പണ്ട് ട്രൂമാൻ, ജോൺസൺ; ബൈഡന്റെ പിന്മാറ്റത്തിന് പൂർവമാതൃകകൾ
Mail This Article
വാഷിങ്ടൻ ∙ യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോയ ശേഷം ഇത്രയും വൈകി പിന്മാറുന്ന ആദ്യത്തെ സ്ഥാനാർഥിയാണു ജോ ബൈഡൻ എങ്കിലും തുടക്കത്തിലേ കളംവിട്ട ഡെമോക്രാറ്റ് നേതാക്കൾ വേറെയുമുണ്ട്– ഹാരി എസ്. ട്രൂമാൻ, ലിൻഡൻ ബി. ജോൺസൺ. പാർട്ടിയിൽനിന്നു സമ്മർദമുണ്ടാകും മുൻപേ സ്വയം എടുത്ത തീരുമാനമായിരുന്നു ഇരുവരുടേതും.
പ്രസിഡന്റ് പദവി ഇനി ഏറ്റെടുക്കരുതെന്നായിരുന്നു ഇവരുടെ ഭാര്യമാരുടെയും താൽപര്യം. ജോ ബൈഡന്റെ കാര്യത്തിൽ, അദ്ദേഹം വീണ്ടും മത്സരിക്കണമെന്നും യോഗ്യരായ നേതാക്കൾ വേറെയില്ലെന്നും ആവർത്തിച്ചുകൊണ്ടിരുന്നത് അദ്ദേഹത്തിന്റെ ഭാര്യ ജിൽ ബൈഡനാണ്.
∙ ഹാരി എസ്. ട്രൂമാൻ (1952)
2 തവണ പ്രസിഡന്റായ ട്രൂമാൻ (അക്കാലത്ത് ടേം നിബന്ധനകളില്ലായിരുന്നു) മൂന്നാം തവണ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചത് 1952 മാർച്ചിൽ. കൊറിയ യുദ്ധം മൂലം ട്രൂമാന്റെ ജനസമ്മിതിയിൽ ഇടിവുണ്ടായതാണ് പിന്മാറാൻ പ്രേരിപ്പിച്ചത്. പകരം സ്ഥാനാർഥിയായ ഇലിനോയ് ഗവർണർ ആഡ്‌ലായ് സ്റ്റീവൻസൻ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡ്വൈറ്റ് ഡി. ഐസനോവറോടു തോറ്റു.
∙ ലിൻഡൻ ബി. ജോൺസൺ (1968)
വിയറ്റ്നാം യുദ്ധം മൂലം ജനപ്രീതി കുറഞ്ഞതാണ് ജോൺസന്റെ പിന്മാറ്റത്തിലേക്കു നയിച്ചത്. രണ്ടാം തവണ മത്സരിക്കാനില്ലെന്ന തീരുമാനം തികച്ചും നാടകീയമായി ജോൺസൺ വെളിപ്പെടുത്തിയത് 1968 മാർച്ചിൽ.
മാർച്ച് 31നു നടത്തിയ റേഡിയോ, ടെലിവിഷൻ പ്രസംഗത്തിൽ കൊറിയൻ യുദ്ധകാര്യത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങിയ ജോൺസൺ അവസാനിപ്പിക്കും മുൻപാണ് ഇനിയൊരു മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചു രാജ്യത്തെ ഞെട്ടിച്ചത്. ജോൺസണു പകരം സ്ഥാനാർഥിയായ വൈസ് പ്രസിഡന്റ് ഹ്യൂബർട് ഹംഫ്രി റിച്ചർഡ് നിക്സനോടു തോറ്റു.