ഇമ്രാനെ കോടതി വിട്ടയച്ചു; പിന്നാലെ വീണ്ടും അറസ്റ്റ്
Mail This Article
ഇസ്‌ലാമാബാദ് ∙ മതനിയമം ലംഘിച്ചു വിവാഹിതരായതിന്റെ പേരിൽ ഒരു വർഷമായി ജയിൽശിക്ഷ അനുഭവിക്കുന്ന പാക്ക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെയും (71) മൂന്നാം ഭാര്യ ബുഷ്റ ബീബിയെയും (49) കോടതി കുറ്റവിമുക്തരാക്കി. തടങ്കലിൽ വയ്ക്കാൻ മറ്റു കാരണങ്ങളില്ലെങ്കിൽ വിട്ടയയ്ക്കാൻ കോടതി നിർദേശിച്ചെങ്കിലും തൊട്ടുപിന്നാലെ പുതിയ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ സർക്കാർ ഉത്തരവിട്ടു.
ബുഷ്റ ബീബിയുടെ മുൻ ഭർത്താവ് ഖവാർ ഫരീദ് മനേക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുതിരഞ്ഞെടുപ്പു നടക്കുന്നതിന് 5 ദിവസം മുൻപ് കഴിഞ്ഞ ഫെബ്രുവരി 8ന് ഇമ്രാൻ ഖാനെ കോടതി ശിക്ഷിച്ചത്. ഇസ്‌ലാം നിയമപ്രകാരം വിവാഹമോചനമോ ഭർത്താവിന്റെ മരണമോ സംഭവിച്ചാൽ 4 മാസത്തിനു ശേഷമേ സ്ത്രീ പുനർവിവാഹം ചെയ്യാൻ പാടുള്ളൂ. ഇതു ലംഘിച്ചെന്നായിരുന്നു പരാതി.
വിദേശരാജ്യങ്ങളിൽനിന്നു ലഭിച്ച ഉപഹാരങ്ങൾ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട തോഷഖാന ഉൾപ്പെടെ മറ്റു കേസുകളിൽ വിട്ടയയ്ക്കപ്പെട്ട ഇമ്രാൻ ജയിലിൽ തുടരുന്നത് ഈ കേസിലെ ശിക്ഷയുടെ പേരിലായിരുന്നതിനാൽ, കോടതി നിർദേശിച്ചാലും മോചിപ്പിക്കില്ലെന്ന് സൂചനയുണ്ടായിരുന്നു. 2023 ൽ പാർട്ടി അനുയായികൾ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട 3 കേസുകളിൽപെടുത്തിയാണ് ഇപ്പോൾ അറസ്റ്റിന് ഉത്തരവിട്ടിരിക്കുന്നത്. ഇമ്രാൻ ഖാന്റെ പാർട്ടിക്ക് പാർലമെന്റിൽ സംവരണ സീറ്റിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു.