മധ്യ ഗാസയിൽ രൂക്ഷ ആക്രമണം ; 22 പലസ്തീൻകാർ കൊല്ലപ്പെട്ടു
Mail This Article
ഗാസ ∙ മധ്യ ഗാസയിലെ ദെയ്റൽ ബലാഹിലും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലും ഇസ്രയേൽ ആക്രമണങ്ങളിൽ 22 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത് ലഹിയയിൽ ഒരു വീട്ടിൽ മാത്രം 11 പേർ കൊല്ലപ്പെട്ടു. അൽ മഗാസി ക്യാംപിൽ കുട്ടിയടക്കം 6 പേരും കൊല്ലപ്പെട്ടു. രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്ന ദെയ്റൽ ബലാഹിന്റെ കിഴക്കൻമേഖലയിൽനിന്നു പതിനായിരങ്ങളാണു പലായനം ചെയ്തത്.
-
Also Read
ചന്ദ്രനിലെ മണ്ണിൽനിന്ന് വെള്ളവുമായി ചൈന
ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നതു നിർത്തണമെന്നു സന്നദ്ധസംഘടനയായ സേവ് ദ് ചിൽഡ്രൻ യുകെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു കുടുംബത്തിലെ 6 കുട്ടികളും അമ്മയും കഴിഞ്ഞ ദിവസം ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് എടുത്തുപറഞ്ഞ സംഘടന ഈ അതിക്രമം കണ്ടുനിൽക്കാനാവില്ലെന്നും വ്യക്തമാക്കി. സേവ് ദ് ചിൽഡ്രൻ കണക്കുപ്രകാരം ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 16,500 കുട്ടികളാണു കൊല്ലപ്പെട്ടത്. ഗാസയിൽ ഇതുവരെ 40,265 പലസ്തീൻകാർ കൊല്ലപ്പെട്ടു. 93,144 പേർക്കു പരുക്കേറ്റു.
ഗാസ വെടിനിർത്തൽ ചർച്ചയിലെ ഭിന്നതകൾ നീക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു.
ദെയ്റൽ ബലാഹിൽ അഭയാർഥികളടക്കം 10 ലക്ഷം പലസ്തീൻകാരാണുള്ളത്. കിഴക്കൻ മേഖല വളഞ്ഞ ഇസ്രയേൽ ടാങ്കുകൾ പ്രധാനവഴികളും അടച്ചു. ടാങ്കുകളുടെ ഷെല്ലാക്രമണത്തിനു പുറമേ ഡ്രോൺ ആക്രമണവും ശക്തമാണ്. അധിനിവേശ വെസ്റ്റ്ബാങ്കിലെ തുൽകരീമിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. സൈന്യം ഒട്ടേറെ പലസ്തീൻ വീടുകൾക്കു തീയിട്ടതായും റിപ്പോർട്ടുണ്ട്.
ചെങ്കടലിൽ യെമൻ തീരത്തു ഹൂതികളുടെ റോക്കറ്റാക്രമണത്തിൽ തീപിടിച്ച എണ്ണക്കപ്പലിൽനിന്ന് 29 നാവികരെ ഫ്രഞ്ച് യുദ്ധക്കപ്പൽ രക്ഷിച്ചു. ബോട്ടുകളിൽ എത്തിയ സംഘമാണു കപ്പൽ ആക്രമിച്ചത്. ഇയു നാവികരക്ഷാസേന ഇടപെട്ടു ഗ്രീസിന്റെ പതാകയുള്ള എണ്ണക്കപ്പൽ ജിബൂട്ടിയിലേക്കു കൊണ്ടുപോയി.