കനത്ത ബോംബിങ്: ഗാസയിൽ മരണം 69; കൊല്ലപ്പെട്ടവരിൽ 9 കുട്ടികളടക്കം ഒരു കുടുംബത്തിലെ 18 പേരും
Mail This Article
ജറുസലം ∙ 2 ദിവസത്തിനിടെ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 69 പലസ്തീൻകാർ കൊല്ലപ്പെട്ടു. 136 പേർക്കു പരുക്കേറ്റു. ഇന്നലെ മധ്യഗാസയിലെ അൽ സവൈദയിൽ ബോംബാക്രമണത്തിൽ ഒരു കുടുംബത്തിലെ 9 കുട്ടികളും 4 സ്ത്രീകളുമടക്കം 18 പേർ കൊല്ലപ്പെട്ടു. എല്ലാവരും ഉറക്കത്തിലായിരിക്കെയാണ് അഭയാർഥികൂടാരത്തിൽ ആക്രമണമുണ്ടായത്.
-
Also Read
കർസ്കിൽ യുക്രെയ്നിനെ തുരത്താനാവാതെ റഷ്യ
സവൈദയ്ക്കുസമീപം മഗാസി ജില്ലയിലെ എല്ലാവരോടും ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതിനു പിന്നാലെ പതിനായിരങ്ങളുടെ പലായനം തുടങ്ങി. ഈ മേഖലയിൽനിന്നു സൈന്യത്തിനു നേർക്കു റോക്കറ്റാക്രമണമുണ്ടായെന്ന് ഇസ്രയേൽ പറഞ്ഞു.
വെള്ളിയാഴ്ച ഖാൻ യൂനിസിൽ സുരക്ഷിത കേന്ദ്രം എന്നു സൈന്യം അറിയിച്ചിരുന്ന 2 പ്രദേശങ്ങളിലും ഒഴിപ്പിക്കൽ മുന്നറിയിപ്പു നൽകിയിരുന്നു. 1,70,000 പലസ്തീൻകാർക്ക് ഇതോടെ പോകാനിടമില്ലാതായെന്ന് ഐക്യരാഷ്ട്ര സംഘടന ഏജൻസിയായ ഒസിഎച്ച്എ വ്യക്തമാക്കി. മധ്യഗാസയിലെ ദെയ്റർ അൽ ബലാഹിന്റെ കിഴക്കൻ മേഖലയിലേക്കും ഇസ്രയേൽ ടാങ്കുകൾ എത്തിയെന്നാണ് റിപ്പോർട്ട്. ഇവിടേക്കു സൈന്യമെത്തുന്നത് ആദ്യമാണ്.
തെക്കൻ ലബനനിൽ ജനവാസമേഖലയിൽ ഇസ്രയേൽ സൈന്യം നടത്തിയ മിസൈലാക്രമണത്തിൽ 2 കുട്ടികളടക്കം 10 സിറിയൻ പൗരന്മാരും കൊല്ലപ്പെട്ടു. 5 പേർക്കു പരുക്കേറ്റു. ഹിസ്ബുല്ലയുടെ ആയുധ ഡിപ്പോ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അതിനിടെ, ദോഹയിലെ ചർച്ച ഫലം കാണാത്ത സാഹചര്യത്തിൽ, അടുത്തയാഴ്ച കയ്റോയിൽ വീണ്ടും വെടിനിർത്തൽ ചർച്ചയ്ക്കു നീക്കം തുടങ്ങി. ഇരുപക്ഷവും തമ്മിലുള്ള ഭിന്നതകൾ കുറയ്ക്കുന്നതിനുള്ള ശുപാർശകൾ കൈമാറിയതായി മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും യു എസും അറിയിച്ചു.
∙ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 40,074 പലസ്തീൻകാർ കൊല്ലപ്പെട്ടു. 92,537 പേർക്കു പരുക്കേറ്റു.