ഇമ്രാന്റെ ജയിൽശിക്ഷ രാഷ്ട്രീയപ്രേരിതം: യുഎൻ സംഘം
Mail This Article
ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാനെ ജയിലിലടച്ചതിനു പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും യുഎൻ സംഘം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പു രംഗത്തു നിന്ന് ഇമ്രാനെ മാറ്റിനിർത്തുന്നതിനാണ് അദ്ദേഹത്തിനു ശിക്ഷ ലഭിച്ച തോഷഖാന, രാജ്യരഹസ്യ കേസുകളിൽ പ്രോസിക്യൂഷൻ ശ്രമിച്ചതെന്നു ജനീവയിൽ ചേർന്ന യുഎൻ വർക്കിങ് ഗ്രൂപ്പ് ഓൺ ആർബിറ്റററി ഡിറ്റൻഷൻ യോഗം വിലയിരുത്തി. നിയമനടപടിയിൽ ഒട്ടേറെ പൊരുത്തക്കേടുകളും ക്രമക്കേടുകളും കാണാനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിയമസാധുതയില്ലാത്ത ജയിൽശിക്ഷയിൽ നിന്ന് അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും യോഗം അഭ്യർഥിച്ചു.
ഇതേസമയം, അൽ ഖാദിർ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനായി ഭൂമാഫിയയിൽ നിന്നു പണം പറ്റിയെന്ന കേസിൽ ഇമ്രാന്റെ ഭാര്യ ബുഷ്റ ബീബിക്ക് റാവൽപിണ്ടി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇമ്രാനുമായുള്ള വിവാഹം നിയമപരമല്ലെന്ന കേസിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ അവർക്കു ജയിൽ വിടാനാവില്ല.