ADVERTISEMENT

ജറുസലം ∙ കയ്റോയിൽ നടക്കുന്ന ചർച്ച വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള അവസാന അവസരമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. എന്നാൽ, ഗാസയിൽ ഇസ്രയേൽ തുടരുന്ന വ്യാപകമായ ആക്രമണങ്ങളും ഇസ്രയേലിൽ ചാവേർ ആക്രമണം പുനരാരംഭിക്കുകയാണെന്ന ഹമാസിന്റെയും ഇസ്‌ലാമിക് ജിഹാദിന്റെയും മുന്നറിയിപ്പും ഒത്തുതീർപ്പിനുളള സാധ്യത ഇല്ലാതാക്കുന്നു.

ഞായറാഴ്ച ടെൽ അവീവിലെ സിനഗോഗിനു സമീപമുണ്ടായ സ്ഫോടനത്തിൽ ചാവേർ കൊല്ലപ്പെടുകയും ഒരാൾക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. പിന്നിൽ തങ്ങളാണെന്ന് ഇസ്‌ലാമിക് ജിഹാദ് വെളിപ്പെടുത്തി. ഗാസ ആക്രമണം തുടരുന്നിടത്തോളം ചാവേർ ആക്രമണങ്ങൾ ആവർത്തിക്കുമെന്ന് ഹമാസും പ്രഖ്യാപിച്ചു. 

യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ കഴിഞ്ഞയാഴ്ച ദോഹയിൽ നടന്ന ചർച്ച ഫലം കാണാത്ത സാഹചര്യത്തിലാണ് ഈ ആഴ്ച കയ്റോയിൽ വീണ്ടും ചർച്ച. ഇന്നലെ രാവിലെ ഇസ്രയേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ്, പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരുമായി ബ്ലിങ്കൻ ചർച്ച നടത്തി.

‘ഇതു നിർണായക നിമിഷമാണ്. ബന്ദികളെ തിരിച്ചെത്തിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള ഏറ്റവും മികച്ച അവസരം, ഒരുപക്ഷേ അവസാനത്തേത്’– ബ്ലിങ്കൻ പറഞ്ഞു. ഹമാസിനെ ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രയേൽ നിലപാട്. താൽക്കാലിക വെടിനിർത്തൽ പോരാ, സ്ഥിരമായ വെടിനിർത്തൽ വേണമെന്നാണ് ഹമാസിന്റെ ആവശ്യം; ഈ രണ്ടു കാര്യങ്ങളാണു ചർച്ചയിലെ കീറാമുട്ടി. 

അതേസമയം, മധ്യഗാസയിലെ ദെയ്റൽ ബലാഹിലെ കൂടുതൽ മേഖലകളിലേക്ക് ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചു. മുൻപ് ആക്രമിക്കപ്പെടാതിരുന്ന മേഖലയാണിത്. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 40,139 പലസ്തീൻകാർ കൊല്ലപ്പെട്ടു. 92,743 പേർക്കു പരുക്കേറ്റു. 

English Summary:

Gaza discussion: Last chance says US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com