യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അഭിപ്രായ സർവേകളിൽ കമല മുന്നിൽത്തന്നെ
Mail This Article
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനു പകരം ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി എത്തിയതു മുതൽ അഭിപ്രായ സർവേകളിൽ കമല ഹാരിസിനുള്ള മുന്നേറ്റം മാറ്റമില്ലാതെ തുടരുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡോണൾഡ് ട്രംപ് ഏറെ പിന്നിലല്ലെങ്കിലും ദേശീയ, സംസ്ഥാന സർവേകളിലെല്ലാം മുന്നിട്ടുനിൽക്കുന്നതു കമലയാണെന്ന ആവേശത്തിലാണ് ഡെമോക്രാറ്റിക് പാർട്ടി. ഇന്നലെ ഷിക്കാഗോയിൽ ആരംഭിച്ച പാർട്ടി ദേശീയ കൺവൻഷനിലും ഇതിന്റെ പ്രതിഫലനമുണ്ട്.
-
Also Read
ഗാസ ചർച്ച: ഇത് അവസാന അവസരമെന്ന് യുഎസ്
അസോഷ്യേറ്റഡ് പ്രസ് (എപി), നാഷനൽ ഒപ്പീനിയൻ റിസർച് സെന്റർ (നോർക്) എന്നിവർ ചേർന്ന് 1,164 വോട്ടർമാർക്കിടയിൽ ഓഗസ്റ്റ് 8 മുതൽ 12 വരെ നടത്തിയ അഭിപ്രായവോട്ടെടുപ്പിലെ ഫലമനുസരിച്ച് കമലയ്ക്ക് 49% പിന്തുണയുണ്ട്. ട്രംപിന് 41%. പാർട്ടി അനുഭാവങ്ങളൊന്നുമില്ലാത്ത സ്വതന്ത്രവോട്ടർമാരിൽ 40% കമലയെ അനുകൂലിക്കുന്നു; 40% പേർ ട്രംപിനൊപ്പമുണ്ട്.
വെള്ളക്കാരായ പുരുഷന്മാരിൽ 10 ൽ 6 പേർക്കും കമലയെക്കുറിച്ച് മതിപ്പില്ല. എന്നാൽ, വെള്ളക്കാരായ, കോളജ് ബിരുദമുള്ള വനിതകളിൽ 10 ൽ 6 പേർക്കും നല്ല അഭിപ്രായമാണ്. പൊതുവെ നോക്കിയാൽ, വെള്ളക്കാരായ വനിതകളിൽ 49% പേർക്കു മാത്രമേ നല്ല അഭിപ്രായമുള്ളൂ. 46% വനിതകൾക്കും മതിപ്പില്ല. കറുത്തവർഗക്കാരായ വോട്ടർമാരുടെ പിന്തുണയും കമല നിലനിർത്തിയിട്ടുണ്ട്. എപി–നോർക് സർവേയിലെ പിശക് സാധ്യത 3.8% ആണ്.
ഡെമോക്രാറ്റിക് കൺവൻഷന് ജസിൻഡയും
ഷിക്കാഗോയിലെ ഡെമോക്രാറ്റിക് കൺവൻഷനിൽ ന്യൂസീലൻഡ് മുൻ പ്രധാനമന്ത്രി ജസിൻഡ ആർഡേനും പങ്കെടുക്കുന്നുണ്ട്. ന്യൂസീലൻഡിന്റെ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചതിനു ശേഷം ജസിൻഡ യുഎസിലെ ഹാർവഡ് സർവകലാശാലയിൽ ഫെലോഷിപ് നേടിയിരുന്നു.
ലേബർ പാർട്ടി നേതാവെന്ന നിലയിലെ സജീവരാഷ്ട്രീയം വിട്ട അവർ ഏർത്ത്ഷോട്ട് പ്രൈസ് ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം, ക്രൈസ്റ്റ്ചർച്ച് കോൾ ഫൗണ്ടേഷൻ പേട്രൻ തുടങ്ങിയ പദവികൾ വഹിക്കുന്നു. ഷിക്കാഗോയിൽ പ്രധാന പരിപാടി കൂടാതെ, സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ് ആക്‌ഷൻ ഫണ്ട് സംഘടിപ്പിക്കുന്ന പാനൽ ചർച്ചയിലും ജസിൻഡ പങ്കെടുക്കും.