ADVERTISEMENT

ജറുസലം ∙ മധ്യഗാസയിലെ ദെയർ അൽ ബലാഹ് പട്ടണത്തിലും നുസുറത്ത് അഭയാർഥി ക്യാംപിലും ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണങ്ങളിൽ 6 കുട്ടികളും 3 സ്ത്രീകളുമടക്കം 20 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഡസൻകണക്കിനു പേർക്കു പരുക്കേറ്റു. ഗാസ സിറ്റിയിൽനിന്ന് പലസ്തീൻകാരോടു ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ഇസ്രയേൽ സൈന്യം, സിറ്റിയിലെ യുഎൻ പലസ്തീൻ അഭയാർഥി വിഭാഗം (യുഎൻആർഡബ്ല്യൂഎ) ഓഫിസിലും ബോംബിട്ടു.

തുടർച്ചയായ രണ്ടാം ദിവസവും മധ്യഗാസയിൽ കനത്ത ബോംബിങ്ങാണു നടന്നത്. വെടിനിർത്തൽ കരാറിനായുള്ള മധ്യസ്ഥ ചർച്ചകൾ ദോഹയിൽ പുരോഗമിക്കുന്നതിനിടെയാണു സുരക്ഷിതമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചുള്ള മേഖലകളിലും കനത്ത ആക്രമണം നടന്നത്. ഇതോടെ പലവട്ടം ഒഴിപ്പിക്കപ്പെട്ടു ക്യാംപുകളിൽ കഴിയുന്നവർ വീണ്ടും പലായനം തുടങ്ങി.

കഴിഞ്ഞ ദിവസം തെക്കൻ നഗരമായ ഖാൻ യൂനിസിനു സമീപം പലസ്തീൻ കുടുംബങ്ങളെ പാർപ്പിച്ചിട്ടുള്ള സ്കൂളിൽ ഇസ്രയേൽ ബോംബിട്ടതിനെത്തുടർന്ന് കുട്ടികളും സ്ത്രീകളുമടക്കം 31 പേരാണു കൊല്ലപ്പെട്ടത്. 50 ൽ ഏറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. സ്കൂൾ മുറ്റത്ത് കുട്ടികൾ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ സമീപം ബോംബ് വീഴുന്നതും കുട്ടികൾ ചിതറിയോടുന്നതുമായ വിഡിയോ അൽ ജസീറ ടിവി സംപ്രേഷണം ചെയ്തു.

ഈ ആഴ്ചയാണു ഗാസ സിറ്റിയിൽ വീണ്ടും ഇസ്രയേൽ ടാങ്കുകൾ പ്രവേശിച്ചതും ആക്രമണം കടുപ്പിച്ചതും. യുദ്ധത്തിന്റെ ആരംഭത്തിൽ ആദ്യം ടാങ്കുകൾ വളഞ്ഞത് ഗാസ സിറ്റിയായിരുന്നു. ഇവിടെ ഹമാസിനെ ഉന്മൂലനം ചെയ്തെന്ന് അവകാശപ്പെട്ട സൈന്യം പിൻവാങ്ങിയതുമാണ്. ഹമാസ് വീണ്ടും സംഘം ചേർന്നെന്നു പറഞ്ഞാണ് ഇപ്പോൾ ആക്രമണം പുനരാരംഭിച്ചത്.

അതേസമയം, ഇന്നലെ ദോഹയിൽ വീണ്ടും മധ്യസ്ഥ ചർച്ചകൾ സജീവമായി. കഴിഞ്ഞ ദിവസം സിഐഎ ഡയറക്ടർ വില്യം ബേൺസ് ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി കയ്റോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈജിപ്ത് ഇന്റലിജൻസ് മേധാവി അബ്ബാസ് കമാൽ ഇന്നലെ ദോഹയിലെത്തി.

അതിനിടെ, ജറുസലം ആസ്ഥാനമായ ഇസ്രയേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിൽ 85% ഇസ്രയേലികളും വെടിനിർത്തലിനെ അനുകൂലിച്ചു. 9 മാസത്തിനിടെ 60% ഹമാസുകാരെയും ഇല്ലായ്മ ചെയ്തെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യൊയാവ് ഗാലന്റ് അവകാശപ്പെട്ടു.

ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 38,295 പലസ്തീൻകാർ കൊല്ലപ്പെട്ടു. 88,241 പേർക്കു പരുക്കേറ്റു.

English Summary:

Israel intensified the attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com