ഇസ്രയേൽ ആക്രമണം: ഗാസയിൽ 121 പലസ്തീൻകാർ കൊല്ലപ്പെട്ടു
Mail This Article
ജറുസലം ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസ് സന്ദർശനം തുടരവേ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ ബോംബിങ്ങിലും പീരങ്കിയാക്രമണത്തിലും 24 കുട്ടികൾ അടക്കം 121 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഡസൻകണക്കിന് വീടുകൾ തകർന്നു. കഴിഞ്ഞ 2 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പലസ്തീൻകാരാണ് ഇവിടെനിന്നു പലായനം ചെയ്തത്. ഇസ്രയേൽ ടാങ്കുകൾ വളഞ്ഞ ഖാൻ യൂനിസിലെ ബാനി സുഹൈലയിൽ ആയിരക്കണക്കിനു പലസ്തീൻകാർ കുടുങ്ങിക്കിടക്കുന്നു. അതിനിടെ, യുഎസ് കോൺഗ്രസിൽ പ്രസംഗിക്കാനായി നെതന്യാഹുവിനെ ക്ഷണിച്ചതിനെതിരെ പലസ്തീനിൽ ശക്തമായ പ്രതിഷേധമുയർന്നു. യുഎസിലും പൗരാവകാശ സംഘടനങ്ങൾ നിരത്തിലിറങ്ങി.
യുഎസ് കോൺഗ്രസിലെ പ്രസംഗത്തിനുശേഷം ഇന്നു പ്രസിഡന്റ് ജോ ബൈഡനുമായി നെതന്യാഹു വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തും. ഡെമോക്രാറ്റുകളുടെ സ്ഥാനാർഥിയാകാൻ രംഗത്തുള്ള വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും കാണും. നാളെ ഫ്ലോറിഡയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപുമായും നെതന്യാഹു കൂടിക്കാഴ്ച നടത്തും.
ഗാസ വെടിനിർത്തലിനായി ഇന്നു ദോഹയിൽ നടക്കുന്ന ചർച്ചയിൽ ഈജിപ്ത്, യുഎസ്, ഇസ്രയേൽ പ്രതിനിധികൾ പങ്കെടുക്കും.
ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 39,145 പലസ്തീൻകാർ കൊല്ലപ്പെട്ടു. 90,257 പേർക്കു പരുക്കേറ്റു.