നേപ്പാളിൽ പുതിയ സഖ്യം; പ്രചണ്ഡ പുറത്തേക്ക്
Mail This Article
കഠ്മണ്ഡു ∙ നേപ്പാളിൽ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിനെ പുറത്താക്കാൻ നേപ്പാളി കോൺഗ്രസും കമ്യുണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ– യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റും (സിപിഎൻ– യുഎംഎൽ) ധാരണയായി.
പ്രചണ്ഡ സർക്കാരിലെ സിപിഎൻ– യുഎംഎൽ മന്ത്രിമാർ ഉടൻ രാജി നൽകും. നേപ്പാളി കോൺഗ്രസ് അധ്യക്ഷൻ ഷെർ ബഹാദൂർ ദുബെയും സിപിഎൻ– യുഎംഎൽ ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ കെ.പി.ശർമ ഒലിയും തമ്മിൽ തിങ്കളാഴ്ച അർധരാത്രി നടന്ന ചർച്ചയിലാണ് പുതിയ സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചത്. ഇപ്പോഴത്തെ പാർലമെന്റിന്റെ കാലാവധി തീരുന്നതു വരെ ഇരുവരും പ്രധാനമന്ത്രിസ്ഥാനം പങ്കിടും.
കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 3 വിശ്വാസവോട്ട് ജയിച്ച പ്രചണ്ഡ രാജിക്കു തയാറായിട്ടില്ല. കെ.പി.ശർമ ഒലിയെ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. 275 അംഗ പാർലമെന്റിൽ നേപ്പാളി കോൺഗ്രസിനും സിപിഎൻ–യുഎംഎലിനും കൂടി 167 അംഗങ്ങളുണ്ട്.