യുഎസ് പ്രസിഡന്റിനുള്ള പരിരക്ഷ പരിമിതപ്പെടുത്താൻ ബൈഡൻ; ഭരണഘടനാഭേദഗതിയുടെ ലക്ഷ്യം ട്രംപ്
Mail This Article
വാഷിങ്ടൻ ∙ പ്രസിഡന്റായിരുന്നു എന്ന പേരിൽ ഡോണൾഡ് ട്രംപിനെപ്പോലെയുള്ളവർ ക്രിമിനൽ കേസിൽ തടിയൂരുന്ന സാഹചര്യം ഒഴിവാക്കാൻ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിയമപരിഷ്ക്കാരത്തിന് ഒരുങ്ങുന്നു. 6 മാസം മാത്രം കാലാവധി ശേഷിക്കെയാണ് സുപ്രീം കോടതി ജഡ്ജിമാരുടെ ആജീവനാന്ത നിയമനം നിർത്തലാക്കാനും പ്രസിഡന്റിന്റെ നിയമ പരിരക്ഷയ്ക്കു നിയന്ത്രണമേർപ്പെടുത്താനുമുളള ഭരണഘടനാ ഭേദഗതിക്കായി ശ്രമിക്കുമെന്ന് ബൈഡൻ വ്യക്തമാക്കിയത്. വാഷിങ്ടൻ പോസ്റ്റ് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബൈഡൻ ഇതൊക്കെ വിശദീകരിച്ചു.
യുഎസ് കോൺഗ്രസിൽ നിയമം പാസ്സാകാനുള്ള സാധ്യത പക്ഷേ വിരളമാണ്. ഇത്തരമൊരു പരിഷ്ക്കാരത്തിന് കോൺഗ്രസിന്റെ ഇരു സഭകളിലും മൂന്നിൽ രണ്ട് അംഗങ്ങളുടെ അംഗീകാരം ലഭിക്കണം. അല്ലെങ്കിൽ, 50 ൽ 38 സംസ്ഥാനങ്ങളിലെ നിയമസഭകളിൽനിന്നുള്ള അംഗീകാരം വേണം.
പ്രസിഡന്റിന്റെ അധികാരപരിധിക്കുള്ളിൽനിന്നുകൊണ്ടുള്ള ട്രംപിന്റെ പ്രവൃത്തികളുടെ പേരിൽ പ്രോസിക്യൂഷൻ നടപടികൾ പാടില്ലെന്ന് സുപ്രീം കോടതി ഈയിടെ വിധിച്ചിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാൻ പ്രസിഡന്റിനുള്ള പരിരക്ഷയ്ക്കു പൊതുവിൽ നിയന്ത്രണം ഏർപ്പെടുത്താനാണു ബൈഡൻ ലക്ഷ്യമിടുന്നത്. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനെതിരെ ഡെമോക്രാറ്റ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പുള്ള ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രചാരണത്തിൽ ഇനി ഇതും ഇടം നേടിയേക്കാം.
ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ നിയമിച്ചവർ ഉൾപ്പെടെ സുപ്രീം കോടതിയിൽ നിലവിൽ യാഥാസ്ഥിതികരായ ജഡ്ജിമാർക്കാണു ഭൂരിപക്ഷം (6–3).
അധികാരത്തിലുള്ള പ്രസിഡന്റിന് 2 വർഷത്തിലൊരിക്കൽ ഒരു ജഡ്ജിയെ നിയമിക്കാമെന്നും പരമാവധി കാലാവധി 18 വർഷമായിരിക്കുമെന്നും വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതിയാണു ബൈഡൻ നിർദേശിക്കുന്നത്. പദവിയിലിരിക്കുമ്പോൾ പൊതുപ്രവർത്തനമരുത്, പാരിതോഷിക വിവരങ്ങൾ വെളിപ്പെടുത്തണം, വ്യക്തിപരമായി ബന്ധമുള്ള കേസുകളിൽനിന്നു വിട്ടുനിൽക്കണം എന്നിങ്ങനെ ജഡ്ജിമാർക്കുള്ള പെരുമാറ്റ മാർഗരേഖയും മുന്നോട്ടുവച്ചു. നിലവിലെ ജഡ്ജിമാരിൽ പലരും ഇത്തരം വിവാദങ്ങളിൽപ്പെട്ടിട്ടുള്ളവരാണ്.
യുഎസിൽ ഏറ്റവുമൊടുവിൽ ഭരണഘടനാ ഭേദഗതി വന്നത് 1992 ൽ ആയിരുന്നു. കോൺഗ്രസ് അംഗങ്ങളുടെ ശമ്പളവുമായി ബന്ധപ്പെട്ടതായിരുന്നു ആ ഭേദഗതി.