെയ്ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.