ജർമനിയിലെ ആക്രമണം: കുറ്റം സമ്മതിച്ച് സിറിയൻ അഭയാർഥി
Mail This Article
ഫ്രാങ്ക്ഫർട്ട് ∙ പടിഞ്ഞാറൻ ജർമനിയിലെ സുലിങ്ങൻ നഗരത്തിൽ സംഗീത പരിപാടിക്കിടെ 3 പേരുടെ മരണത്തിനും 8 പേരുടെ പരുക്കിനും ഇടയാക്കിയ കത്തിയാക്രമണം നടത്തിയത് സിറിയയിൽ നിന്നുള്ള ഇരുപത്താറുകാരനായ അഭയാർഥി ആണെന്ന് ഡസൽഡോർഫ് പൊലീസ് അറിയിച്ചു. ഇയാൾ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. സുലിങ്ങൻ നഗരത്തിന്റെ 650–ാം വാർഷികാഘോഷത്തിനിടെ ഫ്രോൺഹോഫിലെ ചത്വരത്തിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്ന ലൈവ് ബാൻഡ് സംഗീത പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരസംഘടന, ഗാസയിലെ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ആക്രമണമെന്ന് അവകാശപ്പെട്ടിരുന്നു.
സിറിയൻ അഭയാർഥികളുടെ ക്യാംപിൽ നിന്നാണ് അക്രമിയെത്തിയത്. 2022ൽ ആണ് ഇയാൾ ജർമനിയിലെത്തിയതെന്നാണ് വിവരം. തീവ്ര വലതു പക്ഷത്തിന് സ്വാധീനമുള്ള തുറുഞ്ചിയ, സാക്സണി, ബ്രാൻഡൻബുർഗ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത മാസം തിരഞ്ഞെടുപ്പു നടക്കാനിരിക്കെ നടന്ന ആക്രമണം രാഷ്ട്രീയ വിവാദത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.