ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മത്സരരംഗത്തുനിന്നു പിന്മാറുകയും പകരം സ്ഥാനാർഥിയാകാൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഡെമോക്രാറ്റിക് പാർട്ടിയിൽ പുത്തനുണർവെന്നു നേതാക്കൾ. യുഎസ് പാർലമെന്റായ കോൺഗ്രസിലെ ഡെമോക്രാറ്റ് അംഗങ്ങളും സംസ്ഥാന ഗവർണർമാരും ഏതാനും മണിക്കൂറിനകം തന്നെ കമലയ്ക്കു (59) പിന്തുണ പ്രഖ്യാപിച്ചു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള പ്രൈമറികളും കോക്കസുകളും ജയിച്ച് ആവശ്യമായ ഡെലിഗേറ്റുകളുടെ എണ്ണം തികച്ച ബൈഡനു പകരം കമലയ്ക്കു നാമനിർദേശം ലഭിക്കണമെങ്കിൽ ഇവരിൽ 1986 പേരെങ്കിലും തുണയ്ക്കണം. നിലവിൽ 531 പേരുടെ പിന്തുണയുണ്ടെന്ന് ‘ദ് ഹിൽ’ റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റ് 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവൻഷനു മുൻപ് ഡെലിഗേറ്റുകൾക്കിടയിൽ ഓൺലൈൻ വോട്ടെടുപ്പു നടത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്. സ്ഥാനാർഥിയായാൽ ഹിലറി ക്ലിന്റനു ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ വനിതയാകും. ജയിച്ചാൽ, യുഎസ് പ്രസിഡന്റ് ആകുന്ന ആദ്യ വനിതയും. ബൈഡനു പകരം സ്ഥാനാർഥിയാകാൻ സാധ്യത കൽപിക്കപ്പെട്ടിരുന്ന ജോ മാഞ്ചിൻ, ജോഷ് ഷാപിറോ, ഗാവിൻ ന്യൂസം തുടങ്ങിയവരെല്ലാം കമലയ്ക്കു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

അതേസമയം, മുൻ പ്രസിഡന്റ് ബറാക് ഒബാമ, ജനപ്രതിനിധി സഭയുടെ മുൻ സ്പീക്കർ നാൻസി പെലോസി തുടങ്ങിയവർ മൗനം തുടരുകയാണ്. ഒബാമയുടെ ഭാര്യ മിഷേൽ സ്ഥാനാർഥിയാകാനുള്ള സാധ്യത മാധ്യമങ്ങൾ തള്ളിക്കളയുന്നില്ല. കമലയുടെ സ്ഥാനാർഥി സാധ്യത തെളിഞ്ഞ് ഏതാനും മണിക്കൂറിനുള്ളിൽ 4.6 കോടി ഡോളർ സമാഹരിക്കാനായെന്ന് ഡെമോക്രാറ്റിക് ധനസമാഹരണ സംഘടനയായ ആക്ട്‌ബ്ലൂ അറിയിച്ചു.

ബൈഡൻ മാറി, ലോഗോ മാറി

വാഷിങ്ടൻ ∙ പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതോടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കമല ഹാരിസിന്റെ പേരു ചേർത്തു പുതിയ ലോഗോ തയാർ. ‘ലെറ്റ്സ് വിൻ ദിസ്’ (നമുക്കിതു ജയിക്കണം), ഹാരിസ് ഫോർ പ്രസിഡന്റ് (പ്രസിഡന്റാകാൻ ഹാരിസ്) എന്നെഴുതിയ പുതിയ ലോഗോയാണ് പുറത്തുവിട്ടത്.

വോട്ടെടുപ്പ് സുതാര്യമാകണം: ആർഎഫ്കെ ജൂനിയർ 

പ്രസിഡന്റ് സ്ഥാനാർഥിയായി പുതിയയാളെ കണ്ടെത്താനുള്ള ഡെമോക്രാറ്റിക് പാർട്ടി വോട്ടെടുപ്പിൽ സുതാര്യത വേണമെന്നു റോബർട്ട് എഫ്.കെന്നഡി ജൂനിയർ ആവശ്യപ്പെട്ടു. ഡെമോക്രാറ്റ് പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരരംഗത്തുള്ളയാളാണ് മുൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ സഹോദരൻ റോബർട്ട് കെന്നഡിയുടെ പുത്രനായ ആർഎഫ്കെ ജൂനിയർ. കമല തീർത്തും ജനപ്രീതിയില്ലാത്ത വൈസ് പ്രസിഡന്റാണെന്നും അവരെ നാമനിർദേശം ചെയ്യാൻ പാർട്ടിയിലെ ഉന്നതർ അനധികൃത മാർഗങ്ങൾ ഉപയോഗിച്ചേക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

English Summary:

Party leaders support for US presidential candidate Kamala Harris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com