അഭയകേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം: ഗാസ സിറ്റിയിൽ 30 മരണം
Mail This Article
കയ്റോ ∙ വടക്കൻ ഗാസയിലെ ഗാസ സിറ്റിയിൽ അഭയാർഥികൾ കഴിഞ്ഞിരുന്ന 2 സ്കൂളുകൾക്കു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. അൽ നാസർ, ഹസൻ സലാമ സ്കൂളുകളിലാണ് ആക്രമണമുണ്ടായത്. മരിച്ചവരിൽ 80% പേരും കുട്ടികളാണ്. അൽ നാസർ സ്കൂളിന്റെ അവശിഷ്ടങ്ങൾക്കിടയിൽ 16 പേർ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.
മധ്യഗാസയിൽ അൽ അഖ്സ ആശുപത്രി പരിസരത്തെ ടെന്റുകൾക്കു നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്കു പരുക്കുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ 7ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 39,583 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 91,398 പേർക്കു പരുക്കേറ്റു.
ഇതിനിടെ, ഏദൻ കടലിടുക്കുവഴി പോകുകയായിരുന്ന ലൈബീരിയൻ ചരക്കുകപ്പലിനു നേരെ ഹൂതികളുടെ മിസൈലാക്രമണമുണ്ടായി. കപ്പലിനു ചെറിയ കേടുപാടു പറ്റി. ജീവനക്കാർ സുരക്ഷിതരാണ്. ചെങ്കടലിലെ ഹൂതി ആക്രമണങ്ങൾ രണ്ടാഴ്ചയായി നിലച്ചിരിക്കുകയായിരുന്നു.