ബലൂചിസ്ഥാനിൽ ഭീകരാക്രമണ പരമ്പര; മരണം 60 കടന്നു
Mail This Article
ക്വറ്റ (ബലൂചിസ്ഥാൻ) ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകരാക്രമണ പരമ്പരയിൽ അറുപതിലേറെ പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 21 ഭീകരരും 14 സൈനികരും 23 വാഹനയാത്രക്കാരും ഉൾപ്പെടുന്നു.
-
Also Read
കയ്റോ ചർച്ച പരാജയം; ഗാസയിൽ 11 മരണം കൂടി
ഞായറാഴ്ച രാത്രിയിലും ഇന്നലെ രാവിലെയുമായിരുന്നു ആക്രമണങ്ങൾ. പഞ്ചാബ് പ്രവിശ്യയിൽ നിന്നു വന്ന വാഹനങ്ങൾ ദേശീയപാതയിൽ തടഞ്ഞ്, യാത്രക്കാരുടെ രേഖകൾ പരിശോധിച്ച ശേഷം പഞ്ചാബികളെ വെടിവയ്ക്കുകയായിരുന്നു. പൊലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളും ആക്രമണം നടന്നു. ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
പാലങ്ങൾ തകർത്തതോടെ പ്രവിശ്യയിലേക്കുള്ള ഗതാഗതം നിലച്ചു. അയൽരാജ്യമായ ഇറാനിലേക്കടക്കമുള്ള റെയിൽവേ സംവിധാനം താറുമാറായി. 35 വാഹനങ്ങൾ അക്രമികൾ തീയിട്ടു നശിപ്പിച്ചു. ബലൂച് ഗോത്രനേതാവ് നവാബ് അക്ബർ ഖാൻ ബുട്ടി പാക്ക് സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിലാണ് ആക്രമണം.
ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദർ തുറമുഖത്തിന് പുറമേ സ്വർണഖനനവുമുള്ള പ്രദേശമാണ് ബലൂചിസ്ഥാൻ. ചൈനീസ് സേനാ ജനറൽ ലി കിമിങും പാക്ക് സൈനികമേധാവി അസിം മുനീറും വിഷയം ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തി. സംഭവത്തെ പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷഹബാസ് ഷരീഫും അപലപിച്ചു.
ബലൂച് മേഖലയിൽ ഇത്തരം ആക്രമണങ്ങൾ പതിവാണ്. കഴിഞ്ഞ വർഷം മാത്രം നടന്ന 170 ഭീകരാക്രമണങ്ങളിൽ 151 തദ്ദേശീയരും 114 സുരക്ഷാജീവനക്കാരും കൊല്ലപ്പെട്ടെന്നാണ് കണക്ക്.