ADVERTISEMENT

പാരിസ് ∙ ലിബർട്ടി, ഇക്വാലിറ്റി, ഫ്രറ്റേണിറ്റി; സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഫ്രാൻസിന്റെ ഈ ആപ്തവാക്യം രാജ്യത്തെ യുവജനങ്ങൾ ഇപ്പോൾ ഫ്രഞ്ച് ഭാഷയിൽ ഏറ്റുചൊല്ലുന്നത് ചെറിയ മാറ്റത്തോടെയാണ്– ‘ലിബർത്തെ, ഇഗാലിത്തെ, എംബപെ!’ തിരഞ്ഞെടുപ്പിൽ മരീൻ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷത്തിന് കനത്ത തിരിച്ചടിയേറ്റതോടെയാണ് ഫ്രാൻസ് ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായ കിലിയൻ എംബപെയെ ജനങ്ങൾ ‘സാഹോദര്യത്തിന്റെ പ്രതീകമായി’ നെഞ്ചിലേറ്റുന്നത്.

രാജ്യത്തിന്റെ ഭാവി ഛിദ്രശക്തികൾക്കു വിട്ടു കൊടുക്കരുതെന്നും എല്ലാവരും വോട്ടവകാശം ബുദ്ധിപൂർവം വിനിയോഗിക്കണമെന്നും രണ്ടാം റൗണ്ട് വോട്ടിങ്ങിനു മുൻപ് എംബപെ ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സെലിബ്രിറ്റിയായ എംബപെയുടെ വാക്കുകൾ ജനങ്ങൾ ഏറ്റെടുത്തതിന്റെ ഫലം കൂടിയാണ് വലതു പക്ഷത്തിനേറ്റ തിരിച്ചടി എന്നാണ് വിലയിരുത്തൽ. 

പാരിസിന്റെ പ്രാന്തപ്രദേശമായ ബോണ്ടിയിൽ, കാമറൂൺ–അൽജീരിയൻ വംശജരായ ദമ്പതികളുടെ മകനായി പിറന്ന് ലോകോത്തര ഫുട്ബോളറായി വളർന്ന എംബപെ രാജ്യത്തെ ചെറുപ്പക്കാരു‌ടെയെല്ലാം റോൾ മോഡലാണ്. എംബപെയുടെ വാക്കുകളു‍ടെ സ്വാധീനം മുൻകൂട്ടിക്കണ്ട ലെ പെൻ വോട്ടിങ്ങിനു മുൻപു തന്നെ അതിനെതിരെ പ്രതികരിച്ചിരുന്നു.

 ‘കോടീശ്വരന്മാരായ കായികതാരങ്ങളും കലാപ്രവർത്തകരും ഫ്രഞ്ച് ജനതയെ വോ‌ട്ട് ചെയ്യാൻ പഠിപ്പിക്കേണ്ട’ എന്നായിരുന്നു പ്രതികരണം. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ‘ഗോളടിച്ചത്’ എംബപെ തന്നെ.

English Summary:

Kylian Mbappe also became a star in French politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com