സംവാദത്തിനിടെ ഉറക്കംതൂങ്ങിയെന്ന് ബൈഡൻ; ജലദോഷമായിരുന്നെന്ന് വൈറ്റ് ഹൗസ്
Mail This Article
വാഷിങ്ടൻ ∙ നീണ്ട വിദേശയാത്രകളുടെ ക്ഷീണം മൂലം ഉറങ്ങിപ്പോകുന്ന നിലയിലായിരുന്നു ട്രംപുമായുള്ള ആദ്യ സംവാദത്തിനു വേദിയിൽ നിന്നതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (81) വെളിപ്പെടുത്തി. ‘യാത്രാക്ഷീണം കാരണം ഞാൻ തീരെ ഉന്മേഷവാനായിരുന്നില്ല. ഇത് ഒഴികഴിവു പറയുന്നതല്ല. ഒരു വിശദീകരണമാണ്’– ബൈഡൻ പറഞ്ഞു.
അതിനിടെ, അറ്റ്ലാന്റ സംവാദം പരാജയമായിരുന്നുവെന്നു വൈറ്റ് ഹൗസും സമ്മതിച്ചു. എന്നാൽ, കാര്യങ്ങൾ നേരെയാകുമെന്നും അടുത്ത 4 വർഷംകൂടി ഭരിക്കാൻ ബൈഡനു കഴിയുമെന്നും വൈറ്റ് ഹൗസിൽ മാധ്യമസമ്മേളനത്തിൽ പ്രസ് സെക്രട്ടറി കരീൻ ഷോൻ പീയ പറഞ്ഞു. ബൈഡനു ഓർമക്കുറവുണ്ടോ എന്നതടക്കം അദ്ദേഹത്തിന്റെ ശാരീരിക, മാനസികാരോഗ്യനിലയെപ്പറ്റി തുടരെ ചോദ്യങ്ങൾ ഉയർന്നു. സംവാദത്തിനെത്തുമ്പോൾ പ്രസിഡന്റിനു ജലദോഷമുണ്ടായിരുന്നുവെന്നു കരീൻ പറഞ്ഞു.
മത്സരത്തിൽനിന്ന് ബൈഡൻ പിന്മാറണമെന്നു ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ പരസ്യമായി പറയാൻ തുടങ്ങിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രസിഡന്റിന്റെ വിശ്വസ്തരായ ചില നേതാക്കളും ഉൾപ്പെടുന്നു. യുഎസ് ജനപ്രതിനിധി സഭയിലെ 25 ഡെമോക്രാറ്റ് അംഗങ്ങൾ ബൈഡനെ നേരിൽക്കണ്ട് പിന്മാറണമെന്ന് അഭ്യർഥിക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്.
പിന്മാറിയാൽ കമല ?
വാഷിങ്ടൻ ∙ പ്രസിഡന്റ് ജോ ബൈഡൻ മത്സരത്തിൽനിന്നു പിന്മാറുകയാണെങ്കിൽ പകരം സ്ഥാനാർഥിയാകാൻ ഏറ്റവും സാധ്യത വൈസ് പ്രസിഡന്റ് കമല ഹാരിസിനാണെന്ന് സൂചന. ഡെമോക്രാറ്റിക് പാർട്ടിയിലെ ഉന്നത സ്രോതസ്സുകളെ ആശ്രയിച്ചാണു റോയിട്ടേഴ്സ് റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേസമയം, ന്യൂയോർക്ക് ടൈംസ് അടക്കം അമേരിക്കൻ പത്രങ്ങൾ കമല ഹാരിസിനു താരതമ്യേന സാധ്യത കുറവാണെന്ന നിരീക്ഷണമാണു നടത്തുന്നത്. കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം, മിഷിഗൻ ഗവർണർ ഗ്രാചിൻ വെറ്റ്മർ, പെൻസിൽവേനിയ ഗവർണർ ജോഷ് ഷപിറോ എന്നിവരാണു സാധ്യതാപ്പട്ടികയിലുള്ള മറ്റു നേതാക്കൾ.