ഒളിംപിക്സ് ചടങ്ങിലെ ‘ലാസ്റ്റ് സപ്പർ’ പാരഡി അനാദരമെന്ന് വത്തിക്കാൻ
Mail This Article
വത്തിക്കാൻ സിറ്റി ∙ പാരിസ് ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിലെ വിവാദമായ ‘ഒടുവിലത്തെ തിരുവത്താഴം’ അനുകരണത്തിന് വത്തിക്കാന്റെ വിമർശനം. ശനിയാഴ്ച വൈകിട്ടു പുറത്തിറക്കിയ പത്രക്കുറിപ്പിലാണു കഴിഞ്ഞ മാസം 26ന് അരങ്ങേറിയ സ്കിറ്റിനെ വത്തിക്കാൻ വിമർശിച്ചത്.
ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിലെ ചില ഭാഗങ്ങൾ വിഷമമുണ്ടാക്കി. മറ്റുള്ളവർക്ക് അനാദരമാകുന്നതിലേക്ക് ആശയാവിഷ്കാര സ്വാതന്ത്ര്യം അതിരുകടക്കരുത്. ലോകം ഒരുമിക്കുന്ന ഇത്തരം വേദികളിൽ ആരുടെയും മതവിശ്വാസങ്ങളെ പരോക്ഷമായിപ്പോലും പരിഹസിക്കാൻ പാടില്ല. ക്രിസ്ത്യാനികളുടെയും മറ്റു മതവിശ്വാസികളുടെയും വികാരം വ്രണപ്പെടുത്തുന്ന സമീപകാല സംഭവങ്ങൾക്കെതിരെയുള്ള പ്രതിഷേധശബ്ദങ്ങൾക്കൊപ്പം വത്തിക്കാനും ചേരുകയാണെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
സ്കിറ്റ് വിവാദമായതിനു പിന്നാലെ ഒളിംപിക്സ് അധികൃതർ മാപ്പുപറഞ്ഞിരുന്നു. ഡാവിഞ്ചിയുടെ ‘ദ് ലാസ്റ്റ് സപ്പർ’ പെയ്ന്റിങ് ആധാരമാക്കിയല്ല സ്കിറ്റ് തയാറാക്കിയതെന്നും ഒളിംപസ് പർവതത്തിലെ ദേവഗണങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു വിരുന്നാണ് പ്രചോദനമെന്നും പരിപാടിയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ പിന്നീടു വിശദീകരിച്ചു.