ഖാൻ യൂനിസിൽ കനത്ത ആക്രമണം: 50 പലസ്തീൻകാർ കൊല്ലപ്പെട്ടു
Mail This Article
ജറുസലം ∙ ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പു നൽകി മിനിറ്റുകൾക്കകം ഇസ്രയേൽ സൈന്യം തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ കനത്ത ആക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 50 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. സുരക്ഷിതമേഖലയെന്നു പറഞ്ഞിരുന്ന ബാനി സുഹൈല പട്ടണത്തിലടക്കം ഇസ്രയേൽ ടാങ്കുകൾ കനത്ത ഷെല്ലാക്രമണവും ബോംബിങ്ങുമാണു നടത്തിയത്.
സുരക്ഷിതമേഖലയെന്നു പറഞ്ഞിരുന്ന ഇവിടെ 4 ലക്ഷത്തോളം പലസ്തീൻകാരുണ്ട്. കുട്ടികളും സ്ത്രീകളുമടക്കം പതിനായിരങ്ങൾ കാൽനടയായി പൊരിവെയിലിൽ പലായനം തുടങ്ങി. തൊട്ടടുത്ത ദെയറൽ ബലാഹ് പട്ടണത്തിൽ ബോംബാക്രമണങ്ങളിൽ ഒരു മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 153 ആയി.
ഖാൻ യൂനിസിന്റെ കിഴക്കൻ മേഖലയിൽനിന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യത്തിനുനേരെ റോക്കറ്റാക്രമണമുണ്ടായിരുന്നു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 39,006 ആയി. പരുക്കേറ്റവർ 89,818. ഗാസയിലെ ബന്ദികളിൽ 2 പേർ കൂടി മരിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഗാസ അതിർത്തിയോടു ചേർന്ന് തെക്കൻ ഇസ്രയേലിൽ നെറ്റിവ് ഹാസര പട്ടണത്തിൽ ചെക് പോസ്റ്റിൽ കത്തിയാക്രമണത്തിനു ശ്രമിച്ച കനേഡിയൻ പൗരനെ സൈന്യം വെടിവച്ചുകൊന്നു.
അതേസമയം, വെടിനിർത്തൽ ചർച്ചയ്ക്ക് പ്രതിനിധികളെ വ്യാഴാഴ്ച അയയ്ക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കായി അദ്ദേഹം വാഷിങ്ടനിലേക്കു പുറപ്പെട്ടു.