യുക്രെയ്നിൽ വീണ്ടും ചോരപ്പുഴ, കുട്ടികളുടെ ആശുപത്രി അടക്കം തകർത്ത് റഷ്യ; 36 പേർ കൊല്ലപ്പെട്ടു
Mail This Article
കീവ് ∙ യുക്രെയ്നിൽ കുട്ടികളുടെ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലേക്ക് റഷ്യ നടത്തിയ ഭീകരമായ മിസൈൽ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. 154 പേർക്ക് പരുക്കേറ്റു. തലസ്ഥാനമായ കീവ് അടക്കം 5 നഗരങ്ങളെ ലക്ഷ്യമാക്കി നാൽപതോളം മിസൈലുകൾ ഉപയോഗിച്ചാണ് പകൽ സമയത്ത് റഷ്യ ആക്രമണം നടത്തിയത്. കീവിലെ കുട്ടികളുടെ ഏറ്റവും വലിയ ആശുപത്രിയിലാണ് ഒരു മിസൈൽ പതിച്ചത്.
താമസസ്ഥലങ്ങളും പൊതുസ്ഥാപനങ്ങളും തകർക്കാനാണ് റഷ്യ ശ്രമിച്ചതെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു. ഇത്തരം നീചമായ ആക്രമണത്തിനു മുന്നിൽ ലോകരാജ്യങ്ങൾ മൗനം പാലിക്കരുതെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. യുക്രെയ്നിലെ പ്രതിരോധ, സൈനിക താവളങ്ങളാണ് ലക്ഷ്യമിട്ടതെന്നും ആക്രമണം വിജയകരമായിരുന്നുവെന്നുമുള്ള റഷ്യയുടെ പ്രതികരണം ലോകത്തെ കബളിപ്പിക്കാനാണെന്നും സെലെൻസ്കി ആരോപിച്ചു.
യുഎസിലെ വാഷിങ്ടനിൽ 3 ദിവസത്തെ നാറ്റോ സമ്മേളനം ആരംഭിക്കുന്നതിന്റെ തലേന്നാണ് റഷ്യയുടെ ആക്രമണം. വിവിധ തരം ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ ആക്രമണത്തിന് ഉപയോഗിച്ചു. ഹൈപ്പർസോണിക് മിസൈലുകൾ പതിച്ച് പല സ്ഥലങ്ങളിലും സ്ഫോടനവും തീപിടിത്തവുമുണ്ടായി. ശബ്ദത്തേക്കാൾ പത്തിരട്ടി വേഗത്തിൽ പായുന്ന ഹൈപ്പർസോണിക് മിസൈലുകൾ പ്രതിരോധിക്കാനാവില്ല.
അതിനിടെ, തങ്ങളുടെ ബോംബർ വിമാനം റാഞ്ചാൻ യുക്രെയ്ൻ നടത്തിയ ശ്രമം പരാജയപ്പെടുത്തിയതായി റഷ്യൻ ചാരസംഘടനയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് പറഞ്ഞു. പണവും ഇറ്റാലിയൻ പൗരത്വവും വാഗ്ദാനം ചെയ്ത് പൈലറ്റിനെ വശത്താക്കാനാണ് ശ്രമിച്ചത്.