ADVERTISEMENT

ജറുസലം / ഗാസ / ദുബായ് ∙ കമാൻഡറുടെ വധത്തിനു പകരം വീട്ടാൻ ലെബനനിലെ ഹിസ്ബുല്ല തയാറെടുക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെ, വടക്കൻ ഇസ്രയേലി‍ലെ സൈനികകേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ അവർ നടത്തിയ ആക്രമണത്തിൽ 2 സൈനികർക്കു പരുക്കേറ്റു. തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ ഏതാനും മാസങ്ങളായി ഇസ്രയേൽ തുടരുന്ന ആക്രമണങ്ങൾ കൂടി കണക്കിലെടുത്താണ് ഹിസ്ബുല്ലയുടെ തിരിച്ചടി. ടെഹ്‌റാനിൽ ഹമാസ് നേതാവിനെ ഇസ്രയേൽ വധിച്ചതിനു പകരം വീട്ടാൻ ഇറാൻ ശ്രമിക്കുമെന്ന ആശങ്കയ്ക്കിടെയാണ് ഹിസ്ബുല്ലയുടെ ആക്രമണം.

എന്നാൽ, സംഘർഷം രൂക്ഷമാക്കാൻ താൽപര്യമില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് നാസർ കനാനി വ്യക്തമാക്കി. അരക്ഷിതാവസ്ഥ തുടരുന്നത് ഒഴിവാക്കാൻ ഇസ്രയേലിന് ശിക്ഷ നൽകേണ്ടത് ആവശ്യമാണെന്നും പറഞ്ഞു. ഇസ്രയേലിനു പിന്തുണ നൽകുന്നത് യുഎസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇറാന്റെ അഭ്യർഥനയെ തുടർന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്റെ അടിയന്തര യോഗം നാളെ നടക്കും. ഹമാസ് നേതാവ് ഹനിയയുടെ വധം ചർച്ച ചെയ്യാനാണു യോഗം വിളിച്ചത്. 

ഇതേസമയം, ഇറാന്റെ ആക്രമണമുണ്ടായാൽ നേരിടാൻ ഇസ്രയേലിൽ മുന്നൊരുക്കങ്ങളൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് യയ്ർ ലപീദ് ആരോപിച്ചു. 10 മാസമായി തുടരുന്ന ഗാസയിലെ യുദ്ധത്തിൽ ഇതുവരെ 39,623 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേർ കൊല്ലപ്പെട്ടെന്നും 71 പേർക്കു പരുക്കേറ്റെന്നും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഞായറാഴ്ചത്തെ ആക്രമണത്തിൽ ഗാസ ധനമന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദൽ ഫത്താ അൽസരിയയും അമ്മയും കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഹമാസിന്റെ ആയുധനിർമാണ വിഭാഗത്തിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ പ്രസ്താവനയിൽ പറയുന്നു. 

മൃതദേഹങ്ങൾ മറവു ചെയ്ത സ്ഥലങ്ങൾ ഇസ്രയേൽ സൈന്യം വീണ്ടും കുഴിക്കുന്നതായി തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നിവാസികൾ ആരോപിച്ചു. ഹമാസിന്റെ തുരങ്കങ്ങളുണ്ടെന്നു പറഞ്ഞാണ് ഇവിടെ കുഴിച്ചുനോക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ 84 പലസ്തീൻകാരുടെ മൃതദേഹങ്ങൾ ഇസ്രയേൽ സൈന്യം തിരികെ നൽകിയതായി ഗാസ അധികൃതർ അറിയിച്ചു. കരേം ശാലോം ക്രോസിങ്ങിലാണു കൈമാറിയത്. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

English Summary:

Hezbollah drone attack in northern Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com